ചന്ദ്രനിൽ നമ്മൾ ചായക്കട തുടങ്ങുന്ന കാലം വരുമെന്നൊക്കെ തമാശ പറയാറുണ്ടെങ്കിലും അശോകചക്രവും ഐ.എസ്.ആർ.ഒയുടെ എംബ്ളവുമൊക്കെ ചന്ദ്രനിൽ നമ്മൾ സ്ഥാപിക്കാൻ പോവുകയാണ്. സെപ്തംബർ ഏഴിന് ചന്ദ്രയാൻ രണ്ട് ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന ചരിത്രമുഹൂർത്തത്തിന് ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ കാത്തിരിക്കുമ്പോൾ രാജ്യത്തെ പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും വി.എസ്.എസ്.സിയുടെ ഡയറക്ടറുമായ എസ്.സോമനാഥ് അതേക്കുറിച്ചെല്ലാം വിശദമായി സംസാരിച്ചു. പ്രസക്തഭാഗങ്ങളിൽ നിന്ന്:
ചന്ദ്രയാന്റെ ആരോഗ്യം എങ്ങനെയുണ്ട് ?
വളരെ നന്നായിരിക്കുന്നു. ഭൂമിയിൽ നിന്നുള്ള ഗുരുത്വാകർഷണത്തിൽ നിന്നു വേർപെട്ട് ചന്ദ്രന്റെ വലയത്തിലേക്ക് ആഗസ്റ്റ് 20 ന് ചന്ദ്രയാൻ എത്തി.
ചന്ദ്രയാന്റെ ആയുസ് എത്രയായിരിക്കും?
ചന്ദ്രയാന്, മൂന്ന് ഭാഗങ്ങളുണ്ട്. ഓർബിറ്റർ (ഭ്രമണപഥത്തിൽ കറങ്ങുന്ന പേടകഭാഗം), വിക്രമെന്ന ലാൻഡർ (വിക്രം സാരാഭായിയുടെ ഓർമ്മയ്ക്കാണീ പേരിട്ടത്) പിന്നെ പ്രജ്ഞാൻ എന്ന റോവറും. ഇതിൽ ലാൻഡറിനും റോവറിനും ആയുസ് ചന്ദ്രനിലെത്തിയാൽ രണ്ടാഴ്ചക്കാലമേ ഉള്ളൂ. കാരണം അത്രയും സമയമേ ചന്ദ്രനിൽ അപ്പോൾ പകലുള്ളു. ഓർബിറ്റർ ഒരുവർഷത്തേക്കാണ് നമ്മൾ ഇപ്പോൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ചിലപ്പോൾ അതിൽ കൂടുതൽ വർഷങ്ങളിലേക്ക് പ്രവർത്തിച്ചെന്ന് വരാം.
ചന്ദ്രയാൻ രണ്ട് വിജയമാകുമ്പോൾ ബഹിരാകാശ രംഗത്ത് ഐ.എസ്.ആർ.ഒയുടെ കുതിപ്പിനെ എങ്ങനെ കാണുന്നു?
