കടലിലോ കായലിലോ ബോട്ട് സവാരി ചെയ്യുമ്പോൾ മുകളിൽ വട്ടമിട്ടു പറക്കുന്ന കുറച്ചു വെള്ള പക്ഷികളെ കണ്ടിട്ടുണ്ടോ. ഇടയ്ക്കിടയ്ക്ക് ചാട്ടുളി പോലെ വെള്ളത്തിൽ കൂപ്പുകുത്തി ചുണ്ടിൽ മീനുമായി പൊങ്ങി പറന്നു പോവും. രണ്ടുതരം വെളുത്ത പക്ഷികളുണ്ട്. ഒന്ന് കടൽ കാക്കകളാണ്, മറ്റൊന്ന് കടലാളകളും. രണ്ടും ജലപ്പക്ഷികൾ തന്നെ. ആളകൾ പുഴയിലും കായലിലും കടലിലുമൊക്കെയുണ്ട്. പക്ഷേ കടൽക്കാക്കകൾ കടൽപക്ഷികൾ മാത്രമാണ്. ആളകളിൽ ഒരിനത്തെ ഇന്ന് പരിചയപ്പെടാം. കടലിൽ സാധാരണ കാണുന്ന ഒരു കടൽപക്ഷിയാണ് വലിയ കടലാള. ഇവയ്ക്ക് കറുത്ത തല, ഉച്ചിയിൽ കുട്ടി തലമുടി പോലെ ഉയർന്നു നിൽക്കുന്ന തൂവലുകൾ, മഞ്ഞ നിറത്തിലുള്ള നീണ്ട ചുണ്ട്, ചാരനിറത്തിലുള്ള ചിറകുകൾ, കറുത്ത കാലുകൾ, കൂർത്ത വാൽ എന്നിവയുണ്ട്. പുറം ചാരനിറത്തിലും അടിഭാഗം വെള്ള നിറത്തിലുമാണ്. ചിറകുകൾ വിടർത്തുമ്പോൾ 50 ഇഞ്ചോളം നീളം വരും. ആണും പെണ്ണും ഒരുപോലെയാണ്. ഇവയെ കാണുമ്പോൾ തോന്നുന്ന ഒരു കാര്യം ഇങ്ങനെ പറന്നാൽ ഇവയ്ക്കു മടുക്കാറില്ല എന്നാണ്. എപ്പോഴും വെള്ളത്തിന് മുകളിൽ വട്ടം കറങ്ങി പറന്നു കൊണ്ടേയിരിക്കും. ഒരിടത്ത് ഇരിക്കുന്നത് വളരെ വിരളം. ലോകത്ത് മിക്കവാറും എല്ലാ കടലുകളുടെ മുകളിലും ഇവയുണ്ട്. കേരളത്തിൽ അറബിക്കടലിനു മുകളിലും അവിടേക്ക് ചേരുന്ന കായലുകളുടെ മുകളിലുമൊക്കെ കാണാം.
മീനുകളാണ് ഇഷ്ടഭക്ഷണമെങ്കിലും തോടുള്ള ജലജീവികളെയും കഴിക്കും. സാധാരണ ജലപ്പക്ഷികളെപ്പോലെ കൂട്ടം കൂടി കോളനികൾ ആയിട്ടാണ് ഇവരുടെ താമസം. ജീവിതകാലം മുഴുവൻ ഒരു ഇണയോടൊപ്പമാണ് ഇവരുടെ ജീവിതം. ഇണയെ ആകർഷിക്കുന്നതും വലിയ രസമുള്ള ഒരു രീതിയിലാണ്. ചുണ്ടിൽ ഒരു മീനുമായി ഇണയെ ഉറക്കെ വിളിച്ച് കോളനിയുടെ മുകളിലൂടെ പറന്നു നടക്കും. വിളി ഇഷ്ടപ്പെടുന്ന ഇണ പുറകെ പറക്കും. കുറെ പറക്കലുകൾക്കു ശേഷം തറയിലിറങ്ങിയുള്ള വിശ്രമത്തിനിടയിൽ സമ്മാനം കൈ മാറും. പിന്നീട് ആൺപക്ഷി കോളനിയുടെ ഒരു ഭാഗം വൃത്തിയാക്കി കൂടൊരുക്കും. ആരെങ്കിലും ശത്രുക്കൾ , അത് വേറെ ഏതെങ്കിലും ആൺപക്ഷിയാണെങ്കിൽ കൂടി അതിനെയൊക്കെ തുരത്തിയോടിക്കും. മണലിലുള്ള ആഴം കുറഞ്ഞ ഒരു കുഴിയായിരിക്കും കൂട്. അതിനു കല്ലുകളോ കണവയുടെ അസ്ഥിയോ ഒക്കെ വെച്ച് അതിരുണ്ടാക്കുന്നു. കറുത്ത പുള്ളിക്കുത്തുകളുള്ള ക്രീം കളർ മുട്ടകൾ. സാധാരണ രണ്ടെണ്ണം ഉണ്ടാവാറുണ്ട്. ഒരു മാസത്തോളമെടുത്തു അച്ഛനുമമ്മയും മാറി മാറി അടയിരുന്നു മുട്ടകൾ വിരിക്കുന്നു. പുറത്തു വരുന്ന കുഞ്ഞുങ്ങൾക്ക് പകുതി ദഹിപ്പിച്ച ആഹാരം പുറത്തെടുത്ത് ചുണ്ടിനകത്തേക്ക് വച്ച് കൊടുത്തു വളർത്തുന്നു. 38-40 ദിവസമാവുന്നതോടെ കുഞ്ഞുങ്ങൾ പറക്കമുറ്റുന്നു. എന്നാലും ഒരു നാലു മാസം കൂടിയൊക്കെ അവർ മാതാപിതാക്കളോടൊപ്പം തന്നെയുണ്ടാവാറുണ്ട്. മറ്റു കടൽപ്പക്ഷികളും തീരത്തുള്ള പാമ്പുകളും മറ്റു ജീവികളുമൊക്കെ മുട്ടകളുടെയും കുഞ്ഞുങ്ങളുടെയും ശത്രുക്കളാണ്. മിക്ക കടൽത്തീരങ്ങളും മീൻപിടിത്ത കേന്ദ്രങ്ങളായതു കൊണ്ട് ഇവയ്ക്കു ഭക്ഷണ ലഭ്യത കൂടുതലാണ്. ഇവയുടെ സംഖ്യയും വളരെ കൂടുതലാണ്.