അതൊരു കടം വീട്ടലാണ്. പലവട്ടം വഴി തെറ്റി പോയ പൂക്കാലം ഋതു മാറി മധുമാസമണഞ്ഞ പോലുള്ള സന്തോഷം. പ്രതിഭയായ അച്ഛന് നമ്മൾ നൽകാൻ മറന്ന അംഗീകാരം മിടുക്കനായ മകന്റെ കൈകളിൽ സമർപ്പിക്കുമ്പോൾ കാലം കൈയടിക്കുന്നുണ്ടാകും. രംഗസ്ഥലം എന്ന തെലുങ്ക് സിനിമയുടെ സൗണ്ട് മിക്സിംഗിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ പൊൻതിളക്കത്തിലാണ് എം.ആർ. രാജകൃഷ്ണൻ. രണ്ടുപതിറ്റാണ്ട് നീണ്ട കഠിനാദ്ധ്വാനത്തിന്റെ പ്രതിഫലം. മലയാളിയുടെ പ്രിയപ്പെട്ട എം.ജി.രാധാകൃഷ്ണന്റെ മകൻ. തന്റെ ഈണങ്ങളിൽ രൂപമെടുത്ത ഗാനങ്ങൾ ആലപിച്ചവർക്കും അതിനായി വരികൾ എഴുതിയവർക്കും ലഭിച്ചിട്ടും എം.ജി.രാധാകൃഷ്ണനെ ദേശീയ പുരസ്കാരം കടാക്ഷിച്ചതേയില്ല. വർഷങ്ങൾക്കിപ്പുറം, തൂവെള്ള മുണ്ടും ജുബ്ബയും ധരിച്ചു മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുമായി ആകാശത്താരകൾക്കിടയിലിരുന്ന് എം.ജി. രാധാകൃഷ്ണൻ മകനെ നോക്കി പുഞ്ചിരിക്കുകയാവും. അച്ഛന്റെ സ്നേഹത്തണൽച്ചോട്ടിലിരുന്നു രാജകൃഷ്ണൻ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
അപ്രതീക്ഷിത അംഗീകാരം
ഈ അംഗീകാരം അച്ഛന് സമർപ്പിക്കുകയാണ്. എല്ലാ അനുഗ്രഹങ്ങളും അദ്ദേഹത്തിലൂടെ എത്തിയതാണെന്ന് വിശ്വസിക്കുന്നു. ശബ്ദമിശ്രണ രംഗത്ത് ഇരുപത് വർഷമായി. മുമ്പ് പല തവണ ഈ അംഗീകാരം പ്രതീക്ഷിച്ചിരുന്നു. ചില സിനിമകൾ ചെയ്യുമ്പോൾ നമുക്കൊരു മാജിക് അനുഭവപ്പെടുമല്ലോ. അനന്തഭദ്രം, പ്രേമം, അർജുൻ റെഡ്ഡി, വിക്രംവേദ, മായ, ഉറുമി തുടങ്ങിയ ചിത്രങ്ങളൊക്കെ അക്കൂട്ടത്തിലുണ്ട്. മൂന്നുതവണ സംസ്ഥാന അവാർഡ് ലഭിച്ചിട്ടും ദേശീയ പുരസ്കാരം അകന്നു പോയി. സമയമായില്ല എന്നപ്പോൾ വിചാരിക്കും. എന്തായാലും ആ ആഗ്രഹം അങ്ങുപോയി. ഇത്തവണ വാർത്ത വന്ന ശേഷമാണ് കാര്യം അറിഞ്ഞതു തന്നെ. അതിന്റെ ഒരു അത്ഭുതവും സന്തോഷവും പറഞ്ഞറിയിക്കുന്നതിലും വലുതാണ്. രാംചരൺ തേജ നായകനായ രംഗസ്ഥലമാണ് അവാർഡ് നേടിത്തന്നത്. ഈ സിനിമയ്ക്ക് ശേഷം തെലുങ്കിൽ നിന്ന് ധാരാളം ഓഫറുകളും വരുന്നുണ്ട്. എന്റെ ജീവിതത്തിൽ ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നതിൽ ഒരാൾ പ്രിയൻ മാമനാണ് (പ്രിയദർശൻ). അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഞാനീ വഴി വരില്ല. പിന്നെ ഗുരു ദീപൻ ചാറ്റർജി. അദ്ദേഹത്തിന്റെ ഒപ്പം പ്രവർത്തിച്ച നാലു വർഷങ്ങളാണ് എന്നെ രൂപപ്പെടുത്തി എടുത്തത്. അച്ഛനും ചിറ്റപ്പനും (എം.ജി. ശ്രീകുമാർ) എന്റേതായത് കാരണം അവരോടുള്ള കടപ്പാടിനെക്കുറിച്ച് പറയുന്നില്ല.