ഐ.എസ്.ആർ.ഒയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ പലതാണ്. ഒന്ന് ബഹിരാകാശ സാങ്കേതികവിദ്യ സാധാരണ ജനങ്ങൾക്ക് വേണ്ട പൊതു ആവശ്യങ്ങൾക്കായി വിനിയോഗിക്കുക. ഏറ്റവും കൂടുതൽ പ്രവർത്തനം നടക്കുന്നതും അതിലാണ്. കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക. റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങളും നാവിഗേഷൻ ഉപഗ്രഹങ്ങളും വിക്ഷേപിക്കുക. ഇതിന്റെ ഒപ്പം തന്നെയാണ് സയൻസ് മിഷനുകളിൽ നമ്മൾ ചെറിയ ചെറിയ കാൽവയ്പുകൾ നടത്തുന്നത്. മൊത്തം ഉപഗ്രഹ നിർമ്മാണവും വിക്ഷേപണവും അടക്കം സയൻസ് മിഷന്റെ പാർട്ട് പത്തു ശതമാനമേയുള്ളു. ബാക്കി 90 ശതമാനം പ്രവർത്തിക്കുന്നത് നേരത്തെ പറഞ്ഞ മേഖലയിലാണ്. ചന്ദ്രയാൻ രണ്ടിന് ഐ.എസ്.ആർ.ഒ യെ സംബന്ധിച്ചിടത്തോളം പലതരത്തിലുള്ള പ്രാധാന്യങ്ങളുണ്ട്. ഏറ്റവും പ്രധാനം ചന്ദ്രയാൻ ഒരു സങ്കീർണമായ മിഷനാണ്. ജി.എസ്.എൽ.വി - മാർക്ക് 3 എന്ന വാഹനം ഉപയോഗിച്ചാണ് ചെയ്തത്. മറ്റ് ഉപഗ്രഹങ്ങളെ അപേക്ഷിച്ച് കൂടുതൽ ആട്ടോണോമി ഉള്ള ഉപഗ്രഹമാണ്. സ്വയം കാര്യങ്ങൾ നോക്കി തീരുമാനിച്ച് പ്രവർത്തിക്കേണ്ട ഒന്നാണ്. മറ്റൊന്ന് അതൊരു സോഫ്ട് ലാൻഡിംഗ് നടത്താൻ പോവുകയാണ്. റോക്കറ്റ് എൻജിനുകൾ കത്തിച്ച് മറ്റൊരു ഗ്രഹത്തിൽ ഇറങ്ങുകയെന്നത് ചെറിയൊരു കാര്യമല്ല.
ഗഗൻയാൻ പ്രോജക്ട് എന്താണ്?
ഇന്ത്യക്കാരായ മൂന്നുപേരെ ഇന്ത്യൻ നിർമ്മിത റോക്കറ്റിൽ ഭൂമിയുടെ 400 കിലോമീറ്റർ ഉയരത്തിലുള്ള ഒരു ഭ്രമണപഥത്തിൽ എത്തിച്ച് ഒരാഴ്ച താമസിച്ച് ശാസ്ത്ര പരീക്ഷണങ്ങൾ നടത്തിയശേഷം സുരക്ഷിതമായി ഭൂമിയിൽ തിരികെ എത്തിക്കുന്ന പ്രോജക്ടാണ് ഗഗൻയാൻ. 2022ൽ പ്രാവർത്തികമാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്.പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ആൾക്കാരെ എങ്ങനെയാണ് സെലക്ട് ചെയ്യുന്നത്?
എയർഫോഴ്സിന്റെ പൈലറ്റുകളാണ് ഇതിന് അനുയോജ്യരായിട്ടുള്ളത്.യുദ്ധവിമാനങ്ങളിൽ ട്രെയിൻഡ് ആയിട്ടുള്ളവർ. അവരിൽ നിന്നാണ് ആദ്യത്തെ ക്രൂവിനെ കണ്ടെത്തുന്നത്.ഭാവിയിൽ തുടർച്ചയായി നടക്കുമ്പോൾ ശാസ്ത്രജ്ഞൻമാർക്കും സാധാരണ ആൾക്കാർക്കും പരിശീലനം നേടി പോകാനാവും.
ചന്ദ്രയാനിൽ താങ്കളെ ഉത്ക്കണ്ഠാകുലനാക്കുന്ന എന്തെങ്കിലുമുണ്ടോ?
ഇത് ഒരു ടെക്നിക്കൽ മിഷനാണ്. ശരിയായ വിലയിരുത്തലിലൂടെയാണ് പോകുന്നത്. അതിൽ ഭാഗ്യത്തിന്റെയോ നിർഭാഗ്യത്തിന്റെയോ കാര്യങ്ങളില്ല.
ഭാഗ്യനിർഭാഗ്യങ്ങളിൽ വിശ്വസിക്കുന്നവരാണോ ബഹിരാകാശ ശാസ്ത്രജ്ഞർ?
എനിക്ക് തോന്നുന്നില്ല.
