tanker

ബ്രസീൽ: എരിഞ്ഞമർന്നുകൊണ്ടിരിക്കുന്ന ആമസോൺ മഴക്കാടുകൾക്ക് മുകളിൽ ജലമൊഴിച്ച് അമേരിക്കയുടെ കൂറ്റൻ എയർടാങ്കറുകൾ. വെള്ളിയാഴ്ച മുതലാണ് യു.എസിന്റെ സൂപ്പർ ടാങ്കറുകൾ ബൊളീവിയ - ബ്രസീൽ അതിർത്തിയിലെത്തിയത്. 76,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ബോയിംഗ് 747 സൂപ്പർ എയർ ടാങ്കറുകളാണിത്. ബൊളീവിയൻ പ്രസിഡന്റ് ഇവോ മോറൽസിന്റെ ആവശ്യമനുസരിച്ച് എത്തിയ ഈ എയർ ടാങ്കറുകൾ കാടുകൾക്കുമേലെ മഴ പെയ്യിച്ച് പറക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാണ്.

അതേസമയം, ആമസോണിൽ പടരുന്ന കാട്ടുതീ, അന്താരാഷ്ട്രതലത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

ഫ്രാൻസ്, ബ്രിട്ടൻ, അർജന്റീന, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

യൂറോപ്യൻ യൂണിയനിൽനിന്നടക്കം അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായതിനെ തുടർന്ന് തീയണയ്ക്കാൻ കൂടുതൽ സൈന്യത്തെ ബ്രസീൽ വിന്യസിച്ചു. എന്നാൽ, വിഷയത്തിൽ ബാഹ്യ ഇടപെടൽ അനുവദിക്കില്ലെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് ബ്രസീൽ. പ്രശ്‍നത്തിൽ വിദേശരാജ്യങ്ങൾ ഇടപെടേണ്ടെന്ന് ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനരൊ വ്യക്തമാക്കി. ജി 7 ഉച്ചകോടിയിൽ വിഷയം ചർച്ചചെയ്യണമെന്ന ഫ്രഞ്ച്‌ പ്രസിഡന്റ് ഇമ്മാനിവേൽ മാക്രോണിന്റെ ആവശ്യം രാഷ്‌ട്രീയ നേട്ടത്തിനായുള്ള ഇടപെടലാണെന്നും ബൊൽസൊനരൊ ആരോപിച്ചു.