ഒരു സാധാരണക്കാരിയായ വീട്ടമ്മയ്ക്ക് തന്റെ സ്വപ്നങ്ങളുമായി എത്രദൂരം യാത്ര ചെയ്യാം എന്നാണ് ചോദ്യമെങ്കിൽ, ഹരിയാനക്കാരി അനുകുമാരി പറയും, അതിനു പ്രത്യേകിച്ച് പരിധിയൊന്നുമില്ല, കുറഞ്ഞത് സിവിൽ സർവീസ് പരീക്ഷയിലെ ആദ്യറാങ്കുകളിലേക്ക് വരെ കൂളായി പോകാമെന്ന്. അനുഭവങ്ങളുടെ ഉറപ്പുള്ള ഉത്തരമാണിത്. 2018ലെ സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടുമ്പോൾ അനുകുമാരി നാലുവയസുകാരന്റെ അമ്മയാണ്, പഠനം അവസാനിപ്പിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞ സ്ത്രീയാണ്, ഉയർന്ന ശമ്പളത്തിൽ ജോലി നോക്കിയിരുന്ന ഉദ്യോഗസ്ഥയാണ്. പരിമിതികളേറെയുണ്ടായിട്ടും ആത്മവിശ്വാസം കൊണ്ടും കഠിനാദ്ധ്വാനം കൊണ്ടുമാണ് അനുകുമാരി രാജ്യത്തെ മുഴുവൻ അമ്പരപ്പിച്ചത്. നിശ്ചയദാർഢ്യമാണ് ഈ അഭിമാനനേട്ടം അനുകുമാരിക്ക് സമ്മാനിച്ചത്.
സോനിപത് ടു രണ്ടാംറാങ്ക്
ഹരിയാനയിലെ സോനിപത് ആണ് നാട്. കൃഷിയും കാലിവളർത്തലുമൊക്കെയായി ജീവിക്കുന്ന വളരെ സാധാരണക്കാരുടെ സ്ഥലം. വീട്ടിലുമുണ്ടായിരുന്നു കുറേ എരുമകൾ. അമ്മ സാൻട്രോ ദേവിയാണ് അവയെ വളർത്തുന്നത്. അച്ഛൻ ബൽജിത്ത് സിംഗ് ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. നാലുകുട്ടികളിൽ രണ്ടാമത്തെയാളാണ് ഞാൻ. സോനിപതിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് ഡൽഹി സർവകലാശാലയിൽനിന്ന് ഫിസിക്സിൽ ബിരുദമെടുത്തു. നാഗ്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ടെക്നോളജിയിൽ നിന്ന് എം.ബി.എ പാസായി. ഐ.സി.ഐ.സി.ഐ ബാങ്കിൽ ഡൽഹിയിൽ ജോലിക്ക് കയറി. പിന്നീട് മുംബയിലും ജോലി നോക്കി. 2012ലായിരുന്നു ബിസിനസുകാരനായ വരുൺ ദഹിയയുമായുള്ള വിവാഹം. ഒരു മകനുണ്ട്, വിയാൻ. അവൈവ ലൈഫ് ഇൻഷുറൻസിൽ ജോലി ലഭിച്ചതോടെയാണ് ഡൽഹിയിലേക്ക് തിരിച്ചത്.