പാചകം പോലെ ശബ്ദമിശ്രണം
സിനിമ എന്നാൽ ശബ്ദവും വെളിച്ചവുമാണ്. പക്ഷേ, ശബ്ദവിഭാഗത്തെ കുറിച്ച് പ്രേക്ഷകർ ചിന്തിക്കാറില്ല. പശ്ചാത്തലസംഗീതം എന്നു പറഞ്ഞാൽ സംഗീതസംവിധായകനെ കുറിച്ച് മാത്രമേ അറിയൂ. യഥാർത്ഥത്തിൽ സിനിമയിലെ ശബ്ദത്തിനെ ആദ്യം മുതൽ റീക്രിയേറ്റ് ചെയ്യുകയാണ്. അതിന് മൂന്നു വിഭാഗങ്ങളുണ്ട്. ആദ്യത്തേത് റെക്കാഡിംഗാണ്. ലൊക്കേഷനിലെ ശബ്ദം റെക്കാഡ് ചെയ്യും. സിങ്ക് സൗണ്ടൊക്കെ അതിൽ വരുതാണ്. അടുത്തത് സൗണ്ട് എഫക്ട്സ്. അവിടെ ശബ്ദം പുനഃസൃഷ്ടിക്കുകയാണ്. പാദചലനം മുതൽ തുണിയുടെയും വെള്ളമൊഴിക്കുന്നതിന്റെയും ഇടിയുടെയും വരെ ശബ്ദം റീ ക്രിയേറ്റ് ചെയ്യും. ചെളിയിലൂടെ നടക്കുകയാണെങ്കിൽ, സ്റ്റുഡിയോയിൽ ചെളിക്കളം സെറ്റ് ചെയ്ത് കൈയിൽ ചെരുപ്പകളിട്ട് സീനിനനുസരിച്ച് അതിൽ ചലിപ്പിച്ച് ശബ്ദമുണ്ടാക്കും. അതുപോലെയാണ് പരിസരത്തുള്ള ശബ്ദങ്ങളുടെ റെക്കോഡിംഗ്. കിളിയുടെയും കാറിന്റെയും ബൈക്കിന്റെയുമൊക്കെ ശബ്ദങ്ങൾ പ്രത്യേകമായി റെക്കോഡ് ചെയ്ത് എഡിറ്റ് ചെയ്താണ് ഉപയോഗിക്കുന്നത്. ഇതെല്ലാം ചേർക്കുകയാണ് മിക്സിംഗിൽ. പശ്ചാത്തല സംഗീതം, ലൊക്കേഷനിലെ റെക്കാഡിംഗ്, ഡബ്ബ് ചെയ്തത്, സൗണ്ട് എഫക്ട്സ് എന്നിവയെല്ലാം വേണ്ട അളവിൽ ചേർത്ത് സിനിമയുടെ ശബ്ദം സൃഷ്ടിക്കുന്നതാണ് എന്റെ ജോലി. ശരിക്ക് പറഞ്ഞാൽ ഒരു പാചകക്കാരന്റെ പണിയാണ്. ഈ ചേരുവകളൊന്നും കൂടാനും കുറയാനും പാടില്ല. മിക്സ് കഴിഞ്ഞാൽ സിനിമ റെഡിയായി.
