railway

കാസർകോട്: പ്രതികൂല കാലാവസ്ഥ കാരണം അറ്റകുറ്റപ്പണികൾ വൈകുന്നത് മൂലം കൊങ്കൺ പാത പൂർണമായും തുറക്കാൻ വൈകിയേക്കും. ദീർഘദൂര വണ്ടികൾ വേഗത കുറച്ചു കടത്തിവിടാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. മണ്ണ് നീക്കി കരിങ്കല്ലുകൾ നിറച്ചു റെയിൽപാളം ഉറപ്പിച്ചതിന് ശേഷം പാളത്തിൽ പരിശോധന നടത്തിയേ വണ്ടികൾ കടത്തിവിടാനാകൂ.

ഇടിഞ്ഞുവീഴാൻ പാകത്തിലുള്ള കുന്നുകൾ കൊങ്കൺ പാതയ്ക്ക് എന്നും ഭീഷണിയാണ്. പാതയിൽ മുഴുവൻ സ്ഥലത്തും കുന്നിടിച്ചു നീക്കുന്ന ജോലിക്ക് ദിവസങ്ങൾ വേണ്ടിവരും. ഓടിക്കൊണ്ടിരുന്ന മുഴുവൻ തീവണ്ടികളും കടത്തിവിട്ടതിന് ശേഷമാണ് വെള്ളിയാഴ്ച രാത്രി കൊങ്കൺ പാത അടച്ചിട്ടത്.

ഞായറാഴ്ച ഓടേണ്ടുന്ന ലോക്മാന്യതിലക് -കൊച്ചുവേളി നേത്രാവതി എക്സ്‌പ്രസ്, പൂനെ എറണാകുളം, മുംബൈ-നാഗർകോവിൽ, എറണാകുളം -പൂനെ എക്സ്‌പ്രസ് തീവണ്ടികൾ റദ്ദാക്കി. ഇന്ന് തിരുവനന്തപുരത്ത് നിന്നുള്ള നേത്രാവതി, എറണാകുളത്ത് നിന്നുള്ള മംഗള എക്സപ്രസ് എന്നീ വണ്ടികൾ പാലക്കാട് വഴി സർവീസ് നടത്തും. കോയമ്പത്തൂർ -ഹിസാർ എക്സ്‌പ്രസ് ഈറോഡ്, ജോലാർപേട്ട്, കാട്പാടി വഴിയാണ് ഇന്നലെ ഓടിച്ചത്.

മംഗളുരുവിന് അടുത്തുള്ള പടീൽ -കുലശേഖര സെക്ഷനിലാണ് കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞത്. മൂന്ന് ദിവസമായി ഈ റൂട്ടിൽ തീവണ്ടി ഗതാഗതം മുടങ്ങിയിരിക്കയാണ്. ദീർഘദൂര വണ്ടികളെല്ലാം റദ്ദായതോടെ മലബാറിൽ നിന്നുള്ള യാത്ര ദുരിതവും ഇരട്ടിച്ചിരിക്കയാണ്.