റോക്കറ്റ് വിക്ഷേപിക്കുന്നതിനുമുമ്പ് അമ്പലങ്ങളിൽ പോയി തേങ്ങയടിക്കുന്നുവെന്നും, മുഹൂർത്തം നോക്കാറുണ്ടെന്നും പറയാറുണ്ട്.ശരിയാണോ?
കുന്തി പാഞ്ചാലിയോട് പറഞ്ഞ ശ്ളോകം തന്നെയാണ് എന്റെ മനസിൽ വരുന്നത്.ഭാഗ്യമുള്ള മകൻ നിനക്കുണ്ടാകട്ടെയെന്ന് പറഞ്ഞിട്ടില്ലേ.അതുപോലെ റോക്കറ്റിനും ഒരു വിധിയുണ്ടാവും. സാങ്കേതികമായി എല്ലാവിധത്തിലുമുള്ള കെയർ, എടുത്തിട്ടുണ്ടെങ്കിൽ ആ ഭാഗ്യം നിങ്ങൾക്ക് ഒപ്പമുണ്ടാകും. പരിശ്രമം എപ്പോഴും വിജയംകൊയ്യുമെന്നാണ് ഞങ്ങളുടെ വിശ്വാസം
ആദിത്യ എൽ വൺ മിഷൻ എന്താണ്?
സൂര്യനെക്കുറിച്ചു പഠിക്കുന്ന ഒരു മിഷനാണ് ആദിത്യ.എൽ.വൺ. എൽ വൺ എന്നു പറഞ്ഞാൽ അത് ലഗ്രാഞ്ചിയൻ പോയിന്റാണ്. ലഗ്രാഞ്ചിയൻ പോയിന്റെന്നാൽ സൂര്യനും ഭൂമിക്കും ചന്ദ്രനുമിടയ്ക്ക് അങ്ങനെ ചില പോയിന്റുകൾ ഉണ്ട്. അവിടെയാണ് ഇവയുടെയെല്ലാം ഗുരുത്വാകർഷണ വലയം ന്യൂട്രലാകുന്നത്.ആ പോയിന്റുകളിൽ ഒരു ഉപഗ്രഹം ചെന്നാൽ അതിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കാം.ഭ്രമണപഥമെന്നത് മറ്റൊരു വസ്തുവിന് ചുറ്റുമെ ഉണ്ടാവുകയുള്ളു. പക്ഷേ ലഗ്രാഞ്ചിയൻ പോയിന്റിനു ചുറ്റും നമ്മൾക്ക് ഭ്രമണപഥങ്ങൾ ഉണ്ടാക്കാം.അവിടെ ചെന്നുകഴിഞ്ഞാൽ നമ്മൾക്ക് ഭൂമിയുടേയോ, ചന്ദ്രന്റെയോ സ്വാധീനം കൂടാതെ തുടർച്ചയായി സൂര്യനെ നിരീക്ഷിക്കാനാവും. 2022 ഓടെയാണ് ആദിത്യയും പ്ളാൻ ചെയ്തിട്ടുള്ളത്.
സൂര്യനിലൊക്കെപ്പോയാൽ കത്തിച്ചാമ്പലായിപ്പോവില്ലേ?
തീർച്ചയായിട്ടും. സൂര്യനിലേക്ക് എത്തിപ്പെടാൻ നമ്മൾക്ക് പറ്റില്ല. സൂര്യനിലേക്ക് ഒരിക്കലും ഒരു മിഷൻ നടക്കില്ല. വളരെ ദൂരെ നിന്ന് നമ്മൾക്ക് സൂര്യനെ വീക്ഷിക്കാമെന്നേയുള്ളു. സൂര്യന്റെ നിർമ്മിതി ഹൈഡ്രജൻ വാതകം കത്തി ആറ്റമിക് പ്രക്രിയയിലൂടെ ഹീലിയമായി മാറി ധാരാളം എനർജി ഉണ്ടാവുകയെന്നതാണ്. സൂര്യനെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ പല തീയറികളും ഉണ്ടായിട്ടുള്ളത്. സൂര്യന്റെ അന്ത്യമെങ്ങനെയായിരിക്കും?എങ്ങനെയാണ് നക്ഷത്രങ്ങൾ ഉണ്ടാകുന്നത് ഇതടക്കം പല ശാസ്ത്ര രഹസ്യങ്ങളും അറിയാൻ സൂര്യനെക്കുറിച്ച് നമ്മൾ പഠിച്ചേ മതിയാകൂ.