റിസ്കായിരുന്നെങ്കിലും സംഗതി ഒാകെ
കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും കോർപ്പറേറ്റ് അന്തരീക്ഷമൊക്കെ മടുത്തുതുടങ്ങി. സന്തോഷവും സമാധാനവും തരുന്നില്ല എന്നു കണ്ടപ്പോൾ ജോലി വിട്ടാലോ എന്നായി ചിന്ത. പക്ഷേ, എല്ലാവരെയും പോലെ പകരമെന്ത് എന്നു തന്നെയാണ് ഞാനും ചിന്തിച്ചിരുന്നത്. അദ്ധ്യാപനത്തിലേക്ക് തിരിയാൻ പറഞ്ഞു, പലരും. സ്വന്തമായിട്ട് എന്തെങ്കിലും ചെയ്താലോ എന്ന് ചിന്തിച്ചെങ്കിലും അതും നടന്നില്ല. അപ്പോഴൊക്കെ സ്കൂൾകാലം മുതലുള്ള സിവിൽ സർവീസ് സ്വപ്നം അവിടെത്തന്നെ ഉണ്ടായിരുന്നു. എന്തായാലും 2016 ആയപ്പോഴേക്കും കോർപ്പറേറ്റ് ലോകത്തോട് ഞാൻ ടാറ്റാ പറഞ്ഞു. അതൊരു തീരുമാനമായിരുന്നു.
പിന്നിലുള്ള രഹസ്യം ടിന ദാബി
ടിന ദാബിയെ ഓർമ്മയില്ലേ. 2015 ലെ സിവിൽ സർവീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി. ജോലി സംബന്ധിച്ച് ഇരുമനസുമായി നിന്നപ്പോഴാണ് സഹോദരൻ വിനീത്, ടിന റാങ്ക് നേടിയ പത്രവാർത്ത കാണിക്കുന്നത്. ആ വാർത്ത ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു. ശ്രമിച്ചു നോക്കാമെന്ന് മനസ് പറഞ്ഞു. പിന്നീട് രണ്ടുമാസത്തോളം സ്വയം പരിശീലിച്ച് പരീക്ഷയെഴുതി. അന്നത്തെ ആദ്യഘട്ട പരീക്ഷയിൽ ഒരു മാർക്കിന് പരാജയപ്പെട്ടു. പക്ഷേ തോൽക്കാൻ പാടില്ലല്ലോ. പരിശ്രമം തുടർന്നു.
പത്രമില്ല, ഇന്റർനെറ്റുണ്ട്
വളരെ ഗൗരവത്തോടെയായിരുന്നു പിന്നീടുള്ള പഠനം. മകന് അപ്പോൾ രണ്ടുവയസായിരുന്നു. അവനെ അമ്മയെ ഏൽപിച്ചു. സോനീപതിൽനിന്ന് അമ്മയുടെ സഹോദരിയുടെ പുർഖാസിലെ വീട്ടിൽ പോയി നിന്നു. പത്രമൊക്കെ കിട്ടാൻ പാടായിരുന്നെങ്കിലും ഇന്റർനെറ്റും എൻ.സി.ഇ.ആർ.ടി ടെക്സ്റ്റ് ബുക്കുകളുമൊക്കെ വച്ചായിരുന്നു പഠനം. സോഷ്യോളജിയായിരുന്നു മെയിൻ. പ്രിലിമിനറി കടന്നുകിട്ടിയതോടെ ഡൽഹിയിലെ കോച്ചിംഗ് സെന്റിൽ കുറച്ചുമാസങ്ങൾ പരിശീലനത്തിന് പോയി. എന്തായാലും 2018ലെ റിസൾട്ട് വന്നപ്പോൾ രണ്ടാംസ്ഥാനത്തുതന്നെ എന്റെ പേരുണ്ടായിരുന്നു.
ക്ഷമ ആൻഡ് ക്ഷമ ഒൺലി
ക്ഷമയോടും ചിട്ടയോടും കൂടി പഠിക്കുക, പ്രയത്നിക്കുക എന്നതുമാത്രമാണ് വിജയത്തിലേക്കുള്ള സൂത്രവാക്യം. ആത്മാർത്ഥമായ ആഗ്രഹം ഉള്ളിലുണ്ടെങ്കിൽ ഇതൊക്കെ വളരെ നിസാരമായേ തോന്നൂ. ആവശ്യമുള്ളവ മാത്രം ചിട്ടയോടെ കൃത്യമായി പല ആവർത്തി വായിച്ചു പഠിക്കണം. ഓരോരുത്തരുടെയും പഠനരീതി വ്യത്യസ്തമാണെങ്കിലും ഇപ്പറഞ്ഞതൊക്കെ എന്തായാലും എല്ലാവർക്കും വേണ്ടി വരും. ക്ഷമയും പോസിറ്റിവിറ്റിയും ചിട്ടയും എല്ലാം വേണം.
