iran-ameirca

തെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടയിൽ തങ്ങളുടെ പുതിയ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനം ഇറാൻ പുറത്തിറക്കി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഇറാന പ്രസിഡന്റ് ഹസൻ റൂഹാനിയാണ് ബാവർ 373 എന്ന് പേരിട്ടിരിക്കുന്ന മിസൈൽ പ്രതിരോധ സംവിധാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌തത്. റഷ്യൻ നിർമിത എസ് 300 മിസൈലുകളേക്കാൾ കാര്യക്ഷമയുള്ളതാണ് ബാവർ 373 എന്നാണ് ഇറാന്റെ അവകാശവാദം. 300 കിലോമീറ്റർ പ്രഹരശേഷിയുള്ള മിസൈൽ 65 കിലോമീറ്റർ ഉയരത്തിൽ പറക്കുന്ന മിസൈലിനെപ്പോലും പ്രതിരോധിക്കുമെന്നും ഇറാൻ മാദ്ധ്യമങ്ങൾ അവകാശപ്പെടുന്നു. എന്നാൽ മിസൈലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

റഷ്യൻ മിസൈൽ പ്രതിരോധ സംവിധാനമായ എസ് 300 വാങ്ങാൻ 2007ൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്ന് 2010ൽ റഷ്യ ഈ കരാറിൽ നിന്നും പിന്മാറി. തുടർന്നാണ് തദ്ദേശീയമായി മിസൈൽ പ്രതിരോധ സംവിധാനം ഒരുക്കാൻ ഇറാൻ തീരുമാനിച്ചത്. തുടർന്ന് 2016ൽ ബാവർ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ആദ്യ ചിത്രങ്ങൾ ഇറാൻ പുറത്തുവിട്ടു. പിന്നാലെ 2018 ജനുവരിയിൽ മിസൈൽ പരീക്ഷിക്കുന്നതിന്റെ ചിത്രങ്ങളും ഇറാൻ പുറത്തുവിട്ടു. മെറാജ് 4 ഫയർ കൺട്രോൾ റഡാർ സ്ഥാപിച്ചിട്ടുള്ള മിസൈൽ പ്രതിരോധ സംവിധാനത്തിന് ഒരേസമയം നൂറോളം ടാർഗറ്റുകളെ കണ്ടെത്താനും അവയിൽ 60 എണ്ണത്തിനെ പിന്തുടർന്ന് ഒരേസമയം ആറെണ്ണത്തിനെ വരെ തകർക്കാനും കഴിയും. വ്യത്യസ്ത ഉയരത്തിൽ പറക്കുന്ന മിസൈലുകളെ കണ്ടെത്താൻ ഒരേസമയം മൂന്ന് മിസൈലുകൾ വരെ അയയ്‌ക്കാൻ ബാവറിന് കഴിയും. ബാലിസ‌്‌റ്റിക്, ക്രൂസ് മിസൈലുകളും വിമാനങ്ങളെയും ഡ്രോണുകളെയും കണ്ടെത്തി തകർക്കാൻ ബാവറിന് കഴിയുമെന്ന് നേരത്തെ തന്നെ ഇറാൻ അവകാശപ്പെട്ടിരുന്നു. എസ് 300ന്റെ ഇറാനിയൻ വേർഷൻ നിർമിക്കാനല്ല തങ്ങൾ ശ്രമിച്ചതെന്നും രാജ്യത്തിന് വേണ്ടി സ്വന്തമായി ഒരു മിസൈൽ പ്രതിരോധ സംവിധാനം നിർമിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇറാൻ വ്യക്തമാക്കുന്നു.

#Iranian armed forces unveiled the homemade long-range air defence system, “Bavar-373” on the National Defense Industry Day on August 22 pic.twitter.com/1BCvEXImB5

— Tasnim News Agency (@Tasnimnews_EN) August 22, 2019


അതേസമയം, അമേരിക്കയുമായുള്ള തർക്കം തുടരുന്നതിനിടയിൽ ഇറാൻ തദ്ദേശീയമായി മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിച്ചത് മേഖലയിൽ കൂടുതൽ സംഘർഷത്തിന് കാരണമാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നേരത്തെ ഇറാൻ തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ ഉപയോഗിച്ച് അമേരിക്കയുടെ അത്യാധുനിക ആർക്യൂ 4 ഗ്ലോബർ ഹോക്ക് നിരീക്ഷണ വിമാനത്തെ വെടിവച്ചിട്ടിരുന്നു. തങ്ങളുടെ വ്യോമപരിധി ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇറാന്റെ പ്രകോപനം. അതേസമയം, ബാവറിനേക്കാൾ മികച്ച മിസൈൽ പ്രതിരോധം ഇറാന്റെ കൈവശമുണ്ടെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്‌ദ്ധർ വ്യക്തമാക്കുന്നത്.