ബി.ഡി. ദത്തന്റെ ചിത്രങ്ങളിൽ പിക്കാസോയുടെതു പോലുള്ള ശൈലീവല്ലഭത്വം സ്പർശനീയമാണ്. ഒരു കലാകാരന്റെ പ്രതിഭാശാലിത്വം തിളങ്ങുന്നത് ചുറ്റുമുള്ള എന്തിലും ഏതിലും രൂപങ്ങൾ ദർശിക്കുന്നതിൽ മാത്രമല്ല അവയെ കലയിലേക്ക് പ്രവർത്തനം ചെയ്യുന്നതിലും കൂടിയാണ്; ബി.ഡി. ദത്തന് അത് വേണ്ടുവോളമുണ്ട്. അമ്പതാണ്ടുകൾ നീണ്ട കലാജീവിതത്തിന്റെ പല ഘട്ടങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് 'ദത്തശൈലി" എന്ന് പറയാവുന്ന സവിശേഷ ശൈലി. ഒരു പ്രദേശത്തു തന്നെ ജീവിച്ചു കല ചെയ്യാനുള്ള തീരുമാനം അദ്ദേഹത്തിനു വിഷയം, ശൈലി, വലുപ്പം എന്നിവയ്ക്കിടയിൽ വളരെ എളുപ്പം അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. നഗര കേന്ദ്രിത കലയുടെ കാര്യത്തിൽ സംഭവിക്കുന്നത് പോലെ, കലയ്ക്ക് പുറത്തുള്ള മാനകങ്ങൾ ഒരു കാര്യത്തിലും അദ്ദേഹത്തെ നിയന്ത്രിക്കുന്നില്ല. അതിനാൽ പല ശൈലികളിൽ വന്നു പോകുന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമായി വരുന്നില്ല. ദത്തൻ കലയിൽ അസ്തിത്വ വാദിയായും കാല്പനികനായും എക്സ്പ്രഷനിസ്റ്റ് ആയും ഇമ്പ്രെഷണിസ്റ്റായും ഒക്കെ വന്നു പോകുമ്പോഴും ഒന്ന് മറ്റൊന്നിനെ റദ്ദു ചെയ്യുന്നില്ല എന്ന സവിശേഷത കൂടി ദർശിക്കാം.
ബി. ഡി. ദത്തൻ ഈ ചിത്ര പ്രദർശനത്തിനായി തിരഞ്ഞെടുത്ത ചിത്രങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനു മുൻപ് ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ആറ് വിഭാഗങ്ങളെക്കുറിച്ച് പറയേണ്ടതുണ്ട്. 'അവസ്ഥ", 'ബൊട്ടാണിക്കൽ ഫാന്റസിസ് ", 'കലി", 'പരിണാമം", 'മുഖങ്ങൾ", 'കവിത" എന്നിവയാണവ. 'അവസ്ഥ"എന്നത് അസ്തിത്വം അല്ലാതെ മറ്റൊന്നല്ല. 'ബൊട്ടാണിക്കൽ ഫാന്റസിസ്" സർറിയൽ ഭാവനയുടെ യാത്രകളാണെന്ന് പറയാം. 'മുഖങ്ങൾ"എന്നത് ഒരിക്കലും ജീവിച്ചിരിക്കാത്തവരുടെയോ മറ്റെവിടെയോ മാത്രം ജീവിച്ചിരിക്കുന്നവരുടെയോ മുഖങ്ങൾ ആണ്. 'കലി" കാലം തന്നെ. 'പരിണാമം" ആ വാക്ക് സൂചിപ്പിക്കുന്നത് പോലെ പരിണാമപ്രക്രിയയാണ്; ജീവപരിണാമം പോലെ ബൃഹദ്പ്രതിഭാസങ്ങൾ ആകണമെന്നില്ല, പക്ഷേ കലാകാരന്റെ പ്രവർത്തനങ്ങളുടെ പരിണാമം കൂടിയാകാം അവ. 'കവിത"യിൽ ടാഗോറിന്റെ ഗീതാഞ്ജലി കലാകാരനിൽ ഉണർത്തിയ പ്രതികരണങ്ങളുടെ രേഖകളാണ്. ഈ സംവർഗങ്ങളുടെ ജാലകത്തിലൂടെ നോക്കിയാൽ, ദത്തന്റെ കലയെ വിശദീകരിക്കാൻ വേറെ ഉപാധികൾ വേണമെന്നില്ല.