സംഗീതം തുണയായി
വലിയ അളവിൽ മ്യൂസിക്കൽ സെൻസുണ്ടെങ്കിൽ മാത്രമേ ഈ ജോലി ചെയ്യാനാകൂ. ഒരുപാട് നാൾ കഷ്ടപ്പെട്ടിട്ടാകും സംഗീതസംവിധായകൻ ഒരു മ്യൂസിക് ബിറ്റ് ചെയ്യുന്നത്. സംഗീതത്തെ കുറിച്ച് അറിവുണ്ടെങ്കിൽ മാത്രമേ ഒരു സീനിന്റെ പശ്ചാത്തലത്തിൽ അത് ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാവൂ. ആ തീരുമാനം സംവിധായകനെയും സംഗീതസംവിധായകനെയുമെല്ലാം ബോദ്ധ്യപ്പെടുത്താനും കഴിയണം. അവർക്കും സന്തോഷമാകുമ്പോൾ മാത്രമേ ജോലി പൂർണമാകൂ. അവിടെ എന്റെ സംഗീത പശ്ചാത്തലം ഒരുപാട് ഗുണം ചെയ്യാറുണ്ട്. കുഞ്ഞായിരിക്കുമ്പോൾ മുതൽ അച്ഛന്റെ കൂടെ എല്ലാ റെക്കാഡിംഗിനും പോകുമായിരുന്നു. തിരുവനന്തപുരത്ത് തരംഗിണി സ്റ്റുഡിയോയിലേക്കാണ് ആദ്യ കാലയാത്രകൾ. ആദ്യമായി ചെന്നൈയിൽ പോകുന്നത് മണിച്ചിത്രത്താഴിന്റെ റെക്കാഡിംഗിന് വേണ്ടിയാണ്. അച്ഛന്റെ കച്ചേരികൾക്കും കൂടെ പോകും. ഇന്ന് ലൈവ് സൗണ്ട് എന്ന മേഖലയിൽ ഒരുപാട് മാറ്റങ്ങളുണ്ടാകുന്നുണ്ട്. അന്ന് അമ്പലപ്പറമ്പിൽ വയ്ക്കുന്നത് രണ്ട് മൈക്കുകളും ആംപ്ളിഫയറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതെല്ലാം കണ്ടാണ് വളർന്നത്. ശബ്ദവും സംഗീതവുമെല്ലാം രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു എന്ന് പറയാം.
സ്വപ്നം കണ്ടത് ഛായാഗ്രഹണം
ഏതൊരു സാധാരണക്കാരനെയും പോലെ എനിക്കും സിനിമയെന്നാൽ ദൃശ്യങ്ങളായിരുന്നു. ഛായാഗ്രഹണം പഠിക്കാൻ സീറ്റു കിട്ടുമോ, അതിന് എന്ത് ചെയ്യണം എന്നറിയാനാണ് പ്രിയൻ മാമനെ വിളിക്കുന്നത്. അദ്ദേഹം ഞങ്ങളുടെ കുടുംബത്തിലെ അംഗമാണ്. നിനക്കെന്താണ് പെട്ടെന്ന് ഇങ്ങനെയൊരു മോഹം തോന്നാൻ എന്നാണ് അദ്ദേഹം ചോദിച്ചത്. കാമറ പഠിച്ചിട്ട് വരുമ്പോൾ പ്രിയൻ മാമൻ എനിക്ക് പടം തരില്ലേ എന്നായി ഞാൻ. ഓഹോ നീ അതു പ്രതീക്ഷിച്ചിട്ടാണോ പഠിക്കാൻ പോകുന്നത്. നീ പഠിച്ചിട്ട് വരുമ്പോൾ എനിക്ക് സിനിമയുണ്ടാകുമെന്ന് എന്താണ് ഉറപ്പ്. മാത്രമല്ല പഠിച്ചു കഴിഞ്ഞ് ആരുടെയെങ്കിലും അസിസ്റ്റന്റാകണം, ആരുടെ കൂടെ പോകും. ഞാൻ പറഞ്ഞു, സന്തോഷേട്ടന്റെ (സന്തോഷ് ശിവൻ) കൂടെ പോകും. അപ്പോൾ പ്രിയൻ മാമൻ പറഞ്ഞു, എടാ മോനേ സിനിമ എന്താണെന്ന് നിനക്ക് അറിയില്ല. നിന്റെ അച്ഛനും ചിറ്റപ്പനും