trump-

വാഷിംഗ്ടൺ: ഒരിടവേളയ്ക്കുശേഷം ചൈന - അമേരിക്ക വ്യാപാരയുദ്ധം കൊടുമ്പിരികൊള്ളുന്നു. ചൈനയിൽ പ്രവർത്തിക്കുന്ന എല്ലാ അമേരിക്കൻ കമ്പനികളും പൂട്ടി നാട്ടിലേക്ക് മടങ്ങാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ചൈന വീണ്ടും വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് പ്രതികാരനടപടി.

അമേരിക്കൻ ഉത്പന്നങ്ങൾക്കുമേൽ ചൈന അതിഭീമമായ നികുതി ചുമത്തുന്നുവെന്നാരോപിച്ച് ചൈനീസ് ഉത്പന്നങ്ങൾക്ക് ട്രംപ് കൂടുതൽ നികുതി ചുമത്തിയിരുന്നു. ഇതിന് പിന്നാലെ ചൈന വീണ്ടും നികുതി ഉയർത്തി. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരമേഖലയിൽ അസ്വാരസ്യം നിലനിൽക്കെയാണ് ദിവസങ്ങൾക്കുമുമ്പ് കാർഷിക ഉത്പന്നങ്ങൾ, സോയാബീൻ, ബീഫ്, ക്രൂഡ് ഓയിൽ തുടങ്ങി അയ്യായിരത്തോളം അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചൈന അഞ്ചു മുതൽ 10 ശതമാനം വരെ നികുതി വർദ്ധിപ്പിച്ചത്. മാത്രമല്ല, യു.എസ് കാറുകളിൽനിന്ന് നേരത്തെ നീക്കിയിരുന്ന 25 ശതമാനം നികുതി തിരികെക്കൊണ്ടുവരികയും ചെയ്തു.

ഇതിനുപിന്നാലെ ചൈനീസ് ഉത്പന്നങ്ങൾക്കുമേലുള്ള നികുതിയും അമേരിക്ക അഞ്ചുശതമാനം വർദ്ധിപ്പിച്ചു. ഇതിന്റെ തുടർച്ചയായാണ് ചൈനയിലെ അമേരിക്കൻ കമ്പനികളോട് പൂട്ടിക്കോളാൻ ട്രംപ് ഉത്തരവിട്ടത്. അതേസമയം, സ്വകാര്യ കമ്പനികളോട് ഒരു രാജ്യത്തുനിന്ന് പ്രവർത്തനം മതിയാക്കാൻ ഉത്തരവിടാൻ അമേരിക്കൻ പ്രസിഡന്റിന് അധികാരമുണ്ടോയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല.

ചൈനയ്ക്ക് പകരം മറ്റ് രാജ്യങ്ങളെ തിരഞ്ഞെടുക്കാനാണ് കമ്പനികളോട് ട്രംപിന്റെ നിർ‌ദേശം. എന്നാൽ, ഇരുരാജ്യങ്ങളും തുടക്കമിട്ടിരിക്കുന്ന വ്യാപാരയുദ്ധം ആഗോളസാമ്പത്തികനിലയെയും തൊഴിൽമേഖലയെയും ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

 ''നമുക്കിനി ചൈനയെ ആവശ്യമില്ല. അവരെക്കൂടാതെ കാര്യങ്ങൾ ഏറെ മെച്ചമായിരിക്കും"- ട്രംപ് ട്വിറ്ററിൽ കുറിച്ചു.

 അടി, തിരിച്ചടി

യു.എസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയിൽ 5,37,000 കോടിയോളം രൂപയുടെ വർദ്ധനയാണ് ചൈന വരുത്തിയത്. 5ശതമാനം തീരുവ 10 ശതമാനമായി വർദ്ധിപ്പിക്കുന്നത് സെപ്തംബർ ഒന്നിനും ഡിസംബർ 15നും നടപ്പിൽ വരുമെന്നു ചൈനയുടെ വാർത്ത ഏജൻസി അറിയിച്ചു.

ചൈനീസ് ഉത്പന്നങ്ങളുടെ തീരുവയിൽ യു.എസ് കഴിഞ്ഞ മേയിൽ 21,48,000 കോടി രൂപയുടെ വർദ്ധന വരുത്തിയിരുന്നു. സെപ്തംബർ ഒന്നിനു നിലവിൽ വരേണ്ട ഇവയിൽ ചിലത് ഡിസംബർ 15 ലേക്ക് മാറ്റിവച്ചിട്ടുണ്ട്.