തിരുവനന്തപുരം: ഏതൊരു വസ്തുവിനെയും പോലെ ഭൂമിക്കും ഒരു തുടക്കവും അവസാനവും ഉണ്ടെന്ന് ശാസ്ത്രലോകം അംഗീകരിച്ച കാര്യമാണ്. എന്നാൽ ഭൂമിയുടെ ഉത്പത്തിയെക്കുറിച്ചും അവസാനത്തെക്കുറിച്ചും നിരവധി സിദ്ധാന്തങ്ങളാണ് നിലവിലുള്ളത്. ഭൂമിയുടെ അവസാനം എന്നായിരിക്കുമെന്നതിനെക്കുറിച്ച് നിരവധി വിശ്വാസങ്ങളും പ്രവചനങ്ങളും ഉണ്ടെന്നതും നേരാണ്. പക്ഷേ ഇത്തരത്തിലുള്ള പല സിദ്ധാന്തങ്ങൾക്കും ശാസ്ത്രീയ അടിത്തറയില്ല. ഇപ്പോഴിതാ ഭൂമിയുടെ അവസാനത്തെക്കുറിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനും വി.എസ്.എസ്.സി ഡയറക്ടറുമായ എസ്.സോമനാഥ്. കൗമുദി ടി.വിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.
ഭൂമി അവസാനിക്കുമെന്ന വാദങ്ങളും വിശ്വാസങ്ങളുമുണ്ട്. ശാസ്ത്രജ്ഞൻ എന്ന നിലയിൽ എന്തുപറയുന്നു?
തീർച്ചയായും. ഭൂമി അവസാനിക്കും. കാരണം സൂര്യൻ അവസാനിക്കുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. സൂര്യന്റെ ആയുസ് 15 ബില്യൺ വർഷമാണ്.
ഭൂമിക്കോ?
എന്റെ ഓർമ്മ ശരിയാണെങ്കിൽ സൂര്യന്റെ ഇതുവരെയുള്ള ആയുസ് നോക്കിയാൽ നാല് ബില്യൺ വർഷങ്ങൾ കൂടി ബാക്കിയുണ്ടാകും. പേടിക്കേണ്ട ഇനിയും ഒരുപാട് സമയമുണ്ട്. ഭൂമി താനെ ഇല്ലാതാകും. കാരണം സൂര്യൻ ഇന്ധനം കത്തിത്തീരുന്നതോടെ വലിപ്പം വർദ്ധിക്കും. വർദ്ധിച്ച് അത് ഭൂമിയുടെ ഭ്രമണപഥത്തിന്റെ അത്രയും വലുതാകും. അതിനുമപ്പുറം കടക്കും. അപ്പോൾ ഭൂമി സൂര്യന് ഉള്ളിലാകും. ആ സമയത്ത് ഭൂമിയും മറ്റു ഗ്രഹങ്ങളും ഒക്കെ ഇല്ലാതാകും. കത്തിത്തീരുമ്പോൾ വീണ്ടും ചെറുതായി ന്യൂട്രോൺ സ്റ്റാറായി സൂര്യൻ മാറും. അന്ന് സൂര്യൻ അവസാനിക്കും.
ഭൂമിയിൽ നിന്ന് മാറി മനുഷ്യന് താമസിക്കാൻ മറ്റു വല്ല ഇടവുമുണ്ടോ?
സൗരയൂഥത്തിൽ നിന്ന് 31 പ്രകാശവർഷം അകലെ ഭൂമിയെപ്പോലെയുള്ള ഒരു ഗ്രഹത്തെ ഈയിടെ കണ്ടെത്തിയിട്ടുണ്ട്. മൂന്നു ഗ്രഹങ്ങളുണ്ട്. അവിടെ ജലവും അന്തരീക്ഷവുമുണ്ട്. അവിടുത്തെ താപനില 120 ഡിഗ്രിയേ ഉള്ളു. അതിന്റെഅർത്ഥം മനുഷ്യന് അവിടെ യാത്ര ചെയ്ത് എന്നെങ്കിലും എത്താമെങ്കിൽ കോളനി ഉണ്ടാക്കാമെന്നാണ് . പക്ഷേ 31 ലൈറ്റ് ഈയേഴ്സ് യാത്ര ചെയ്യാൻ പറ്റുമോ എന്നു വാദിച്ചാൽ ചിലപ്പോൾ നടക്കില്ല. ചിലപ്പോൾ ഒരു തലമുറ കൊണ്ട് പറ്റിയെന്നുവരില്ല. അടുത്ത തലമുറകളിൽ നടന്നേക്കാം. ഭൂമി അവസാനിച്ചാൽ മനുഷ്യൻ വേറെ വഴി കണ്ടുപിടിക്കും. മനുഷ്യനു മാത്രമേ അതിനുള്ള ബുദ്ധി ഉള്ളു.
(അഭിമുഖത്തിന്റെ പൂർണരൂപം യൂട്യൂബിൽ കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ പരിപാടിയിൽ കാണാം)