ഒരു കൊച്ചുകൂട്ടുകാരന്റെ ചോദ്യമാണ്. റോക്കറ്റ് വിക്ഷേപിക്കുമ്പോൾ മഴ പെയ്താൽ എന്തു ചെയ്യും?
ഒന്നും സംഭവിക്കില്ല. കത്തുന്നത് റോക്കറ്റിനു പുറത്തല്ല. റോക്കറ്റിനകത്താണ്. അതിൽ കത്തിക്കുന്ന ഇന്ധനത്തിൽ നിന്നുണ്ടാകുന്ന തള്ളലാണ് മുന്നിലേക്കു കൊണ്ടുപോകുന്നത്. നനഞ്ഞാലും റോക്കറ്റിന് ഒരു കുഴപ്പവുമുണ്ടാകില്ല.
റോക്കറ്റ് കത്തി ഉയരുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ എങ്ങോട്ടുപോകും?
റോക്കറ്റുകൾ പല ഘട്ടങ്ങളായിട്ടാണ് പ്രവർത്തിക്കുന്നത്. അതിന്റെ അവശിഷ്ടമെന്ന് പറഞ്ഞാൽ, ഒരു സ്റ്റേജ് കത്തിത്തീരുമ്പോൾ അതിനെ നമ്മൾ ഉപേക്ഷിക്കണം. എന്നാലേ അടുത്ത സ്റ്റേജിന് ഗതിവേഗം ഉണ്ടാവുകയുള്ളു.ആ അവശിഷ്ടങ്ങൾ കടലിൽ വന്നുവീഴും. ഉപഗ്രഹവും ആ ഉപഗ്രഹത്തെ താങ്ങുന്ന അവസാനഘട്ടവും മാത്രമെ ഓർബിറ്റിൽ എത്തുകയുള്ളു.ബാക്കിയെല്ലാം ഇന്ത്യൻ മഹാസമുദ്രത്തിൽത്തന്നെ പതിക്കും. കടലിന്റെ അടിത്തട്ടിലേക്കുപോകും.
റോക്കറ്റ് വിക്ഷേപിക്കുമ്പോൾ വിമാനങ്ങൾ വന്നാൽ എന്തുചെയ്യും?
ആ വഴിയിൽ വിമാനങ്ങൾ ഉണ്ടാവില്ല.അതിനായി റോക്കറ്റ് വിക്ഷേപണത്തിന് ഒരുമാസം മുമ്പ് തന്നെ എല്ലാ കപ്പൽ, വിമാനയാത്രകൾക്കും മുന്നറിയിപ്പ് കൊടുക്കും. റോക്കറ്റ് വിക്ഷേപിക്കുന്ന നിശ്ചിത സമയം ആ പാതയിൽ വരാൻ പാടില്ലെന്ന്.അതിനായി ഗ്ലോബൽ കോ ഓർഡിനേഷൻ നടത്തും.ലോകത്തെവിടെ റോക്കറ്റ് വിക്ഷേപിച്ചാലും എല്ലാ വിമാന സർവീസുകൾക്കും അത് ബാധകമാണ് .എല്ലാവരും അത് അനുസരിക്കും.
ഭൂമിയിലെപ്പോലുള്ള കൈയേറ്റം അവിടെയുണ്ടോ?
