ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിന്ധുവിന്റെ തുടർച്ചയായ മൂന്നാം ഫൈനൽ
സായ് പ്രണീതിന് വെങ്കലം
ബേസൽ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾ വാനോളമുയർത്തി പി.വി. സിന്ധു ഫൈനലിൽ എത്തി. അതേസമയം പുരുഷ സെമിയിൽ ലോക ഒന്നാം നമ്പർ താരം കെന്റോ മൊമൊട്ടയോട് തോറ്റ സായ് പ്രണീത് വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു.
വനിതാ സിംഗിൾസ് സെമിയിൽ നാലാം സീഡ് ചൈനയുടെ ചെൻ യു ഫെയ്‌യെ നേരിട്ടുള്ള ഗെയിമുകളിൽ അനായാസം കീഴടക്കിയാണ് സിന്ധു ഫൈനലിലെത്തിയത്. 40 മിനിറ്റിൽ 21-7, 21-14നായിരുന്നു സിന്ധുവിന്റെ ജയം. തുടർച്ചയായ മൂന്നാം തവണയാണ് സിന്ധു ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കളിക്കുന്നത്. കഴിഞ്ഞ തവണയും കൈവിട്ട സ്വർണം ഇത്തവണ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് സിന്ധു.
ആദ്യ ഗെയിമിൽ ഫെയ് സിന്ധുവിന് മുന്നിൽ നിരുപാധികം കീഴടങ്ങുകയായിരുന്നു. എതിരാളിക്ക് ഒരവസരവും നൽകാതെ 15 മിനിറ്റിൽ സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ ഫെയ് തുടക്കത്തിൽ റാലികളുമായി തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ചെങ്കിലും സിന്ധുവിന്റെ പോരാട്ടവീര്യം തകർക്കാൻ അത് മതിയാകുമായിരുന്നില്ല. 21-14ന് രണ്ടാം ഗെയിമും സ്വന്തമാക്കി സിന്ധു ഫൈനൽ ഉറപ്പിക്കുകയായിരുന്നു. ജപ്പാന്റെ നൊസോമി ഒകുഹാരയാണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി.
പുരുഷ സിംഗിൾസിൽ മൊമൊട്ടയോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സായ് പ്രണീതിന്റെ തോൽവി. 13-21,8-21നായിരുന്നു പ്രണീതിന്റെ തോൽവി സമ്മതിച്ചത്.
1983ൽ പ്രകാശ് പാദുകോൺ വെങ്കലം നേടിയ ശേഷം ആദ്യമായാണ് ഒരിന്ത്യൻ താരം ലോകബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ മെഡൽനേടുന്നത്.
തുടർച്ചയായ മൂന്നാം തവണയാണ് സിന്ധു ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്നത്.
2013 ലും 2014ലും വെങ്കലം നേടിയ സിന്ധു 2017ലും 2018ലും വെള്ളി നേടിയിരുന്നു.