mar-george-alencheri

കൊച്ചി : ഭൂമിയിടപാടു കേസിൽ ആരോപണം നേരിടുന്ന മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി കേസ് റദ്ദാക്കാൻ നൽകിയ ഹർജി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത് തിരിച്ചടിയാണ്. സഭയുടെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട കേസിൽ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് നേരത്തേ കാക്കനാട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജി തള്ളിയതിലൂടെ പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇതു ശരിവച്ചിരിക്കുകയാണ്.

അതിരൂപതയുടെ പേരിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ കാലടി മറ്റൂരിൽ 23.22 ഹെക്ടർ സ്ഥലം ബാങ്കുവായ്പയെടുത്തു വാങ്ങിയിരുന്നു. ഇതു തിരിച്ചടയ്ക്കാൻ സഭയുടെ 306.98 സെന്റ് ഭൂമി വിറ്റതാണ് വിവാദമായത്. 27.30 കോടി രൂപ ലഭിക്കേണ്ട സ്ഥാനത്ത് 9.13 കോടി രൂപ മാത്രമാണ് സഭയ്ക്ക് ലഭിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു.

കർദ്ദിനാൾ രാജിവയ്ക്കണം : സുതാര്യ സമിതി

കോടതി വിധി കർദ്ദിനാളിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്നും മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തു തുടരുന്ന കർദ്ദിനാൾ രാജിവയ്ക്കണമെന്നും അതിരൂപത സുതാര്യ സമിതി പ്രസിഡന്റ് മാത്യു കാരോണ്ടു കടവൻ, ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.