കൊല്ലം: പി.എഫ് ഓർഗനൈസേഷനിലെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ അനോമലി കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന ആവശ്യം മുൻനിറുത്തിയുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സ്റ്റാഫ് ഫെഡറേഷൻ കേരള ഘടകത്തിന്റെ സമരപ്രഖ്യാപന കൺവൻഷൻ എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്‌തു.
രാജ്യത്തെ ബഹുഭൂരിപക്ഷം തൊഴിലാളികളുടെയും അവകാശം സംരക്ഷിക്കുന്ന പി.എഫ്.ഓർഗനൈസേഷന്റെ പ്രധാന ഘടകം ജീവനക്കാരാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. പി.എഫുമായി ബന്ധപ്പെട്ട നിയമങ്ങൾ പലതരത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അതിനാൽ ആനുകൂല്യം തേടിയെത്തുന്നവരിൽ നിന്ന് വിമർശനവും പീഡനവും ഏറ്റുവാങ്ങുന്നത് ജീവനക്കാരാണ്. സാമ്പത്തിക പരിഷ്കാരത്തിന്റെ കനത്ത തിരിച്ചടിയാണ് സാമ്പത്തിക മാന്ദ്യം. ഇ.പി.എഫ് തൊഴിലാളികളുടെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ശക്തമായ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സുദർശൻ ഹോട്ടലിൽ നടന്ന കൺവെൻഷനിൽ ഇ.പി.എഫ്.എസ്.എഫ് പ്രസിഡന്റ് കെ.പ്രേംരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ ആർ.കൃപാകരൻ, വർക്കിംഗ് പ്രസിഡന്റ് മോഹൻ കുമാർ ഉപാദ്ധ്യായ, വൈസ് പ്രസിഡന്റ് എസ്.ജയ്‌ഗോപാൽ, ഓർഗനൈസിംഗ് സെക്രട്ടറിമാരായ ധരം സിംഗ് മീണ, മഹേഷ് കൃഷ്ണമൂർത്തി തുടങ്ങിയവർ പങ്കെടുത്തു.