ഒരിക്കൽ കാലാവസ്തു പൂർണമായിക്കഴിഞ്ഞാൽ അത് കലാകാരനിൽ നിന്ന് വേറിട്ടൊരു അസ്തിത്വം സ്വീകരിക്കുന്നു എന്ന് വിശ്വസിക്കുന്ന ചിത്രകാരനാണ് ദത്തൻ. കല തുറന്ന ഒരു സത്തയാണ്. കാഴ്ചക്കാരുടെ വ്യാഖ്യാനങ്ങൾക്കൊപ്പിച്ചുണ്ടാകുന്ന വിവിധങ്ങളായ അവതാരങ്ങൾക്കൊപ്പം കലാകാരൻ അതിനാൽ സഞ്ചരിക്കണമെന്ന നിർബന്ധമില്ല. അതുകൊണ്ടാണ് ദത്തന് ഒരു ശൈലിയിൽ നിന്ന് ഇത്രയും എളുപ്പത്തിൽ മറ്റൊന്നിലേക്ക് എത്ര കാലത്തിന്റെ വിടവ് ഉണ്ടെങ്കിൽപ്പോലും, പഴയ ശൈലിയുടെ ലഹരിഭാരം കൂടാതെ സഞ്ചരിക്കാനാകുന്നത്. അതിനാൽ അദ്ദേഹത്തിന്റെ കലയെ അനേകം മുറികളും ഇടനാഴികളും അറകളും ഗുഹകളും ഒളിയിടങ്ങളും ഉള്ള ഒരു വലിയ കോട്ടയായി സങ്കല്പിക്കാം. ഇടയ്ക്കിടെ കലാകാരൻ അവയിൽ പലതിലേക്കും കടന്നു ചെല്ലുന്നു എങ്കിലും അപ്പോഴൊന്നും തനിക്ക് മറ്റൊരു ഇടത്തോടുള്ള ഇഷ്ടം പൂർണമായും വിട്ടുകളയുന്നതും ഇല്ല. ഇത്തരം യാത്രകളാണ് ഈ കലാകാരനെ ഒരു നിഗൂഢ വ്യക്തിത്വം ആക്കുന്നത്. ആരോടും തുറന്നിടപഴകുന്ന ദത്തൻ തന്നെയാണോ ഭൂമിയിൽ നിന്ന് അല്പം മുകളിലായി കാലൂന്നി നിൽക്കുന്ന ഈ ചിത്രങ്ങൾ രചിക്കുന്നതെന്ന് കാണിയെക്കൊണ്ട് അതിശയിപ്പിക്കുന്നത് കലയിൽ ഉരുത്തിരിഞ്ഞു നിൽക്കുന്ന ആ നിഗൂഢ സ്വത്വം തന്നെയാണ്.
'അവസ്ഥ"യും 'കലി"യും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. അത് സംവേദനശീലമുള്ള ഏതൊരു മനുഷ്യന്റെയും വർത്തമാനകാല അവസ്ഥ തന്നെയാണ്. ആദ്യത്തേത് മനുഷ്യജീവിതത്തിലെ അസ്തിത്വപ്രശ്നങ്ങളെയാണ് തുറന്നു വയ്ക്കുന്നത്. സത്തയുടെ പൂർണത നശിച്ചു പോകാതെ തന്നെ തീക്ഷ്ണമായ അനുഭവങ്ങളിലൂടെ ചിതറിപ്പോവുകയും രൂപവൈകൃതം നേരിടുകയും ചെയ്യുന്ന ശരീരങ്ങളെ വരച്ചിടുന്നു. അതേസമയം കലി എന്നത് ക്രൂരകാലങ്ങളിലൂടെ കടന്നു പോകുന്ന മനുഷ്യന്റെ ഉള്ളിൽ ഉരുവാകുന്ന അടങ്ങാത്ത കലിയുടെ ചിത്രണങ്ങളാണ്.
