mobile

തിരുവനന്തപുരം : ബസിൽ യാത്ര ചെയ്യവേ അമ്മയുടെ വീഡിയോ യുവാവ് പകർത്തുന്നത് കണ്ട മകളുടെ ഇടപെടലിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കല്ലമ്പലത്ത് വച്ചാണ് ബസ് യാത്രക്കാരിയായ വീട്ടമ്മയുടെ ദൃശ്യം പകർത്തിയതിന് വയനാട് സ്വദേശി വിനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ഭാഗത്തേയ്ക്ക് പോയ ബസിലെ സ്ത്രീകളുടെ ദൃശ്യമാണ് ഇയാൾ പകർത്തിയത്. അമ്മയുടെ ചിത്രം അടുത്ത സീറ്റിലിരിക്കുന്ന യുവാവ് പകർത്തുന്നത് ശ്രദ്ധയിൽപെട്ട മകൾ ചോദ്യം ചെയ്യുകയും സഹയാത്രികരുടെ സഹായത്തോടെ ഫോൺ പിടിച്ചെടുത്ത് പരിശോധിക്കുകയുമായിരുന്നു. വിനൂപിന്റെ ഫോൺ പരിശോധിച്ച നാട്ടുകാർക്ക് കാണാനായത് നിരവധി സ്ത്രീകളുടെ ഫോട്ടോയും വീഡിയോയുമാണ്. മത്സ്യക്കച്ചവടക്കാരായ സ്ത്രീകളുടെ ചിത്രങ്ങളും ഇതിലുണ്ടായിരുന്നു. ഇതു കൂടാതെ ബസിൽ യാത്ര ചെയ്യുന്ന നിരവധി യുവതികളുടെ ഫോട്ടോകൾ ഇയാളുടെ ഫോണിൽ നിന്നും കണ്ടെടുത്തു. ഇതിനെ തുടർന്ന് ബസ് ജീവനക്കാരുടെ സഹായത്തോടെ വിനൂപിനെ യാത്രക്കാർ കല്ലമ്പലം പൊലീസിന് കൈമാറുകയായിരുന്നു. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.