തീർച്ചയായും ഉണ്ട്. സ്പെയിസ് വലിയൊരു റിസോഴ്സ് ആണ്. നിങ്ങൾ ഒരു കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് ഉണ്ടാക്കി അത് വെറുതെയങ്ങ് വിക്ഷേപിക്കാൻ ഒക്കില്ല. അതിന് അലോക്കേഷൻ ഉണ്ട്. സ്വന്തം രാജ്യത്തിന് മുകളിൽ ഒരു ഉപഗ്രഹം വിക്ഷേപിക്കണമെങ്കിൽ ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയനിൽ അപേക്ഷിച്ച് അതിന്റെ പൊസിഷനും ഫ്രീക്വൻസിയുമൊക്കെ തീരുമാനിക്കണം. കൂടിയാലോചനയിലൂടെയാണ് അത് നിർവഹിക്കുന്നത്. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ എല്ലാ രാജ്യങ്ങളുടേയും ഒരു അസോസിയേഷനാണ്. നമ്മൾ കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചാൽ നമ്മൾക്ക് കൂടുതൽ സ്ഥലം കിട്ടും.
ഭൂമി അവസാനിക്കും
സെപ്തംബർ ഏഴിന് എന്താണ് സംഭവിക്കാൻ പോകുന്നത്?
ചന്ദ്രനിൽ നിന്ന് 60000 കിലോമീറ്റർ ദൂരെ ചന്ദ്രന്റെ ഗുരുത്വാകർഷണ മേഖല അഥവാ ഗ്രാവിറ്റി ഇൻഫ്ളുവൻസ് സ്ഫീയറാണ്.അവിടെ എത്തുമ്പോൾ ചന്ദ്രൻ ചന്ദ്രയാനെ വലിക്കാൻ തുടങ്ങും.ചന്ദ്രയാന് വേഗത കുടുതലാണ്. നമ്മൾ ഒന്നും ചെയ്തില്ലെങ്കിൽ അത് ചന്ദ്രനിൽ പോയി ക്രാഷ് ലാൻഡ് ചെയ്യും.ചന്ദ്രനിലെത്താറാവുമ്പോഴേക്കും നമ്മൾ ചന്ദ്രയാനെ തിരിക്കും.ബ്രേക്ക് ചെയ്യും.ബ്രേക്ക് ചെയ്യാനായിട്ട് എൻജിൻ വീണ്ടും കത്തിക്കും.കത്തിച്ച് അതിന്റെ വേഗത കുറയ്ക്കും. കുറയ്ക്കുക മാത്രമല്ല നിശ്ചിത ഓറിയന്റേഷനിൽ അതിനെ കൊണ്ടുവരും. ഇവിടെ നിന്ന് ആന്റിനകൾ ഉപയോഗിച്ച് അതിനെ മെഷർ ചെയ്ത് വളരെ സൂക്ഷ്മമായി കത്തിച്ച് വേഗത കുറയ്ക്കും.ചന്ദ്രന്റെ ഗ്രാവിറ്റിയിലേക്ക് അത് കടന്നുപോകും. കടന്നുപോയാലും അത് ഒരു ഓർബിറ്റിലേക്കായിരിക്കും വീഴുന്നത്.ഏറ്റവുമടുത്ത് 100 കിലോമീറ്ററും, ദൂരെ 18000 കിലോമീറ്ററുമുള്ള ഒരു ഭ്രമണപഥത്തിലാണ് ഇത് ചന്ദ്രനിൽ എത്തിപ്പെടുന്നത്.തുടർന്ന് അതിനെ ഇവിടെ നിന്ന് നിരീക്ഷിച്ച് ശരിയായ സ്ഥലത്താണോയെന്ന് ഉറപ്പാക്കും.പിന്നീട് 18000 കിലോമീറ്ററിനെ പടിപടിയായി കുറച്ച് 100 കിലോമീറ്ററിലേക്ക് കൊണ്ടുവരും. അത് വൃത്താകൃതിയിലുള്ള 100 കിലോമീറ്റർ ഭ്രമണപഥത്തിൽ സെപ്റ്റംബർ ഒന്നാം തിയതിയോടടുപ്പിച്ച് എത്തും. ഇതുവരെ ലാൻഡറും ഓർബിറ്ററും ഒരുമിച്ചാണ് ഇരിക്കുന്നത്.100 കിലോമീറ്ററിൽ ഉയരത്തിലാണ് ലാൻഡർ ഓർബിറ്ററിൽ നിന്ന് വേർപെടുന്നത്. വീണ്ടും അതിനെ 30 കിലോമീറ്ററിലേക്ക് കുറച്ചു കൊണ്ടുവരും. 