മനാമ: കഴിഞ്ഞ ദിവസം ഡൽഹിയിൽ അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജയ്‌റ്റ്‌ലിയുടെ ഓർമകൾക്ക് മുന്നിൽ വികാരാധീതനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹ്‌റിനിലെ പ്രസംഗം. ബഹ്‌റ്‌നിൽ ഇന്ത്യാക്കാരുമായി സംസാരിക്കുമ്പോൾ ജയ്‌റ്റ്‌ലിയുമായുള്ള ദീർഘകാലത്തെ സൗഹൃദം ഓർമിച്ച മോദി തനിക്ക് ഒരു പ്രിയ സുഹൃത്തിനെ നഷ്‌ടമായെന്നും പറഞ്ഞു.
സ്വന്തം കടമകളിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. ബഹ്‌റിനിൽ ഉത്സവാന്തരീക്ഷത്തിൽ നിൽക്കുമ്പോഴും എന്റെ ഹൃദയം ദുഖത്താൽ ആർദ്രമാവുകയാണ്. എന്റെ പൊതുജീവിതത്തിൽ കൂടെ നടന്ന സുഹൃത്ത്, രാഷ്ട്രീയ യാത്രയിൽ ഒപ്പമുണ്ടായിരുന്നയാൾ, എപ്പോഴും താൻ ബന്ധപ്പെട്ടിരുന്ന ഒരാൾ, എനിക്കൊപ്പം ദുരിതങ്ങൾ പങ്കിട്ടയാൾ, ഒരുമിച്ച് സ്വപ്‌നം കാണുകയും ഒന്നിച്ച് അത് നേടുകയും ചെയ്‌തയാൾ, ഇന്ത്യയുടെ മുൻ പ്രതിരോധ, ധനകാര്യമന്ത്രിയും പ്രിയ സുഹൃത്തുമായ അരുൺ ജയ്‌റ്റ്‌ലി അന്തരിച്ചിരിക്കുന്നു. എന്റെ സുഹൃത്ത് നിത്യതയിലേക്ക് അലിയുമ്പോൾ ഞാൻ ഇത്രയും ദൂരെയാണെന്ന കാര്യം ചിന്തിക്കാൻ പോലും കഴിയുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുൻ വിദേശകാര്യമന്ത്രിയും സഹോദരിയുമായിരുന്ന സുഷമാ സ്വരാജ് മരിച്ചിരുന്നു. ഇപ്പോൾ പ്രിയ സുഹൃത്ത് അരുൺ ജെയ്‌റ്റ്‌ലിയും യാത്രയായി - കണ്ണീരിറ്റുവീഴുന്നത് പോലെ മോദി പറഞ്ഞുനിറുത്തി. അരുൺ ജയ്‌റ്റ്‌ലിയുടെ കുടുംബത്തെ വിളിച്ച മോദി തന്റെ അനുശോചനം ഇവരെ അറിയിച്ചു. വിദേശയാത്ര വെട്ടിച്ചുരുക്കി വരേണ്ടതില്ലെന്ന് ജയ്‌റ്റ്‌ലിയുടെ കുടുംബം മോദിയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇന്ന് പാരീസിൽ നടക്കുന്ന ജി 7ഉച്ചകോടി ഒഴിവാക്കി സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച പ്രധാനമന്ത്രിയെ ബന്ധുക്കൾ തടയുകയായിരുന്നു.
#WATCH PM Modi while addressing the Indian community in Bahrain, reacts on the demise of #ArunJaitley: I can't imagine that I am so far here while my friend has gone away. Some days ago, we lost our former External Affairs Minister Behen Sushma Ji. Today my friend Arun went away pic.twitter.com/NcMZ5dU069
— ANI (@ANI) August 24, 2019
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായാണ് മോദി ബഹ്‌റിനിലെത്തിയത്. നേരത്തെ ഫ്രാൻസ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും മോദി സന്ദർശിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ആഗസ്‌റ്റ് 9ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച ജയ്‌റ്റ‌്ലി ഇന്നലെ ഉച്ചയ്‌ക്ക് 12മണിയോടെയാണ് മരിച്ചത്. കെെലാഷ് നഗറിലെ വീട്ടിലേക്കു കൊണ്ടുപോയ ഭൗതിക ശരീരം ഇന്ന് രാവിലെ 10മുതൽ ഉച്ചവരെ ബി.ജെ.പി ആസ്ഥാനത്ത് പൊതുദർശനത്തിനു വച്ചശേഷം ഡൽഹി യമുനാ തീരത്തെ നിഗംബോധ് ഘട്ടിൽ സംസ‌്‌കരിക്കും.