rahul-gandhi

ന്യൂഡൽഹി: ജമ്മു കാശ്മീരിന്റെ സ്ഥിതിഗതികൾ സാധാരണ നിലയിലല്ലെന്ന് മനസിലായതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാശ്മിരിൽ നിന്ന് തിരിച്ചയച്ചതിന് ശേഷം ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവസങ്ങൾക്ക് മുമ്പ് ജമ്മു കാശ്മീരിലെ ഗവർണർ അങ്ങോട്ട് ക്ഷണിച്ചിരുന്നു. എന്നാൽ ക്ഷണം സ്വീകരിച്ച് അവിടെയെത്തിയ ഞങ്ങളെ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകാൻ വിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

'എന്ത് സാഹചര്യത്തിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നതെന്ന് ഞങ്ങൾക്ക് അറിയണമായിരുന്നു. എന്നാൽ വിമനത്താവളത്തിന് പുറത്തേക്ക് ഞങ്ങളെ കടത്തിവിട്ടില്ല. മാത്രമല്ല ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് വളരെ മോശമായി പെരുമാറുകയും അവരെ മർദ്ദിക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സ്വാഭാവികമല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്'. - രാഹുൽ ഗാന്ധി പറഞ്ഞു.

കാശ്മീരിലെ സാഹചര്യം ഭയപ്പെടുത്തുന്നതാണെന്നും കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ഞങ്ങളുടെ വിമാനത്തിലുണ്ടായിരുന്ന കശ്മീരിലേക്കുള്ള യാത്രക്കാർ ഞങ്ങളോട് പറഞ്ഞ കാര്യങ്ങൾ കേട്ടാൽ കല്ലുപോലെയുള്ള കണ്ണീരാണ് വരികയെന്നും ആസാദ് കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കന്മാരോടൊപ്പം സി.പി.എം,​ സി.പി.എ,​ തൃണമുൽ കോൺഗ്രസ്,​ ഡി.എം.കെ നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.