മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ സമുന്നത നേതാവുമായ ശ്രീ .അരുൺ ജയ്റ്റ്ലിയുടെ വേർപാടിലൂടെ രാജ്യത്തിന് പ്രഗത്ഭനായ ഒരു പാർലമെന്റേറിയനേയും പ്രായോഗിക രാഷ്ട്രീയത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഒരു നേതാവിനെയുമാണ് നഷ്ടമാകുന്നത്.പ്രതിഭാവിലാസം പ്രകടമാക്കിയ അഭിഭാഷകനും ദീർഘദർശിയായ രാഷ്ട്രീയനേതാവും ഭരണനൈപുണ്യം പ്രതിഫലിപ്പിച്ച മന്ത്രിയും സർവ്വോപരി മനുഷ്യസ്നേഹിയുമായിരുന്നു അദ്ദേഹം.
കക്ഷി രാഷ്ട്രീയത്തിന്റെ ഇടുങ്ങിയ ചിന്തകൾക്കതീതമായി ഉയർന്ന് എതിർ രാഷ്ട്രീയ ചേരിയിലുള്ളവരുടെ പോലും ആദരവ് നേടിയെടുത്ത തിളക്കമാർന്ന പ്രതിച്ഛായയായിരുന്നു അദ്ദേഹത്തിന്റേത്.അടുത്തിടെ വിടപറഞ്ഞ സുഷമാസ്വരാജിനെ പോലെ ബി.ജെപിയുടെ പ്രസന്നമായ മുഖങ്ങളിലൊന്നായിരുന്നു ജയ്റ്റ്ലിയും .ഒരു മാസത്തിൽത്തന്നെ വിലപ്പെട്ട രണ്ട് നേതാക്കളെയാണ് ബി.ജെ.പിക്ക് നഷ്ടമായിരിക്കുന്നത്.കഴിഞ്ഞ ഏതാനും വർഷങ്ങളായി അനാരോഗ്യം വല്ലാതെ അലട്ടിയിരുന്നെങ്കിലും അതൊന്നും തെല്ലും വകവയ്ക്കാതെ കർമ്മനിരതനായിരുന്നു ജയ്റ്റ്ലി.ചികിത്സയിലൂടെ പലപ്പോഴും ആരോഗ്യം വീണ്ടെടുത്തെങ്കിലും രോഗങ്ങൾ ഒന്നൊന്നായി പിടിമുറുക്കുകയായിരുന്നു.ഇനിയും എത്രയോ സംഭാവനകൾ അദ്ദേഹത്തിൽ നിന്ന് രാജ്യത്തിന് ലഭിക്കാൻ ബാക്കിനിൽക്കേയാണ് 66-ാം വയസ്സിലെ ഈ വിയോഗം.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് ജയ്റ്റ്ലി രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.ഡൽഹി സർവകലാശാലയിൽ എ.ബി.വി.പിയുടെ നേതാവും യൂണിയൻ ചെയർമാനുമായ ജയ്റ്റ്ലി അതിവേഗം തന്നെ സംഘടനയുടെ അദ്ധ്യക്ഷനായി.അടിയന്തരാവസ്ഥയെ എതിർത്ത് ജയിലിലുമായി.
പ്രഗത്ഭനായ നിയമജ്ഞനായിരുന്ന അച്ഛന്റെ പാത സ്വീകരിച്ച് അഭിഭാഷകവൃത്തി തിരഞ്ഞെടുത്ത ജയ്റ്റ്ലി സുപ്രീംകോടതിയിൽ മണിക്കൂർ കണക്കിൽ പ്രതിഫലം പറ്റുന്ന തിരക്കുള്ള അഭിഭാഷകനായി ഉയർന്നു.മുപ്പത്തിയേഴാം വയസിൽ അഡീഷണൽ സോളിസിറ്റർ ജനറലായി .രാജീവ്ഗാന്ധിയുടെ രാഷ്ട്രീയ പരാജയത്തിന് വഴിതെളിച്ച ബോഫേഴ്സ് കേസിന്റെ അന്വേഷണത്തിനാവശ്യമായ രേഖകൾ സമ്പാദിക്കുന്നതിൽ ജയ്റ്റ്ലി വഹിച്ച പങ്ക് നിർണായകമായിരുന്നു.