30 കിലോമീറ്റർ ഉയരത്തിൽ ലാൻഡിംഗ് സൈറ്റിന് മുകളിലൂടെ പ്രദക്ഷിണം വച്ച് ചിത്രങ്ങളെടുക്കും.അവിടെ പാറകൾ ഒന്നുമില്ല ലാൻഡിംഗിന് പറ്റിയ സ്ഥലമാണെന്ന് ഉറപ്പുവരുത്തിയ ശേഷം 30 കിലോമീറ്ററിൽ നിന്നും എൻജിനുകൾ കത്തിച്ച് ലംബമായി ലാൻഡ് ചെയ്യും. അത് നിന്നശേഷം ഓരോരോ പ്രക്രിയകൾ ഉണ്ട്. അതിന്റെ വാതിൽ തുറന്നുവരും. ലാൻഡറിന്റെ വാതിൽ തുറക്കുമ്പോൾ ചന്ദ്രന്റെ പ്രതലത്തിലേക്ക് ഒരു ട്രാക്ക് ഉണ്ടായിവരും. ആ ട്രാക്കിലൂടെയാണ് ആറു ചക്രമുള്ള റോവർ ഇറങ്ങിവരുന്നത്. ആ പാതയിലൂടെ ചന്ദ്രന്റെ ഉപരിതലം സ്പർശിക്കും.വളരെ ചെറിയ സ്പീഡിലാണ് പോകുന്നത്. ആ സമയത്ത് കാമറകൾ ചിത്രങ്ങൾ എടുക്കും. ആശയവിനിമയം നടത്തും. ചിത്രങ്ങൾ എല്ലാം തിരിച്ച് ഓർബിറ്ററിലേക്ക് വിടും.അത് ഓർബിറ്ററിൽ നിന്ന് ഭൂമിയിലേക്ക് ലഭിക്കും
ചന്ദ്രനിൽ ഇടിച്ചിറക്കുകയാണോ?
ഇടിച്ചിറക്കുകയെന്നു പറഞ്ഞാൽ നമുക്ക് കൺട്രോൾ ഇല്ലാതെ ഇറക്കുകയെന്നാണ്. ഇത് അങ്ങനെയല്ല. സോഫ്ട് ലാൻഡിംഗാണ് നടത്തുന്നത്. വളരെ കൺട്രോൾഡ് ആയിട്ട്, നമ്മൾ എവിടെ ഇറങ്ങുന്നുവെന്നുള്ള സ്ഥലം ആദ്യമേ തന്നെ തീരുമാനിച്ച് കമ്പ്യൂട്ടറിന്റെ കണ്ണുകളും ഉയരമളക്കുന്ന മാപിനികളും ഒക്കെ ഉപയോഗിച്ച് അതിന്റെ ലൊക്കേഷൻ ആദ്യമേ തന്നെ ഫിക്സ് ചെയ്യും. ശേഷം നേരത്തെ നിശ്ചയിച്ച പ്രോഗ്രാമുകൾ പ്രകാരം, എൻജിനുകൾ കത്തിച്ച് വേഗത കുറച്ച് ലാൻഡ് ചെയ്യും. സെക്കൻഡിൽ വെറും രണ്ട് മീറ്ററിൽ കുറഞ്ഞ സ്പീഡിൽ സാധാരണ വേഗതയിൽ പൊടിപടലങ്ങൾ പറത്താത്ത രീതിയിൽ ചന്ദ്രന്റെ ഉപരിതലത്തിൽ ചെന്ന് നാലു കാലിൽ നിൽക്കും. അത് വളരെ സോഫ്ട് ലാൻഡിംഗ് ആയിരിക്കും. ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിലാണ് ലാൻഡ് ചെയ്യുന്നത്. അവിടെ പകലും രാത്രിയുമുണ്ട്. നമ്മൾ പകലിന്റെ തുടക്കത്തിലായിരിക്കും ലാൻഡ് ചെയ്യുന്നത്. അതിനനുസരിച്ചാണ് പ്ളാൻ ചെയ്തിരിക്കുന്നത്. നമ്മുടെ ഇവിടെ പകൽ 12 മണിക്കൂറാണല്ലോ... ചന്ദ്രനിൽ പകൽ 14 ദിവസമാണ്.
