saramma
സാറാമ്മ

കോലഞ്ചേരി: സഭാ തർക്കത്തെ തുടർന്ന് സംസ്‌കരിക്കാൻ കഴിയാത്തതിനെ തുടർന്ന് അമ്മയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിന് നൽകാൻ മക്കളുടെ തീരുമാനം. കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസിന്റെ അമ്മ തിരുവാണിയൂർ വണ്ടിപ്പേട്ട കാരക്കാട്ടിൽ സാറാമ്മയുടെ (97) മൃതദേഹമാണ് യാക്കോബായ വിശ്വാസികളായ കുടുംബം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് കൈമാറിയത്. തിരുവാണിയൂർ കണ്ണ്യാട്ടുനിരപ്പ് പള്ളി ഇടവകാംഗങ്ങളാണ് ഇവർ. സഭ വിശ്വാസമനുസരിച്ച് സംസ്‌കാരം നടത്തണമെന്നായിരുന്നു മക്കളുടെ ആഗ്രഹം. സുപ്രീംകോടതി വിധിയനുസരിച്ച് പള്ളിയുടെ ഭരണം ഓർത്തഡോക്‌സ് വിഭാഗത്തിന്റെ കൈയിലാണ്. 1934ലെ ഭരണ ഘടന അംഗീകരിച്ചതായി എഴുതി നൽകി കുമ്പസാരം കൊണ്ടാൽ സംസ്‌കാരം അനുവദിക്കാമെന്നായിരുന്നു ഓർത്തഡോക്സ് വികാരിയുടെ നിലപാട്.

മരിച്ച വീട്ടിലെ പ്രാർത്ഥന ക്രമങ്ങളും യാക്കോബായ ചാപ്പലിൽ പ്രാർത്ഥനയും കഴിഞ്ഞ് മൃതദേഹം പള്ളിയിലെത്തിക്കുമ്പോൾ ഓർത്തഡോക്‌സ് പക്ഷ വികാരി ജോൺ മൂലാമറ്റം പ്രാർത്ഥന നടത്തി സംസ്‌കാരം നടത്താമെന്ന് മക്കൾ പറഞ്ഞെങ്കിലും അംഗീകരിച്ചില്ല. അമൃത ആശുപത്രിയിലെത്തിച്ച് എംബാം ചെയ്ത ശേഷമാണ് മെഡിക്കൽ കോളേജിന് കൈമാറിയത്.

കഴിഞ്ഞ ദിവസം ഇതേ പള്ളിയിൽസംസ്കാരത്തിന് തർക്കം ഉടലെടുത്തപ്പോൾ മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റുന്നു എന്ന വ്യാജേന ആംബുലൻസിൽ കൊണ്ടു പോയി പൊലീസിന്റെയും ഓർത്തഡോക്സ് വിഭാഗത്തിന്റെയും ശ്രദ്ധ തിരിച്ച ശേഷം സെമിത്തേരിയുടെ മതിൽ ചാടി കടന്ന് ഒളിച്ചു സംസ്‌കരിച്ചിരുന്നു. എന്നാൽ മതിൽ ചാടി കടന്ന് സംസ്ക്കാരം വേണ്ടെന്ന് സാറാമ്മയുടെബന്ധുക്കളും മക്കളും തീരുമാനമെടുത്തു. മറ്റു മക്കൾ : ഡോ. എൻ.വി. വർഗീസ് (വൈസ് ചാൻസലർ എൻ.യു.ഇ.പി.എ ന്യൂ ഡൽഹി), കെ.ജി. സുജ (സ്റ്റെല്ലാ മേരീസ് പബ്ളിക് സ്കൂൾ ഉദയംപേരൂർ), പരേതരായ കെ.ജി. യോഹന്നാൻ, കെ.ജി. മാത്തുക്കുട്ടി