കൊച്ചി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കേന്ദ്ര ധനമന്ത്രിമാരിൽ ആർക്കും അവകാശപ്പെടാനാകാത്ത ഒട്ടേറെ സുപ്രധാന നേട്ടങ്ങളുടെ ഉടമയാണ് അരുൺ ജയ്‌റ്റ്‌ലി. മുൻഗാമികൾ നടപ്പാക്കാൻ മടിച്ച, അല്ലെങ്കിൽ നടപ്പാക്കില്ലെന്ന് പറഞ്ഞ നിരവധി ധീരമായ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് ചുക്കാൻ പിടിക്കാൻ അരുൺ ജയ്‌റ്റ്‌ലിക്ക് കഴിഞ്ഞു.
ജി.എസ്.ടി, നോട്ട് അസാധുവാക്കൽ, വായ്‌പാ തിരിച്ചടവ് മന:പൂർവം മുടക്കുന്നവരെ പൂട്ടാനുള്ള ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌റ്റ്‌സി കോഡ് (ഐ.ബി.സി) എന്നിവ പ്രാബല്യത്തിൽ വന്നത് ജയ്‌റ്ര്‌ലി ധനമന്ത്രിയായിരിക്കേയാണ്. നോട്ട് അസാധുവാക്കലിനെ തുടർന്ന്, ഡിജിറ്റൽ പണമിടപാടുകളുടെ പ്രോത്സാഹനത്തിനും അദ്ദേഹം നേതൃത്വം നൽകി. സമൂല പരിഷ്‌കരണത്തിലൂടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഉടച്ചുവാർക്കലും സമഗ്ര വളർച്ചയുമാണ് ജയ്‌റ്റ്‌ലി ലക്ഷ്യമിട്ടത്.
രണ്ടു ദശാബ്‌ദക്കാലം പാർലമെന്റിന്റെ പടികാണാതെ കിടന്ന ചരക്കു-സേവന നികുതി ബിൽ 2017 ജൂലായ് ഒന്നിനാണ് നടപ്പിൽ വന്നത്. ഒട്ടേറെ എതിർപ്പുകളും വെല്ലുവിളികളും ഉയർന്നെങ്കിലും എല്ലാ സംസ്‌ഥാനങ്ങളുമായും സമവായത്തിലെത്തി ജി.എസ്.ടി നടപ്പാക്കാൻ അരുൺ ജയ്‌റ്റ്‌ലിക്ക് സാധിച്ചു. 'ഒരു രാജ്യം, ഒരു നികുതി" എന്ന മോദി സർക്കാരിന്റെ ലക്ഷ്യമാണ് അതുവഴി പൂവണിഞ്ഞത്.
കള്ളപ്പണം, തീവ്രവാദം, വ്യാജ നോട്ടുകൾ, അഴിമതി എന്നിവയ്ക്കെതിരെയുള്ള മോദി സർക്കാരിന്റെ പോരാട്ടത്തിന്റെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു നോട്ട് അസാധുവാക്കൽ. 2016 നവംബർ എട്ടിന് രാത്രി അരുൺ ജയ്‌റ്റ്‌ലിയുമായി നടത്തിയ നിർണായക ചർച്ചയ്ക്ക് ശേഷമാണ് 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയതായി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. തുടർന്ന്, ഡിജിറ്റൽ ഇടപാടുകളിൽ വൻകുതിപ്പ് ഇന്ത്യയിൽ ദൃശ്യമായി. കഴിഞ്ഞമാസം 15,000 കോടിയോളം രൂപയാണ് യു.പി.ഐയിലൂടെ മാത്രം ഇന്ത്യക്കാർ കൈമാറിയത്. ഐ.ബി.സി ബിൽ 2016 മേയ് 28ന് പാർലമെന്റ് പാസാക്കി. കിട്ടാക്കടം മൂലം പൊറുതിമുട്ടിയ ഇന്ത്യൻ ബാങ്കുകൾക്ക് ഏറെ ആശ്വാസമേകിയ നടപടിയായിരുന്നു അത്.
മൂലധന പ്രതിസന്ധിയിൽ മുങ്ങിയ പൊതുമേഖലാ ബാങ്കുകളെ കരകയറ്റാൻ 2015 മുതൽ ഇതിനകം 2.50 ലക്ഷം കോടി രൂപയുടെ ധനസഹായമാണ് കേന്ദ്രസർക്കാർ നൽകിയത്. ഇതുവഴി വിപണിയിൽ പണലഭ്യതയും സമ്പദ്‌വളർച്ചയും ഉറപ്പാക്കാനും കേന്ദ്രം ശ്രമിച്ചു. ഇക്കാര്യങ്ങൾക്ക് മുൻകൈ എടുത്തതും അരുൺ ജയ്റ്റ്‌ലിയായിരുന്നു.
റിസർവ് ബാങ്കിനോട് പൊരുതിയ ജയ്‌റ്റ്‌ലി
സമ്പദ്‌വളർച്ചയ്ക്ക് പലിശഭാരം കുറയുക തന്നെ വേണമെന്ന പിടിവാശിക്കാരനായിരുന്നു അരുൺ ജയ്‌റ്റ്‌ലി. റിസർവ് ബാങ്ക് ഗവർണറായിരുന്ന ഡോ. രഘുറാം രാജൻ നാണയപ്പെരുപ്പ നിയന്ത്രണത്തിൽ മാത്രം ശ്രദ്ധിച്ചിരുന്നത് ജയ്‌റ്ര്‌ലിയെ പലപ്പോഴും അമർഷത്തിലാക്കി.
ഗവർണർ സ്ഥാനത്ത് രാജന് പകരമെത്തിയ, ഡോ.ഉർജിത് പട്ടേലുമായും രസത്തിലായിരുന്നില്ല ജയ്‌റ്റ്‌ലി. നോട്ട് അസാധുവാക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇരുവരും തമ്മിൽ ഉരസി. റിസർവ് ബാങ്കിന്റെ കൈവശമുള്ള 9.6 ലക്ഷം കോടി രൂപയോളമുള്ള കരുതൽ ധനശേഖരത്തിന്റെ മുഖ്യപങ്കും കേന്ദ്രത്തിന് കൈമാറണമെന്ന് ജയ്‌റ്ര്‌ലി ആവശ്യപ്പെട്ടതും തർക്കത്തിന് വഴിവച്ചു.
ക്ഷേമപദ്ധതികൾക്കും ബാങ്കുകളെ സഹായിക്കാനും ധനക്കമ്മി കുറയ്‌ക്കാനും ഈ പണം ഉപയോഗിക്കാമെന്നായിരുന്നു ജയ്‌റ്റ്‌ലിയുടെ വാദം. തുടർന്ന്, മുൻഗവർണർ ഡോ. ബിമൽ ജലാൻ അദ്ധ്യക്ഷനായ പാനലിനെ ഇതു സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാനും (മോണിറ്ററി ഫ്രെയിംവർക്ക്) ചുമതലപ്പെടുത്തി. സർക്കാരിന് അനുകൂലമായ തീരുമാനമാണ് പാനൽ എടുത്തതെന്നതും ജയ്‌റ്ര്‌ലിക്ക് നേട്ടമായി.