ഭൂമി അവസാനിക്കുമെന്ന വാദങ്ങളും വിശ്വാസങ്ങളുമുണ്ട്. ശാസ്ത്രജ്ഞൻ എന്ന നിലയിൽ എന്തുപറയുന്നു?
തീർച്ചയായും. ഭൂമി അവസാനിക്കും. കാരണം സൂര്യൻ അവസാനിക്കുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. സൂര്യന്റെ ആയുസ് 15 ബില്യൺ വർഷമാണ്.
ഭൂമിക്കോ?
എന്റെ ഓർമ്മ ശരിയാണെങ്കിൽ സൂര്യന്റെ ഇതുവരെയുള്ള ആയുസ് നോക്കിയാൽ നാല് ബില്യൺ വർഷങ്ങൾ കൂടി ബാക്കിയുണ്ടാകും. പേടിക്കേണ്ട ഇനിയും ഒരുപാട് സമയമുണ്ട്. ഭൂമി താനെ ഇല്ലാതാകും. കാരണം സൂര്യൻ ഇന്ധനം കത്തിത്തീരുന്നതോടെ വലിപ്പം വർദ്ധിക്കും. വർദ്ധിച്ച് അത് ഭൂമിയുടെ ഭ്രമണപഥത്തിന്റെ അത്രയും വലുതാകും. അതിനുമപ്പുറം കടക്കും. അപ്പോൾ ഭൂമി സൂര്യന് ഉള്ളിലാകും. ആ സമയത്ത് ഭൂമിയും മറ്റു ഗ്രഹങ്ങളും ഒക്കെ ഇല്ലാതാകും. കത്തിത്തീരുമ്പോൾ വീണ്ടും ചെറുതായി ന്യൂട്രോൺ സ്റ്റാറായി സൂര്യൻ മാറും. അന്ന് സൂര്യൻ അവസാനിക്കും.
ഭൂമിയിൽ നിന്ന് മാറി മനുഷ്യന് താമസിക്കാൻ മറ്റു വല്ല ഇടവുമുണ്ടോ?
സൗരയൂഥത്തിൽ നിന്ന് 31 പ്രകാശവർഷം അകലെ ഭൂമിയെപ്പോലെയുള്ള ഒരു ഗ്രഹത്തെ ഈയിടെ കണ്ടെത്തിയിട്ടുണ്ട്. മൂന്നു ഗ്രഹങ്ങളുണ്ട്. അവിടെ ജലവും അന്തരീക്ഷവുമുണ്ട്. അവിടുത്തെ താപനില 120 ഡിഗ്രിയേ ഉള്ളു. അതിന്റെഅർത്ഥം മനുഷ്യന് അവിടെ യാത്ര ചെയ്ത് എന്നെങ്കിലും എത്താമെങ്കിൽ കോളനി ഉണ്ടാക്കാമെന്നാണ് . പക്ഷേ 31 ലൈറ്റ് ഈയേഴ്സ് യാത്ര ചെയ്യാൻ പറ്റുമോ എന്നു വാദിച്ചാൽ ചിലപ്പോൾ നടക്കില്ല. ചിലപ്പോൾ ഒരു തലമുറ കൊണ്ട് പറ്റിയെന്നുവരില്ല. അടുത്ത തലമുറകളിൽ നടന്നേക്കാം. ഭൂമി അവസാനിച്ചാൽ മനുഷ്യൻ വേറെ വഴി കണ്ടുപിടിക്കും. മനുഷ്യനു മാത്രമേ അതിനുള്ള ബുദ്ധി ഉള്ളു.
(അഭിമുഖത്തിന്റെ പൂർണരൂപം യൂട്യൂബിൽ കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ പരിപാടിയിൽ കാണാം)