അവയിൽ ഇറ്റു നിൽക്കുന്ന വേദനയും ഇരുട്ടും ചിത്രകാരൻ ജീവിക്കുന്ന കാലത്തിന്റെ പ്രതിഫലനം മാത്രമായിക്കൊള്ളണമെന്നില്ല മറിച്ച് അത് ചരിത്രത്തിൽ ഏതു കാലത്തും ഉണ്ടാകാവുന്ന സമാനമായ അവസ്ഥയ്ക്ക് പകരം നിൽക്കാവുന്ന അലങ്കാര സാദ്ധ്യതയും സാധുതതയും നേടിയെടുക്കുന്നു. ചരിത്രത്തിന്റെ ഇടുങ്ങിയതും വിശാലമായതുമായ പാതകളിലൂടെ അങ്ങനെ കടന്നു പോകാൻ കഴിയുന്ന ഈ അനുഭവചിത്രങ്ങൾക്ക് ആധിഭൗതികമായ ഒരു ഗുണം കൈവരുന്നു. കഠിനകാലങ്ങളെ സൂചിപ്പിക്കാനുള്ള ഈ ചിത്രങ്ങളുടെ കഴിവ് പുറത്തു വരുന്നത്, ചരിത്രത്തിലെ അത്തരം സന്ദിഗ്ദ മുഹൂർത്തങ്ങളെ തിരിച്ചറിയാൻ കാഴ്ചക്കാരൻ ക്ഷമത കാട്ടുമ്പോഴാണ്. അങ്ങിനെ 'അവസ്ഥ"യ്ക്കും 'കലി"ക്കും കലയിലെ ഉപമാരൂപകാലങ്കാരങ്ങൾ എന്ന നിലയിൽ ശാശ്വതമൂല്യം കൈവരികയും, അതിന്റെ കാരണവും ഫലവും ആകാതെ, അതിനെ ചൂണ്ടിക്കാട്ടുന്ന ഒരാളായി മാറാൻ ചിത്രകാരന് കഴിയുകയും ചെയ്യുന്നു.
കലാചരിത്രപരമായി പറഞ്ഞാൽ 'ബൊട്ടാണിക്കൽ ഫാന്റസിസ്" സർറിയലിസവുമായി ഏറെ അടുത്ത് നിൽക്കുന്നു. സർറിയലിസം എന്നത് കലാകാരന്മാരുടെ ഉപബോധ മനസിൽ നിലീനമായിക്കിടക്കുന്ന വികൃതവും വിരുദ്ധവും അട്ടിമറി സ്വഭാവമുള്ളതുമായ സ്വപ്നങ്ങളുടെയും ഭ്രമാത്മകതകളുടെയും ഉള്ളിൽക്കടന്ന് അവയിൽ നിന്ന് പുതിയ ആഖ്യാനങ്ങൾ ആവിഷ്കരിക്കുന്ന ഒരു രീതിയാണ്. ഏറ്റവും രസകരം ലോകപ്രശസ്തരായ സർറിയൽ കലാകാരന്മാർ പോലും ചിത്രങ്ങൾ വരയ്ക്കുമ്പോൾ ഭ്രമാത്മകതയും സ്വപ്നസഞ്ചാരവുമൊക്കെ മാറ്റി വച്ച് തികഞ്ഞ ബോധത്തോടെ ചിത്രം വരയ്ക്കുന്നത് കാണാം. ദത്തന്റെ 'ബൊട്ടാണിക്കൽ ഫാന്റസിസ്" അടിസ്ഥാനപരമായി സ്വപ്നങ്ങളുടെയും ഭ്രമാത്മകതയുടെയും ലോകത്ത് നിന്ന് മാറിനിൽക്കുന്ന ഒന്നാണ്. പകരം അദ്ദേഹം മനഃപൂർവം ചിന്തിച്ചുണ്ടാക്കിയ, കണ്ണ് തുറന്നു പിടിച്ചു കൊണ്ടുള്ള ഒരു ദർശന സമൃദ്ധിയായാണ് അത് പ്രത്യക്ഷമാകുന്നത്. അതൊരു