എ.ബി.വാജ്പേയിയും എൽ.കെ.അദ്വാനിയും നയിച്ച ബി.ജെ.പിയിലേക്ക് താമസിയാതെതന്നെ ജയ്റ്റ്ലിയും ആകർഷിക്കപ്പെട്ടു. കുറിക്കുകൊള്ളുന്ന വാദമുഖങ്ങളിലൂടെ നിയമവൃത്തങ്ങളിൽ ജയ്റ്റ്ലി നേടിയെടുത്ത വൈദഗ്ധ്യം വലിയരീതിയിൽ ചർച്ചചെയ്യപ്പെട്ട കാലമായിരുന്നു അത്.അധികം വൈകാതെ ബി.ജെ.പി ദേശീയ നിർവാഹകസമിതിയിലെത്തിയ ജയ്റ്റ്ലിയുടെ പിന്നീടിങ്ങോട്ടുള്ള വളർച്ച കഴിവിനുള്ള അംഗീകാരമായിരുന്നുവെന്ന് സിസ്സംശയം പറയാം.രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി പ്രവർത്തിക്കവെ ജയ്റ്റ്ലിയുടെ പ്രസംഗങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.ക്രിക്കറ്റ് കമ്പക്കാരനായ ജയ്റ്ലി ബി.സിസി.ഐയുടെ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്.
വാജ്പേയി മന്ത്രിസഭയിലും മോദി മന്ത്രിസഭയിലുമായി വാർത്താവിതരണ പ്രക്ഷേപണം,ഓഹരി വിറ്റഴിക്കൽ,കമ്പനികാര്യം,വാണിജ്യം,വ്യവസായം, പ്രതിരോധം ധനകാര്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്ത ജയ്റ്റ്ലി എല്ലാ രംഗത്തും കരുത്തനായ മന്ത്രിയായി തിളങ്ങി.
പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നരേന്ദ്രമോദിയുടെ വളർച്ചയിൽ ഒപ്പംനിന്നു പിന്തുണച്ച നേതാവായിരുന്നു ജയ്റ്റ്ലി.പാർട്ടിക്കുള്ളിൽ മോദിക്കെതിരെ ഉയർന്നിരുന്ന രാഷ്ട്രീയ നീക്കങ്ങളെ ചെറുത്തു പരാജയപ്പെടുത്തുന്നതിൽ തന്ത്രപരമായ പങ്കാണ് അദ്ദേഹം വഹിച്ചത്.2014 ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ പഞ്ചാബിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ട ജയ്റ്റ്ലിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മോദിക്ക് രണ്ടുവട്ടം ആലോചിക്കേണ്ടതുണ്ടായിരുന്നില്ല. രാഷ്ട്രീയ ചാണക്യനായ ജയ്റ്റ്ലിയുടെ മികവ് മറ്റാരേക്കാളും നന്നായി മോദിക്ക് അറിയാമായിരുന്നു.മോദിയും ജയ്റ്റ്ലിയും അമിത്ഷായുമടങ്ങുന്ന കൂട്ടുകെട്ട് ആ മന്ത്രിസഭയുടെ ശക്തികേന്ദ്രമായി മാറിയത് ചരിത്രം.ജി.എസ്.ടി നടപ്പിലാക്കുന്നതിലും നോട്ടുനിരോധനത്തിലും മോദിയുടെ നയങ്ങൾ ഫലപ്രദമായി ആവിഷ്ക്കരിക്കാൻ ജയ്റ്റ്ലി മുൻകൈയ്യെടുത്തു.ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ആശയത്തോടെയുള്ള ജൻധൻ യോജന ജയ്റ്റ്ലിയുടെ ബുദ്ധിയിലുയർന്ന പദ്ധതിയായിരുന്നു.
കോർപ്പറേറ്റുകളേയും മാധ്യമങ്ങളേയും പാർട്ടിയുമായി ഇണക്കി നിറുത്തുന്നതിൽ ജയ്റ്റ്ലി വഹിച്ച പങ്ക് നിസ്തുലമായിരുന്നു.മാധ്യമ പ്രവർത്തകരെ ഒരിക്കലും അദ്ദേഹം അകറ്റി നിറുത്തിയില്ല.രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസങ്ങൾ പുലർത്തുമ്പോഴും എതിർ കക്ഷികളിലെ നേതാക്കൻമാരുമായി അദ്ദേഹം ഉറ്റ ചങ്ങാത്തം പുലർത്തിയിരുന്നു.
ആരോഗ്യം വഷളായതിനെത്തുടർന്ന് രണ്ടാം മോദി മന്ത്രിസഭയിൽ അംഗമാകാൻ ജയ്റ്റ്ലി തയ്യാറായിരുന്നില്ല.പ്രധാനമന്ത്രി ക്ഷണിച്ചെങ്കിലും സ്നേഹപൂർവ്വം അദ്ദേഹമത് നിരസിക്കുകയായിരുന്നു.രോഗമുക്തനാകുമ്പോൾ മന്ത്രിസഭയിലേക്ക് ജയ്റ്റ്ലി വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും പൂർണ്ണാരോഗ്യത്തിലേക്ക് മടങ്ങിവരാൻ വിധി ജയ്റ്റ്ലിക്ക് അവസരം നൽകിയില്ല.ജയ്റ്റ്ലിയുടെ നിര്യാണത്തിലൂടെ സർവാദരണീയനായ ഒരു രാഷ്ട്രീയ നേതാവാണ് വിടപറയുന്നത്.