bsf

കച്ച്: ഗുജറാത്തിലെ റാൺ ഒഫ് കച്ച് തീരത്തുനിന്നും രണ്ട് പാകിസ്ഥാനി ബോട്ടുകൾ കണ്ടെടുത്ത് ബോർഡർ സെക്യൂരിറ്റി ഫോഴ്സ്(ബി.എസ്.എഫ്). കച്ചിലെ ഹറാമി നള ഭാഗത്തുനിന്നുമാണ് ഈ ബോട്ടുകൾ കണ്ടെടുത്തത്. റാൺ ഒഫ് കച്ച് ഇന്ത്യ പാക് അതിർത്തിയോടു ചേർന്ന് കിടക്കുന്ന സ്ഥലമാണ്. കണ്ടെടുത്ത ബോട്ടുകൾ മത്സ്യ ബന്ധനത്തിനായി ഉപയോഗിക്കുന്നതാണെന്നാണ് പ്രാഥമിക അനുമാനം. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഈ ബോട്ടുകളിൽ രണ്ടിലും സിംഗിൾ എഞ്ചിനുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. 2008ലെ മുംബയ് ആക്രമണം നടത്താൻ പാക് ഭീകരവാദികൾ എത്തിയത് ബോട്ടുകളിലായിരുന്നു.

ബോട്ടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഈ പ്രദേശത്ത് ബി.എസ്.എഫ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. എന്നാൽ സംശയാസ്പദമായി ഒന്നും ഇനിയും ഇവിടെ നിന്നും ഇനിയും കണ്ടെടുത്തിട്ടില്ല. ഇന്നലെ പുലർച്ചെ 6: 30നാണ് ബോട്ടുകൾ സൈന്യം കണ്ടെത്തുന്നത്. കച്ചിലെ സർ ക്രീക്ക് പ്രദേശത്തുള്ള ചളി നിറഞ്ഞ ആഴമില്ലാത്ത വാട്ടർ ചാനലാണ് ഹറാമി നള. ഇതിനു മുൻപും ഈ ഭാഗത്ത് നിന്നും മത്സ്യബന്ധന ബോട്ടുകളും മറ്റും ഉപേക്ഷിക്കപ്പെട്ട നിലയിൽ ബി.എസ്.എഫ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ മേയിൽ ഇത്തരത്തിൽ ബോട്ടുകൾ കണ്ടെടുത്തപ്പോൾ ഇതിലുണ്ടായിരുന്ന പാക് മീൻപിടുത്തക്കാർ ഓടി രക്ഷപ്പെട്ടിരുന്നു.