വഴിയുള്ള സിനിമയേ നിനക്കറിയൂ. വീട്ടിൽ വരുന്ന അങ്കിളുമാരും ആന്റിമാരുമൊക്കെയാണ് നിന്റെ സിനിമ. അതുപോരാ... സിനിമ എന്താണെന്ന് പഠിക്കണം. ഞാനിവിടെ പുതിയ സ്റ്റുഡിയോ തുടങ്ങുന്നുണ്ട്. ഡിഗ്രി കഴിഞ്ഞ് നീ ഇങ്ങു പോര്. സിനിമയെക്കുറിച്ച് മനസിലാക്കിയിട്ട് എവിടേക്കാണെന്ന് വച്ചാൽ പൊയ്ക്കോ. അങ്ങനെയാണ് ചെന്നൈയിൽ പ്രിയൻ മാമന്റെ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ എത്തുന്നത്. ശബ്ദമാണ് എന്റെ മേഖല എന്ന് സ്വാഭാവികമായി തിരിച്ചറിഞ്ഞതാണ്. ആറേഴ് മാസത്തെ പരിപാടിക്ക് വന്നയാൾ 20 കൊല്ലമായി അവിടെ ജോലി ചെയ്യുന്നു.
പാട്ടിന്റെ വഴിയേ
വീട്ടിൽ ഇത്രയും പാട്ടുകാരുണ്ടായിട്ടും പാടാറില്ലേ എന്ന് എല്ലാവരും ചോദിക്കാറുണ്ട്. പാട്ടിനോട് താത്പര്യമുണ്ട്. എട്ടു വർഷം മൃദംഗം പഠിച്ചു. മാവേലിക്കര കൃഷ്ണൻകുട്ടി നായർ സാറാണ് ആദ്യ ഗുരു. തൃപ്പൂണിത്തുറ രാധാകൃഷ്ണൻ, ട്രിവാൻഡ്രം സുരേന്ദ്രൻ, അനിലേട്ടൻ എന്നിവരും പഠിപ്പിച്ചു. എല്ലാം മഹാൻമാരായ കലാകാരന്മാർ. അതുകഴിഞ്ഞ് കീബോർഡ് പഠിച്ചു. രണ്ടു കൈ കൊണ്ടും വായിക്കാൻ പറ്റുക എന്ന് പറഞ്ഞാൽ ഒരു ലെവലാണ്. അതു കിട്ടി കഴിഞ്ഞപ്പോൾ നിറുത്തി. വയലിൻ പഠിക്കണമെന്ന് അച്ഛന്റെ ആഗ്രഹമായിരുന്നു. അതും പ്രാക്ടീസായി വന്നപ്പോൾ നിറുത്തി. നല്ലമ്മ (പ്രൊഫസർ കെ.ഓമനക്കുട്ടി) എന്നെ പാട്ട് പഠിപ്പിക്കാനായി ഒരു ബാച്ച് തന്നെ തുടങ്ങി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ നിറുത്തി. കൂടെ പഠിച്ചവരൊക്കെ പാട്ടുകാരായി. അന്ന് സംഗീതത്തിന്റെ മൂല്യം തിരിച്ചറിയാത്തതിൽ ദുഃഖമുണ്ട്. പക്ഷേ, ഇപ്പോൾ ചെയ്യുന്ന ജോലി എന്റെ പാഷനാണ്. സംഗീതം കൂടുതൽ പഠിച്ചിരുന്നെങ്കിൽ ഈ രംഗത്തും ഉപകാരപ്പെട്ടേനെ. അച്ഛൻ പറയും, അവന്റെ വിധി എന്താണോ അതിലേക്ക് എത്തിച്ചേരും, തല്ലി പഴുപ്പിക്കേണ്ട എന്ന്. ചിറ്റപ്പന്റെ കാര്യമാണ് ഉദാഹരണമായി പറഞ്ഞിരുന്നത്. ബാങ്കുദ്യോഗസ്ഥനായ ചിറ്റപ്പൻ പിന്നീട് പാട്ടുകാരനായില്ലേ. മാത്രമല്ല അച്ഛനും ചിറ്റപ്പനും നല്ലമ്മയുമെല്ലാം ലെജൻഡ്സാണ്. സംഗീതരംഗത്തായിരുന്നെങ്കിലും അവരുടെ ഏഴയലത്ത് നിൽക്കാൻ പറ്റില്ല എന്നാണ് തോന്നുന്നത്. അപ്പോൾ സ്വന്തം വഴി കണ്ടെത്തുന്നതല്ലേ നല്ലത്.