വൈക്തികമായ ഉട്ടോപ്യ ആണ്; അത് അത്യാനന്ദത്തിന്റെ സുന്ദരഭൂമിയാണ്; ഒരു പക്ഷേ അത് സമൂഹരതിയോടുള്ള ആസക്തിയുടെ പരോക്ഷവും മാറ്റിവയ്ക്കപ്പെട്ടതുമായ ഒരു പ്രതീകവും ആകാം. ആനന്ദാതിരേകത്താൽ ത്രസിക്കുന്ന ഒരു പ്രദേശത്തു കൂടിയുള്ള ഒരു യാത്രയാകാം അത്; കാവ്യാത്മകമായി വികസിക്കുന്ന ചിത്ര ബിംബങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാകാം; ഓരോ ബിംബവും ഉണ്ടായിരിക്കുന്നത് ബോധപൂർവം നിശ്ചയിക്കാത്ത തൂലികാസ്പർശത്തിലൂടെ ആകാം.
ബിംബസൃഷ്ടിക്കായി രണ്ടു രീതികൾ ഉപയോഗിക്കുന്നതിനാൽ 'പരിണാമ"ത്തിന് രണ്ട് അവതാരങ്ങൾ ഉണ്ട്. ഒന്നാമത്തേത്, കാൻവാസിൽ ഒരു ബിംബം/ദൃശ്യം ഇതിനകം ഉണ്ടെന്നും തന്റെ ലക്ഷ്യം അതിനെ മാറ്റിമറിച്ചുകൊണ്ട് അവിടെ തനിക്ക് മാത്രം കാണാവുന്ന ബിംബത്തിന്റെ അർത്ഥത്തെ പാടെ ഇല്ലാതാക്കി ഒരു പുതിയ ബിംബത്തെയോ ദൃശ്യത്തെയോ 'കെട്ടിപ്പടുക്കുക"എന്നതാണെന്ന സമീപനം. രണ്ടാമത്തേത്, പ്രശസ്തമായ മാസികകളിൽ അച്ചടിയും പടവും നിറഞ്ഞ കടലാസുകൾ എടുത്ത് അവയിൽ ചില ഇമേജുകൾ മാത്രം നിലനിറുത്തിക്കൊണ്ടും മറ്റുള്ളവയെ പല രീതികളിൽ മറച്ചു കൊണ്ടും പുതിയൊരു ആഖ്യാനതലം സൃഷ്ടിച്ചെടുക്കുക എന്നത്. 'കെട്ടിപ്പടുക്കുക" എന്ന വാക്ക് ഞാൻ മനഃപൂർവം ഉപയോഗിച്ചതാണ്. കാരണം ഇവിടെ ദത്തൻ ഒരു വാസ്തുശില്പിയെപ്പോലെയാണ്. അദ്ദേഹത്തിന് ഒരു പഴയ നഗരത്തെയോ കെട്ടിടത്തെയോ തന്റെ ഇഷ്ട പ്രകാരം മാറ്റിമറിയ്ക്കാനും അതിന്റെ സ്ഥാനത്തു പുതിയൊരെണ്ണം കെട്ടിയുയർത്താനും നിയോഗം ലഭിച്ചിരിക്കുകയാണ്. അതിനാൽ 'പരിണാമ"ത്തിൽ ചിത്രകാരൻ ഒരു നഗര ആസൂത്രകനും വാസ്തുശില്പിയും ഒപ്പം ഒരു ഗ്രാഫിറ്റി വരച്ചു ചുവരുകളിലും കെട്ടിടങ്ങളിലും അതിക്രമം കാട്ടുന്നവനും ആണ്. ഈ ഗ്രാഫിറ്റി കലാകാരൻ തന്റെ ബുദ്ധിപരമായ കൂട്ടിച്ചേർക്കലുകളിലൂടെ നിലവിലുള്ള നഗരത്തിന്റെ അർത്ഥത്തെ മാറ്റിക്കളയുന്നു.
