mar-george-alencheri

കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മജിസ്ട്രേട്ട് കോടതി കേസെടുത്തതിനെതിരെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയും സാജു വർഗീസും നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കർദ്ദിനാൾ ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടാനാണ് കോടതിയുടെ നിർദ്ദേശം. ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് കർദ്ദിനാളിനെ അനുകൂലിക്കുന്ന കാത്തലിക് ഫോറം ഭാരവാഹികൾ വ്യക്തമാക്കി.

ആലഞ്ചേരിക്ക് പുറമേ സഭയുടെ മുൻ ഫിനാൻസ് ഒാഫീസർ ഫാ. ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവർക്കെതിരെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട പരാതിയിൽ കേസെടുക്കാൻ കാക്കനാട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ഏപ്രിൽ രണ്ടിന് ഉത്തരവിട്ടിരുന്നു. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ കേസിൽ കർദ്ദിനാൾ ഹാജരാകാനും കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ നൽകിയ ക്രിമിനൽ റിവിഷൻ ഹർജികളാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്.

സഭാംഗമായ പെരുമ്പാവൂർ പുല്ലുവഴി സ്വദേശി ജോഷി വർഗീസ് ഭൂമിക്കച്ചവടത്തിലൂടെ സഭയ്ക്ക് വൻ നഷ്ടമുണ്ടായെന്നാരോപിച്ച് നൽകിയ പരാതിയിലാണ് കാക്കനാട് കോടതി കേസെടുത്തത്. അതിരൂപതയുടെ കീഴിലുള്ള തൃക്കാക്കര ഭാരത് മാതാ കോളേജിന് മുൻവശത്തെ 60 സെന്റ് ഭൂമി വിറ്റതിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും സാജു വർഗീസിന്റെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്തു നൽകിയെങ്കിലും സഭയുടെ അക്കൗണ്ടിൽ പണം എത്തിയില്ലെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു. സഭയുടെ ഭരണതലത്തിലെ വിവിധ സമിതികളുമായി ആലോചിക്കാതെയാണ് വില്പന നടത്തിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു.
എന്നാൽ, ഭൂമി വില്പനയിൽ ക്രമക്കേടൊന്നും നടന്നിട്ടില്ലെന്നും കൂരിയയുടെ (അതിരൂപതുടെ ഭരണസംവിധാനം) തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും കർദ്ദിനാൾ ജോർജ് ആലഞ്ചേരി കോടതിയിൽ വ്യക്തമാക്കി. ഇൗ വാദം തള്ളിയാണ് വിചാരണ നേരിടാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടത്.