abu-dhabi

അബുദാബി: യു.എ.യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ റുപ്പേയ് കാർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് യു.എ.ഇയിലും റുപ്പേയ് കാർഡിന്റെ ഉപയോഗം സാധ്യമാകുന്നതിന് വേണ്ടി നാഷണൽ പേയ്മെന്റ് കോർപറേഷൻ ഒഫ് ഇന്ത്യയും യു.എ.ഇയിലെ മെർക്കുറി പേയ്‌മെന്റും ധാരണാ പത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ഇതോടെ റുപ്പേയ് കാർഡ് നിലവിൽ വരുന്ന ആദ്യ ഗൾഫ് രാജ്യമായി യു.എ.ഇ മാറും. അബുദാബി എമിറേറ്റ്സ് പാലസിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു റുപ്പേയ് കാർഡുകളുടെ പ്രഖ്യാപനം ഉണ്ടായത്.

വീസ, മാസ്റ്റർകാർഡ് എന്നീ കമ്പനിയുടെ കാർഡുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന റുപ്പേയ് കാർഡ് പി.ഒ.എസ് ടെർമിനലുകളിലും ഔട്ട്ലെറ്റുകളിലും സ്വീകരിക്കും. പണമിടപാടുകൾ നടത്തുമ്പോൾ വീസ, മാസ്റ്റർകാർഡ് എന്നീ ഡെബിറ്റ് കാർഡുകളേക്കാൾ നിരക്ക് കുറവായിരിക്കും എന്നതാണ് റുപ്പേയ് കാർഡുകളുടെ മേന്മ. സാധാരണ ഡെബിറ്റ് കാർഡുകൾ പോലെ തന്നെ എ.ടി.എം, പി.ഒ.എസ്, ഓൺലൈൻ പണമിടപാട് എന്നിവയ്ക്ക് റുപ്പേയ് കാർഡ് ഉപയോഗിക്കാനാകും.

ചടങ്ങിൽ തന്റെ കൈവശമുള്ള റുപ്പേയ് കാർഡ് സ്വൈപ്പ് ചെയ്ത് പ്രധാനമന്ത്രി മധുരം വാങ്ങുകയും ചെയ്തു. ലുലു ഗ്രൂപ്പ്, ശോഭ ലിമിറ്റഡ്, എൻ.എം.സി ഹെൽത്ത് കെയർ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ, ലാൻഡ്മാർക്ക് ഗ്രൂപ്പ്, അപ്പാരൽ ഗ്രൂപ്പ്, നിക്കായ്‌ ഗ്രൂപ്പ്, ട്രാൻസ് വേൾഡ് ഗ്രൂപ്പ്, വി.പി.എസ് ഹെൽത്ത് കെയർ, ഇമാർ തുടങ്ങിയ 23 കമ്പനികളുടെ പ്രതിനിധികളാണ് ചടങ്ങിൽ പങ്കെടുത്തത്. ഈ കമ്പനികളെല്ലാം ഇനി മുതൽ റുപ്പേയ് കാർഡ് സ്വീകരിക്കും.