മറ്റൊരിടത്ത് ഞാൻ സൂചിപ്പിച്ചതു പോലെ, 'മുഖങ്ങൾ" എന്നത് ജീവിച്ചിരിക്കാത്തവരുടെയോ മുഖ്യധാരയിൽ നിന്ന് മാറ്റിക്കളഞ്ഞവരുടെയോ മുഖങ്ങളുടെ ചിത്രണങ്ങളാണ്. ദത്തൻ വരയ്ക്കുന്ന മുഖങ്ങൾ കലയിൽ നിന്നും സാഹിത്യത്തിൽ നിന്നും ചരിത്രത്തിൽ നിന്നും നമ്മുടെ ദൈനംദിന ജീവിതങ്ങളിൽ നിന്നും മാറ്റിക്കൊഴിച്ചു കളഞ്ഞ മനുഷ്യരുടെ മുഖങ്ങളാണ്. അവരുടെ അധോതല ജീവിതത്തെ ചിത്രകാരൻ നമ്മുടെ മുഖത്തിന് നേരെ കൊണ്ട് നിറുത്തുകയാണ്; ഒന്നുകിൽ നമുക്കാ കാഴ്ചയിൽ നിന്ന് ചൂളി അകന്നു പോകാം, അല്ലെങ്കിൽ നമ്മുടെ തന്നെ ഉള്ളിൽ ഇനിയും പരിഷ്കരിക്കപ്പെടാതെ കിടക്കുന്ന ജൈവസ്വത്വത്തിന്റെ പ്രതിഫലനങ്ങൾ കാണാം. ഈ പരമ്പരയിൽ ദത്തൻ ദൗമിയറിനും ഗോയയ്ക്കും ഒപ്പമാണ് നിൽക്കുന്നത്. ടാഗോറിന്റെ ഗീതാഞ്ജലിയെ അനുഭവിച്ചു കൊണ്ടുള്ള 'കവിത" എന്ന പരമ്പര (കാറ്റലോഗിൽ ചേർത്തിട്ടില്ല) 'മുഖങ്ങൾ" എന്ന ചിത്ര ശൃംഖലയുടെ വിരുദ്ധപക്ഷത്തു നിൽക്കുന്നതാണ്. അത് വേദനയിൽ നിന്ന് ആനന്ദത്തിലേയ്ക്കും ബീഭത്സത്തിൽ നിന്ന് വിശ്രാന്തിയിലേക്കും ഉള്ള നീക്കമാണ്. കവിതയെ രേഖാചിത്രണം ചെയ്യുകയല്ല, മറിച്ച് ടാഗോർ പ്രകൃതിയുടെയും ദിവ്യത്വത്തിന്റെയും ആത്മാവിനെ തന്റെ കവിതകളിൽ ആവാഹിച്ചതു പോലെ, കവിതയുടെ സത്തയെ ചടുലവും പ്രതിനിധാനപരമല്ലാത്തതുമായ വരകളിൽ പിടിച്ചെടുക്കുകയാണ് ചിത്രകാരൻ ചെയ്യുന്നത്. ഈ വരകൾ ഒളിഞ്ഞും തെളിഞ്ഞും സുതാര്യമായ രൂപങ്ങളെ സൃഷ്ടിക്കുന്നു. അവ അസ്തിത്വത്തിന്റെ ചാരനിറമാർന്ന ദ്രവത്തിൽ പൊന്തിയും ഉലഞ്ഞും കിടക്കുന്നു; ജീവിതം പോലെ.