rahul-

ന്യൂഡൽഹി: കാശ്മീർ സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുമുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു. ഇവരെക്കൂടാതെ ഗുലാം നബി ആസാദ്, ഡി.രാജ, ശരത് യാദവ്, മനോജ് ഝാ, മജീദ് മേമൻ തുടങ്ങി 11 നേതാക്കളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കോൺഗ്രസ്, സി.പി.എം, സി.പി.ഐ, രാഷ്ട്രീയ ജനതാദൾ, നാഷണൽ കോൺഗ്രസ് പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ എന്നീ പാർട്ടികളുടെ നേതാക്കളാണിവർ.

നേതാക്കളുടെ സന്ദർശനം ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുമെന്നാണ് തിരിച്ചയച്ചതിനെപ്പറ്റി സർക്കാരിന്റെ വിശദീകരണം. “ജമ്മു കാശ്മീരിലെ ജനങ്ങളെ അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തിൽ നിന്നും ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ, പ്രതിപക്ഷ നേതാക്കളുടെ സന്ദർശനം ബുദ്ധിമുട്ട് സൃഷ്ടിക്കും” – എന്നാണ് ജമ്മു കാശ്മീർ സർക്കാരിന്റെ വാർത്താ വിതരണ വകുപ്പ് ട്വിറ്ററിൽ അറിയിച്ചത്. ഗുലാം നബി ആസാദ്, യച്ചൂരി, ഡി. രാജ എന്നിവർ നേരത്തെ ശ്രീനഗറിൽ എത്തിയിരുന്നെങ്കിലും അന്നും സർക്കാർ ഇടപെട്ട് ഇവരെ തിരിച്ചയക്കുകയായിരുന്നു.

ആഗസ്റ്റ് 5നാണ് ജമ്മുകാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കി പ്രദേശത്ത് കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

കാശ്മീരിലെ സ്ഥിതിഗതികൾ ശാന്തമാണെങ്കിൽ പിന്നെ അവിടം സന്ദർശിക്കുന്നതിൽ നിന്ന് തടയുന്നതെന്തിനാണെന്ന് ഗുലാം നബി ആസാദ് ചോദിച്ചു. ഇരുപത് ദിവസമായി രാഷ്ട്രീയ നേതാക്കളെ കുറിച്ച് ഒരു വിവരവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

 രാഹുൽ രാഷ്ട്രീയം കളിച്ചെന്ന് ഗവർണർ

കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെയും പ്രതിപക്ഷസംഘത്തിന്റെയും കാശ്മീർ സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയം മാത്രമാണെന്ന് ജമ്മുകാശ്മീർ ഗവർണർ സത്യപാല്‍ മാലിക്ക്. ''നല്ലതുമാത്രം ഉദ്ദേശിച്ചാണ് രാഹുൽ ഗാന്ധിയെ കാശ്മീരിലേക്ക് ക്ഷണിച്ചതെങ്കിലും അദ്ദേഹം രാഷ്ട്രീയം കളിച്ചു. ഈ സമയത്ത് രാഷ്ട്രീയപാർട്ടികൾ രാജ്യതാത്പര്യത്തിനൊപ്പം നിൽക്കണം. ഇപ്പോൾ രാഹുൽഗാന്ധിക്ക് കാശ്മീർ സന്ദർശിക്കേണ്ട ആവശ്യമില്ല. കാശ്മീരിലെ സാഹചര്യങ്ങൾ വഷളാകണമെന്നാണ് ഉള്ളതെങ്കിൽ അദ്ദേഹത്തിന് ഇവിടെ ഡൽഹിയിൽ പറഞ്ഞ കള്ളങ്ങൾ ആവർത്തിക്കാം. പക്ഷേ, അതൊന്നും നല്ലതല്ല" ഗവർണർ കുറ്റപ്പെടുത്തി.