autism

തിരുവനന്തപുരം: ഓട്ടിസം ബാധിച്ച ആൺകുട്ടിയെ സ്‌കൂൾ അദ്ധ്യാപകൻ ശാരീരികമായി പീഡിപ്പിച്ചുവെന്ന് കുട്ടിയെ പരിശോധിച്ച മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ. സംഭവത്തിൽ പ്രതിയായ അദ്ധ്യാപകൻ സന്തോഷ് കുമാറിനെ ഉടൻ തന്നെ പിടികൂടുമെന്നാണ് ശ്രീകാര്യം പൊലീസിന്റെ വിശദീകരണം. ഇപ്പോൾ ഒളിവിൽ കഴിയുന്ന ഇയാളെ കണ്ടെത്താൻ തിരച്ചിൽ നടത്തുമെന്നും ശ്രീകാര്യം പൊലീസ് അറിയിച്ചു. അതേസമയം, കേസിൽ പ്രതിയായ അദ്ധ്യാപകൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. അദ്ധ്യാപകനെ കേസിൽ നിന്നും രക്ഷിക്കാൻ പൊലീസും സ്‌കൂൾ അധികൃതരും ശ്രമിക്കുകയാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ അദ്ധ്യാപകൻ ഒന്നാം നിലയിലെ അദ്ധ്യാപകരുടെ ബാത്ത് റൂമിൽ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചെന്ന് മാതാപിതാക്കളാണ് പരാതി നൽകിയത്. ചോക്ളേറ്റ് നൽകി മൊബൈലിൽ അശ്ലീല ചിത്രം കാണിച്ചായിരുന്നു പീഡനം. അമ്മയോട് പറഞ്ഞാൽ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ജൂലായ് 27 നാണ് പീഡനവിവരം പുറത്ത് അറിയുന്നത്. കുട്ടിയെ ചികിത്സിക്കുന്ന സ്പീച്ച് തെറാപ്പിസ്റ്റിനോടാണ് കുട്ടി വിവരം ആദ്യം പറയുന്നത്. തുടർന്ന് ശ്രീകാര്യം പൊലീസിൽ പരാതി നൽകി. പൊലീസിനെ പീഡനം നടന്ന ബാത്ത്റൂമും സ്ഥലവുമടക്കം കുട്ടി കാണിച്ച് കൊടുത്തതിനെത്തുടർന്ന് പൊലീസ് നിർദ്ദേശിച്ചതനുസരിച്ച് മജിസ്‌ട്രേറ്റിന് മുന്നിലും കുട്ടി മൊഴി നൽകി. മറ്റൊരു ജില്ലയിൽ നിന്ന് കുട്ടിയുടെ ചികിത്സയ്ക്കായി കഴിഞ്ഞ മൂന്നുവർഷമായി ഇവിടെ താമസിക്കുകയാണ് കുടുംബം. അതിനിടെ കേസിൽ പ്രതിയായ അദ്ധ്യാപകനെ പൊലീസ് അറസ്‌റ്റ് ചെയ്‌തില്ലെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ ഡി.ജി.പിക്കും പരാതി നൽകിയിരുന്നു.

എന്നാൽ കോടതിക്ക് മുന്നിലും അന്വേഷണ സംഘത്തിന് മുന്നിലും കുട്ടി കൊടുത്ത മൊഴിയിൽ വൈരുദ്ധ്യമുള്ളതിനാലാണ് പ്രതിയെ അറസ്റ്റു ചെയ്യാത്തതെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കീഴിൽ ഒരു വിദഗ്ദ്ധ ടീമിനെ കൊണ്ട് കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷമേ നടപടി സ്വീകരിക്കുകയുള്ളൂ എന്നുമായിരുന്നു കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷ്ണർ അനിൽകുമാറിന്റെ നിലപാട്. തുടർന്ന് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സീനിയർ ഡോക്ടറായ ഇന്ദു. വി. നായരുടെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ സംഘം കുട്ടിയെ പരിശോധിക്കുകയും പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്‌തു. ഇതനുസരിച്ച് പൊലീസിനും സംഘം റിപ്പോർട്ട് കൈമാറി. എന്നാൽ ഇതുവരെയും പ്രതിയെ പിടികൂടാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.