സവിശേഷമാർന്ന വഴിപാടുകളാൽ നാടൊക്ക് പ്രശസ്തമാണ് തൃശൂർ ജില്ലയിലെ മുള്ളൂർക്കരയിലെ ഇരുന്നിലം കോട് ക്ഷേത്രം. പാറക്കെട്ടുകളാൽ നിറഞ്ഞ ഈ സ്ഥലത്തിന് മുകളിലേക്ക് എത്തിച്ചേരുന്നതിന് ഒരു ഒറ്റയടി പാതയാണുള്ളത്. മലയുടെ മുകളിലായി ചെറിയ ഉരുളൻ കല്ലുകൾ ചേർത്ത് അടുക്കിപ്പൊക്കിയ ദേവസ്ഥാനങ്ങളിവിടെയുണ്ട്. പ്രാക്തന മഹർഷീശ്വരൻമാർ ആരാധിച്ചിരുന്ന മൂർത്തികളാണ് ഇവിടെ വസിക്കുന്നത് എന്നാണ് വിശ്വാസം. ശിവൻ,മുരുകൻ,ഗണപതി,നാഗദൈവങ്ങളെയുമാണ് ഇവിടെ ആരാധിക്കുന്നത്. ഇവിടത്തെ മുനിയറയ്ക്കു മുന്നിൽ പ്രാർത്ഥിച്ചാൽ തീർത്താൽ തീരാത്ത പാപവും തീരുമെന്നാണ് വിശ്വാസം. ആറടയിലേറെ ഉയരമുള്ളതാണ് ശ്രീകോവിലിലെ വിഗ്രഹം. ഇവിടെയാണ് ദക്ഷിണാമൂർത്തി കുടികൊള്ളുന്നു എന്ന് വിശ്വസിക്കുന്നത്. അറിവിന്റെയും ആരോഗ്യത്തിന്റെയും ദേവനാണ് ദക്ഷിണാമൂർത്തി, അതിനാൽ തന്നെ നൂറുകണക്കിന് ആളുകളാണ് പ്രാർത്ഥിക്കുവാനായി ഇവിടെ എത്തുന്നത്. പരമശിവനും മഹാവിഷ്ണുവും ഒരു ശ്രീകോവിലിനുള്ളിൽ ആരാധിക്കപ്പെടുന്നു എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.
വഴിപാടുകൾ
മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത വിധത്തിൽ ഒട്ടനവധി വൈവിദ്ധ്യങ്ങൾ നിറഞ്ഞ വഴിപാടുകളാണ് ഈ ക്ഷേത്രത്തിനുള്ളത്. ദൂര ദേശങ്ങളിൽ നിന്നുപോലും ഒട്ടേറെ ഭക്തരാണ് പൂജകൾ നടത്തുന്നതിനായി ഈ ക്ഷേത്രസന്നിധിയിലേക്ക് എത്തുന്നത്.
പപ്പടം ചവിട്ടൽ
രോഗഹരനായ ദക്ഷിണാമൂർത്തിക്ക് മുന്നിലെത്തി രോഗപീഡകൾ അകറ്റാനായി നടത്തുന്ന വഴിപാടാണ് പപ്പടം ചവിട്ടൽ. കാലിലെ ആണിരോഗം,കാല് വേദന,മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്കുള്ള പരിഹാരമായിട്ടാണ് പപ്പടം ചവിട്ടൽ വഴിപാട് നടത്തുന്നത്. കാച്ചിയ പപ്പടങ്ങൾ ഒരു കൂമ്പാരമായി വാഴയിലയിൽ നടയ്ക്ക് മുന്നിലായി കൊണ്ടുവച്ച ശേഷം വഴിപാടുകാർ ഇലയിൽ കയറിനിന്ന് ഇരു പാദങ്ങൾ കൊണ്ടും പപ്പടം ചവിട്ടി പൊടിക്കുന്ന ചടങ്ങാണിത്.
ചൂൽ വഴിപാട്
ചൂൽ വഴിപാട് സാധാരണയായി സ്ത്രീകൾക്കായാണ് നടത്തുന്നത്. അകാരണമായ മുടികൊഴിച്ചിൽ അകറ്റാനും മുടി വളരുന്നതിനും അത്യുത്തമമാണ് ചൂൽ വഴിപാട്. ഈ വഴിപാട് നടത്തുന്നതിനായി ദൂരദേശത്തുനിന്നു പോലും സ്ത്രീകൾ ഇവിടെ എത്തുന്നത്. ഈർക്കിൽ ചൂല് തലയ്ക്കുഴിഞ്ഞ ശേഷം തിരുമുമ്പിൽ സമർപ്പിക്കുന്നതാണ് ഈ ചടങ്ങ്.
ഇതുപോലെ ശരീരത്തിൽ എത് അവയവത്തിനാണോ അസുഖം വരുന്നത് ആ ഭാഗത്തിന്റെ രൂപം പ്ലാവിൻ തടിയിൽ കൊത്തി ഭഗവാന് മുന്നിൽ സമർപ്പിക്കുന്ന വഴിപാടും ഇവിടെയുണ്ട്. മംഗല്യ ഭാഗ്യവും സന്താന ഭാഗ്യവും തേടി ഭഗവാന്റെ സന്നിധിയിൽ എത്തുന്നവരും നിരവധി പേരാണ്. പശു,കാള,ആട്,കോഴി തുടങ്ങിയവയേയും ക്ഷേത്രത്തിൽ സമർപ്പിക്കുന്നവരുണ്ട്.
ഊട്ടാതെ ആരേയും വിടില്ല
എന്നെ ഊട്ടിയില്ലെങ്കിലും എന്റെ ഭക്തരെ ഊട്ടാതിരിക്കരുത് എന്നെ കാണാനെത്തുന്നവരാരും വിശപ്പോടെ മടങ്ങിപ്പോകാൻ ഇടവരരുതെന്നതും ഇവിടത്തെ ഭഗവാന്റെ നിർദ്ദേശമാണ്. സാധാരണ ദിവസം അഞ്ഞൂറോളം പേർക്കാണ് ഇവിടെ സദ്യ വിളമ്പുന്നത്. സദ്യവിളമ്പിയ ശേഷം ഇനി ആരെങ്കിലും ഊണ് കഴിക്കാനുണ്ടോ എന്ന് മൂന്നു തവണ വിളിച്ച് ചോദിക്കുന്ന പതിവും ഇവിടെയുണ്ട്.