abdhul-khader

കൊച്ചി: തനിക്ക് ഭീകരവാദികരുമായി യാതൊരു ബന്ധവുമില്ലെന്നും, അങ്ങനെയുള്ള ആൾക്കാരുമായി ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്നും ആണയിട്ട് കൊടുങ്ങലൂർ സ്വദേശി അബ്‌ദുൾ ഖാദർ റഹീം. ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടന്ന ആറ് ഐസിസ്, ലഷ്കറെ ത്വയിബ തീവ്രവാദികളുടെ കാരിയറായി പ്രവർത്തിക്കുന്നെന്ന് സംശയിച്ചാണ് അബ്‌ദുൾ റഹീമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. തനിക്ക് തീവ്രവാദ ബന്ധം ഇല്ലെന്ന് തെളിയിക്കാനാണ് താൻ കോടതിയിൽ കീഴടങ്ങാനായി ഹാജരായതെന്നും റഹീം പറഞ്ഞു. എറണാകുളം,സി.ജെ.എം കോടതിയിൽ ഹാജരായ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

'ഇതിൽ യാതൊരു രീതിയിലും ഇൻവോൾവ്ഡ് ആയിട്ടുള്ള ഒരാളല്ല (ഞാൻ). ഇതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. ഇതുമായി ബന്ധമുള്ള ഒരാളുമായിട്ട് പോലും ഞാൻ ഫോൺ സംഭാഷണം പോലും നടത്തിയിട്ടില്ല. ഇത്തരത്തിൽ യാതൊരു ബന്ധവും ഒരാളുമായിട്ടും, ഇതുവരെയുള്ള ജീവിതത്തിൽ ഒരു തവണ പോലും ഉണ്ടായിട്ടില്ല.' അബ്‌ദുള്ള ഖാദർ ഒരു വാർത്താ ചാനലിനോട് പറഞ്ഞു. ബഹ്‌റൈനൈൽ ചില ബിസിനസ് ഗ്രൂപ്പുകൾ തന്നെ കെണിയിൽ പെടുത്തിയതാണെന്നും അബ്‌ദുൾ ഖാദർ പറഞ്ഞു.ദുബായിൽ നിന്നും വാങ്ങിയ 60 കിലോയോളം വരുന്ന വാഹന സ്പെയർ പാർട്സുകളുമായാണ് റഹീം എത്തിയത്. ഇത് എന്തിന് വേണ്ടിയുള്ളതാണെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

റഹീമിനോപ്പം ബഹ്‌റൈനിൽ നിന്നുമെത്തിയ വയനാട് സ്വദേശിയായ യുവതി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. അബ്ദുൾ ഖാദറിന്റെ ചിത്രം തമിഴ്നാട് പൊലീസിന് ലഭിച്ചിരുന്നു. കുറേക്കാലം ബഹ്റൈനിൽ ബിസിനസ് ചെയ്തിരുന്ന ഇയാൾ കച്ചവടം പൊളിഞ്ഞപ്പോൾ അവിടെനിന്ന് അപ്രത്യക്ഷനാവുകയായിരുന്നു എന്നാണ് ഇന്റലിജൻസ് ഏജൻസികളുടെ കണ്ടെത്തൽ. സാമ്പത്തിക ബാദ്ധ്യതകളിൽപ്പെട്ട റഹിം ഒരു മാസം മുമ്പ് എറണാകുളത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വർക്ക് ‌ഷോപ്പ് നടത്തി പൊളിഞ്ഞ റഹിം വീണ്ടും ബഹ്റൈനിലേക്ക് പോവുകയായിരുന്നത്രേ. എന്നാൽ ദുബായിലേക്കു പോകുന്നു എന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. ആരുമായും അധികം അടുക്കാത്ത പ്രകൃതക്കാരനായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു.