ഡുറൻഡ് കപ്പിൽ മുത്തമിട്ട് ഗോകുലം കേരള എഫ്.സി
ഫൈനലിൽ മോഹൻ ബഗാനെ കീഴടക്കിയത് 2-1ന്
ക്യാപ്ടൻ മാർകസ് ജോസഫിന് ഇരട്ട ഗോൾ
കൊൽക്കത്ത: ഗോകുലത്തിന്റെ അശ്വമേധം തടയാൻ മോഹൻ ബഗാനുമായില്ല. ഇന്നലെ നടന്ന ഡുറൻഡ് കപ്പ് ഫൈനലിൽ മോഹൻ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ഗോകുലം കേരള എഫ്.സി ചാമ്പ്യൻമാരായി. പെനാൽറ്രിയിൽ നിന്നുൾപ്പെടെ ഇരട്ട ഗോളുമായി കളം നിറഞ്ഞ നായകൻ മാർകസ് ജോസഫാണ് ഗോകുലത്തിന്റെ വിജയ ശില്പി. സാൽവോ ചമോറോയാണ് ബഗാനായി ഗോൾ നേടിയത്. 87-ാം മിനിറ്റിൽ ജസ്റ്റിൻ രണ്ടാം മഞ്ഞക്കാർഡ് കിട്ടി മാർച്ചിംഗ് ഓർഡർ വാങ്ങിയതിനാൽ പത്തുപേരുമായാണ് ഗോകുലം മത്സരം പൂർത്തിയാക്കിയത്. രണ്ടാം പകുതിയുടെ അധിക സമയത്ത് റഫിറിയോടും ലൈൻ റഫറിയോടും തകർക്കിച്ചതിന് സൈഡ് ബഞ്ചിലുണ്ടായിരുന്ന ബഗാന്റെ ഫ്രാൻസെസ്കോ മൊറാന്റയ്ക്കും ചുവപ്പ് കാർഡ് കിട്ടി. അവസാന നിമിഷങ്ങളിൽ ത്രില്ലർ പോരാട്ടമായി മാറിയ ഫൈനലിൽ ബഗാന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് ഗോകുലം കിരീടത്തിൽ മുത്തമിട്ടത്.
1997ൽ എഫ്.സി കൊച്ചിൻ ചാമ്പ്യൻമാരായ ശേഷം ഡുറൻഡ് കപ്പ് സ്വന്തമാക്കുന്ന ആദ്യ കേരള ടീമാണ് ഗോകുലം. ബഗാനെ കീഴടക്കി തന്നെയാണ് അന്ന് എഫ്.സി കൊച്ചിനും ചാമ്പ്യൻമാരായത്.
ബഗാന്റെ മൈതാനമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഗോകുലത്തിന്റെ മുന്നേറ്റത്തോടെയാണ് മത്സരത്തിന് തുടക്കമായത്. തുടക്കത്തിൽ അനുകൂലമായ ഫ്രീകിക്ക് നേടിയെടുത്തെങ്കിലും അത് ലക്ഷ്യത്തിലെത്തിക്കാൻ ഗോകുലത്തിനായില്ല. തുടർന്ന് മദ്ധ്യനിരയുടെ നേതൃത്വത്തിൽ മത്സരത്തിന്റെ കടിഞ്ഞാൺ ബഗാൻ സ്വന്തമാക്കി. കിട്ടിയ അവസരങ്ങളിൽ മാർകസ് ജോസഫിന്റെ നേതൃത്വത്തിൽ ഗോകുലവും ആക്രമണം നടത്തി.ഇതിനിടെ ഗോകുലത്തിന്റെ ജസ്റ്റിൻ മഞ്ഞക്കാർഡ് കണ്ടു.
ആദ്യ ഗോൾ
ഒന്നാം പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് മാർകസ് ജോസഫ് ഗോകുലത്തിന് ലീഡ് സമ്മാനിച്ചത്. മാർകസ് നീട്ടിക്കൊടുത്ത പന്തുമായി പെനാൽറ്റി ബോക്സിലേക്കെത്തിയ ഹെൻറി കിസ്സേക്കയെ ബഗാൻ ഗോളി ദേബ്ജിത്ത് മജുംദാർ വീഴ്ത്തിയതിനാണ് ഗോകുലത്തിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്.
ദേബ്ജിത്തിന് മഞ്ഞക്കാർഡും കിട്ടി. കിക്കെടുത്ത മാർകസ് ജോസഫ് പിഴവേതുമില്ലാത്ത ഇടങ്കാലൻ ഷോട്ടിലൂടെ പന്ത് വലയിലാക്കി. മാർകസിന്റെ ടൂർണമെന്റിലെ പത്താം ഗോളായിരുന്നു ഇത്.
രണ്ടാം ഗോൾ
രണ്ടാം പകുതിയിൽ ബഗാൻ ആക്രമണം കനപ്പിച്ചെങ്കിലും 51-ാം മിനിറ്റിൽ മാർകസ് ഗോകുലത്തിനായി രണ്ടാമത്തെ ഗോളും നേടി.
നവോച്ച സിംഗിൽ നിന്ന് ലഭിച്ച പന്തുമായി ഇടതുവശത്തുകൂടി ഓടിക്കറിയ മാർകസ് ഗോൾപോസ്റ്രിന് തൊട്ടരികിൽ വച്ച് തൊടുത്ത ഷോട്ടിന് ബഗാൻ ഗോളി ദേബ്ജിത്തിന് മറുപടിയുണ്ടായിരുന്നില്ല. മാർകസിന്റെ 11-ാം ഗോൾ.
ജേഴ്സിയൂരി ഗോൾ ആഘോഷിച്ചതിന് മാർകസിന് മഞ്ഞക്കാർഡും കിട്ടി.
ബഗാന്റെ ഗോൾ
64-ാം മിനിറ്റിൽ കിട്ടിയ ഫ്രീകിക്കിൽ നിന്നായിരുന്നു ബഗാൻ ഗോൾ നേടിയത്. ഗോകുലം ഗോളി ഉബൈദ് വരുത്തിയ പിഴവും ഗോളിന് കാരണമായി.
പെനാൽറ്റി ബോക്സിനരികിൽ നിന്ന് പത്താം നമ്പർ താരം ബെയ്തിയ എടുത്ത കിക്ക് സുഹൈർ ചമോരോയ്ക്ക് നൽകി ചമോറോയുടെ ഷോട്ട് ഉബൈദിന് കൈപ്പിടിയിലൊതുക്കാനായില്ല. പന്ത് വലയ്ക്കകത്തായി.
രണ്ട് ചുവപ്പ് കാർഡ്
87-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട ഗോകുലത്തിന്റെ ജസ്റ്രിന് കളം വിടേണ്ടി വന്നു. അധികസമയത്ത് തങ്ങൾക്ക് കിട്ടേണ്ട പെനൽറ്റി നിഷേധിച്ചെന്ന് ആരോപിച്ച് റഫറിക്കും ലൈൻ റഫറിക്കുമെതിരെ കയർത്തതിനാണ് ബഗാന്റെ മൊറാന്റെയ്ക്ക് ചുവപ്പ് കാർഡ് കിട്ടിയത്.
പെനാൽറ്റി ബോക്സിലേക്ക് വന്ന ഷോട്ട് ഗോകുലത്തിന്റെ മുഹമ്മദ് ഇർഷാദിന്റെ കൈയിൽ കൊണ്ടെന്ന് പറഞ്ഞാണ് ബഗാൻ പെനാൽറ്രിക്കായി വാദിച്ചത്.
ടൂർണമെന്റിലെ താരത്തിനുള്ള പുരസ്കാരവും ഗോൾഡൻ ബൂട്ടും ഗോകുലം നായകൻ മാർകസ് ജോസഫിന് ലഭിച്ചു. 2 ഹാട്രിക്കുൾപ്പെടെ 11 ഗോളുകളാണ് ടൂർണമെന്റിൽ മാർകസ് നേടിയത്.
മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം ഗോകുലം ഗോളി ഉബൈദിന് കിട്ടി.
16 തവണ ചാമ്പ്യൻമാരായ ടീമാണ് മോഹൻ ബഗാൻ