k-surendran

തിരുവനന്തപുരം: കണ്ണൂരിലെ ഒരു പൊതു പരിപാടിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു സ്ത്രീയോട് ദേഷ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാൻ ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ രംഗത്ത്. മുഖ്യമന്ത്രി സ്ത്രീയോട് സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് ദേഷ്യപ്പെട്ടുകൊണ്ട് 'പോയി ഇരിക്ക്, അവിടെപ്പോയി ഇരിക്ക്' എന്നു പറയുന്നതാണ് വീഡിയോയിൽ കാണുന്നത്.

എന്നാൽ പ്രജകളോട് വിനയത്തോടെ പെരുമാറാൻ പാർട്ടി തീരുമാനമെടുത്തതിനുശേഷമുള്ള ആദ്യത്തെ പൊതുപരിപാടിയിൽ മുഖ്യമന്ത്രി വൃദ്ധയോട് അതീവ വിനയത്തോടെ പെരുമാറിയെന്ന് വീഡിയോ പങ്കുവച്ച് സുരേന്ദ്രൻ പരിഹസിക്കുന്നു. തെറ്റുതിരുത്തൽ ശക്തിയോടെ തുടരുമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

സ്ത്രീയോട് ആദ്യം ചിരിച്ച് കൊണ്ട് സംസാരിക്കുന്ന മുഖ്യമന്ത്രി പെട്ടെന്നാണ് ചൂടാവുന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പ്രളയ രക്ഷാ പ്രവർത്തനത്തിൽ മികച്ച സേവനം ചെയ്തവരെ ആദരിക്കുന്ന ചടങ്ങിലാണ് സംഭവം. എന്നാൽ വേദിയിലെത്തിയ തളിപറമ്പ സ്വദേശിയായ സ്ത്രീയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളയാളാണ് എന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രിയോട് സംസാരിക്കുന്നതിനിടയിൽ ശബ്ദമുയർത്തി നിങ്ങളെയൊന്നും വിടില്ല എന്നൊക്കെയാണ് സ്ത്രീ പറഞ്ഞതെന്ന് കെ.കെ രാഗേഷ് എം.പി പറഞ്ഞു. മുഖ്യമന്ത്രിയുടെ കയ്യിൽ പിടിച്ചാണ് സംസാരിച്ചത്. അങ്ങനെ വയലന്റാകുമെന്ന് തോന്നിയപ്പോൾ മുഖ്യമന്ത്രി ശബ്ദമുയർത്തി അവരോട് സദസ്സിൽ പോയിരിക്കാൻ പറയുകയായിരുന്നു- രാഗേഷ് കൂട്ടിച്ചേർത്തു.