അവാർഡ് വാങ്ങാൻ അമ്മയ്ക്കൊപ്പം
അച്ഛന്റെ ഒരു ആരാധികയായി ജീവിക്കുന്നയാളാണ് ഇന്നും അമ്മ. അച്ഛന് ലഭിക്കാതെ പോയത് പുരസ്കാരം മകന് കിട്ടിയപ്പോൾ അമ്മയ്ക്കുണ്ടായ സംതൃപ്തിയാണ് എന്റെ സന്തോഷം. പുരസ്കാരം അമ്മയോടൊപ്പം പോയി വാങ്ങണം. എന്റെ വളർച്ച അച്ഛൻ എത്രമാത്രം കണ്ടിട്ടുണ്ടെന്ന് അറിയില്ല. എന്നിൽ പ്രതീക്ഷയുണ്ടായിരുന്നോ എന്നും അറിയില്ല. പഠിക്കുന്ന കാലത്ത് അത്യാവശ്യം ഉഴപ്പായിരുന്നു. പക്ഷേ, അച്ഛന് സന്തോഷം നൽകിയ ഒന്നുരണ്ട് അനുഭവങ്ങളുണ്ട്. അനന്തഭദ്രമാണ് അച്ഛനും ഞാനും ഒരുമിച്ച ഒരേയൊരു സിനിമ. അതിന് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. സംസ്ഥാന അവാർഡ് ലഭിച്ചില്ലെങ്കിലും മറ്റുനിരവധി അവാർഡുകൾ എന്നെത്തേടിയും വന്നു. പലതും അച്ഛനോടൊപ്പം സ്റ്റേജിൽ നിന്ന് വാങ്ങാൻ കഴിഞ്ഞു. അതുപോലെ അച്ഛനെ അവസാനമായി ഐ.സി.യുവിലേക്ക് കൊണ്ടു പോകുന്ന സമയത്ത്, ടിവിയിൽ സത്യൻ അന്തിക്കാട് അങ്കിളിന്റെ ഒരു അഭിമുഖം കാണിക്കുകയായിരുന്നു. അതിൽ അച്ഛനെ കുറിച്ച് പറഞ്ഞു. സത്യൻ അന്തിക്കാട് രചിച്ച ഓ മൃദുലേ എന്ന പാട്ടിന് അച്ഛനാണ് സംഗീതം ചെയ്തത്. അതിനിടയിൽ എന്നെ കുറിച്ചും ചില നല്ല വാക്കുകൾ പറഞ്ഞു. അതുകേട്ട് കിടക്കുകയായിരുന്ന അച്ഛന്റെ കണ്ണുകൾ നിറഞ്ഞു. അതിന് ശേഷമാണ് ഐ.സി.യുവിലേക്ക് കൊണ്ടുപോയത്, പിന്നീട് തിരികെ വന്നില്ല. ഒരനുഗ്രഹം എനിക്ക് തന്നിട്ടാകാം അച്ഛൻ പോയത്. മകൾ ഗൗരി പാർവതി. ഒമ്പതാം ക്ളാസിലായി. നന്നായി ചിത്രം വരയ്ക്കും. നൃത്തമാണ് മറ്റൊരിഷ്ടം. പാട്ടു പാടാനും താത്പര്യം കാണിക്കുന്നുണ്ട്. ഭാര്യ മഞ്ജുവും വലിയ പിന്തുണയാണ്