മിഷൻ തിരുവനന്തപുരം
തിരുവനന്തപുരം അസി. കളക്ടറായിട്ടാണ് ആദ്യ നിയമനം.ഇക്കഴിഞ്ഞ മേയിലാണ് ജോയിൻ ചെയ്തത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി നാട് മുഴുവൻ ബിസിയായിരുന്നു, കൂടെ ഞാനും. ആദ്യമായിട്ടാണ് ഇത്തരം സാഹചര്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. അവർക്കൊപ്പം നിന്നു ചെയ്യാൻ കുറേ കാര്യങ്ങളുണ്ടായിരുന്നു. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഏറ്റവും മികച്ച ഇടം ഇതുതന്നെയാണെന്ന് തോന്നുന്നു. രാവെന്നോ പകലെന്നോ ഇല്ലാതെ വിശപ്പും ദാഹവുമൊന്നും തളർത്താതെ കുട്ടികളും മുതിർന്നവരുമൊക്കെ ദിവസങ്ങളോളം പണിയെടുത്തു. എന്തുമാത്രം ഊർജമാണ് ഇവരിങ്ങനെ വിതറിയിട്ട് പോയതെന്നറിയാമോ? തോറ്റുകൊടുക്കാൻ മനസില്ലാത്ത ആളുകൾ. അഭിനന്ദനീയം എന്നു തന്നെ പറയാം.
മലയാളത്തിൽ പരീക്ഷിക്കണ്ട
മലയാളം കുറച്ചായി പഠിച്ചുവരികയാണ്. കേട്ടാൽ അറിയാം, കുറച്ചൊക്കെ തിരിച്ചുപറയാനും അറിയാം. മനോഹരമായ ഭാഷയാണിത്. ഏറിയും കുറഞ്ഞും താളത്തിൽ ഒഴുകുന്നപോലെ തോന്നും. മകൻ തിരുവനന്തപുരത്തുതന്നെയാണ് പഠിക്കുന്നത്. എന്നേക്കാൾ വേഗത്തിൽ അവൻ മലയാളം പഠിക്കുന്നുണ്ട്. അധികം വൈകാതെ ഞാനും മലയാളം നന്നായി പഠിക്കും. ആർക്കും എപ്പോൾ വേണമെങ്കിലും പരിശ്രമിച്ചുതുടങ്ങാമെന്നാണ് അനുകുമാരി പറഞ്ഞുനിറുത്തിയത്. വിലകൂടിയ കോച്ചിംഗ് സ്ഥാപനങ്ങളിലോ ഒന്നുമല്ല, അവനവന്റെ സ്വന്തം വീട്ടിൽനിന്ന്, മുറിയിൽ നിന്ന് തന്നെ തുടങ്ങാം. അവസാനഘട്ടത്തിൽ അത്യാവശ്യമെന്ന് തോന്നുന്നെങ്കിൽ കോച്ചിംഗിന് പോകാം. അനുകുമാരി തന്നെ അതിനുള്ള വലിയ തെളിവല്ലേ. ചില സ്ത്രീകളിങ്ങനെയാണ്. അസാദ്ധ്യമാവംവിധം അമ്പരപ്പിക്കുന്നവർ, പൂർത്തിയാക്കാനുള്ള സ്വപ്നങ്ങളിങ്ങനെ കനലുകളാക്കി സൂക്ഷിച്ചുവയ്ക്കുന്നവർ, കാലംചെല്ലുന്തോറും ആത്മവിശ്വാസംകൊണ്ട് ആളിക്കത്തുന്നവർ.