rupay-card

യു.എ.ഇയുമായയുള്ള ഇന്ത്യൻ സൗഹൃദത്തിന് ഒന്നുകൂടി ശക്തി പ്രാപിക്കുകയാണ്. ഇന്ത്യയുടെ സ്വന്തം റുപെ കാർഡ് നിലവിൽവരുന്നതോടെ മദ്ധ്യപൂർവദേശത്തെ ആദ്യ രാജ്യം എന്ന വിശേഷണം ഇനി യു.എ.ഇ.ക്ക് സ്വന്തമാകും. ഡിജിറ്റൽ പെയ്‌മെന്റുകൾ, വ്യാപാരം, ടൂറിസം എന്നിവയിൽ ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുകയെന്നതാണ് ഈ നീക്കത്തിന് പിന്നിൽ. നിലവിൽ സിങ്കപ്പൂരിലും ഭൂട്ടാനിലുമാണ് ഇന്ത്യയ്ക്ക് പുറത്ത് റുപെ കാർഡുകൾ ഉപയോഗിക്കാനാവുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ. സന്ദർശനത്തോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ വിവിധ രംഗങ്ങളിലുള്ള സഹകരണം കൂടുതൽ ശക്തമാകുമെന്നും യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി പറഞ്ഞു.

എന്നാൽ, റൂപെ കാർഡ് അവതരിപ്പിക്കുന്നതിലൂടെ പ്രവാസികൾക്ക് എങ്ങനെയാണ് ഗുണങ്ങളുണ്ടാവുക എന്ന് സംശയമുണ്ടാകും. റൂപെ കാർഡ് വരുന്നതോടെ രൂപയ്ക്ക് ഏറ്റവും മികച്ച വിനിമയ മൂല്യം ലഭിക്കും എന്നതാണ് പ്രധാന കാര്യം. ദിർഹവും മറ്റും രൂപയിലേക്ക് മാറ്റിയെടുക്കുമ്പോൾ നൽകേണ്ട പ്രോസസിംഗ് ഫീസ് കുറവാണ്. അത് പ്രവാസികൾക്ക് ഗുണകരമാകും. അതുപോലെ വിസാ, മാസ്റ്റർ കാർഡുകൾ പോലെ റുപേ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാമെന്നതിനാൽ ഡ്യൂട്ടി ഫ്രീ ഷോപ്പിലും മറ്റു കടകളിലുമെല്ലാം നൽകാം.

rupay-card

കൂടാതെ ഇന്ത്യയിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്കും ഇത് സഹായകരമാകും. മറ്റൊരു ഗുണം എന്തെന്നാൽ കേന്ദ്ര സർക്കാർ തന്നെ പ്രചരിപ്പിക്കുന്നതിനാൽ ചാർജുകൾ കുറച്ചാവും ഈടാക്കുക. മറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോഴുള്ള ചാർജുകൾ പോലെയല്ല. സ്വന്തം കീശയിൽ നിന്ന് പണം പോകില്ല. ഇവിടെ സർക്കാർ തന്നെ അതു ചെയ്യുന്നതു കൊണ്ട് അധിക ചാർജ് ഈടാക്കില്ല.

കാർഡിന്റെ ഇന്ത്യയിലെ ഇടപാടുകൾ നടക്കുന്നത് നാഷണൽ പെയ്മെന്റ് കോർപറേഷൻ ഒഫ് ഇന്ത്യ വഴിയും യു.എ.ഇയിലേത് മെർക്കുറി പേയ്മെന്റ് സർവീസ് വഴിയുമാണ്. കാർഡ് നിലവിൽ വരുന്നതോടെ പണം ഇന്ത്യയിലും യു.എ.ഇയിലും കിടക്കുന്നത് ഒരു പോലെയാകുമെന്നാണ് ഐ.ബി.എം.സി സി.ഇ.ഒയും എം.ഡിയുമായ സജിത് കുമാർ വ്യക്തമാക്കുന്നത്. മികച്ച വിനിമയ മൂല്യം ലഭ്യമാകുമ്പോൾ പണം നാട്ടിലേക്ക് അയച്ചിട്ട് ഇവിടെ കാർഡ് ഉപയോഗിക്കാം. മുൻപ് നാട്ടിലേക്ക് പണം അയച്ചു കഴിഞ്ഞ് ഇവിടെ പലരും ഏറെ ബുദ്ധിമുട്ടിലാകുമായിരുന്നു. സപ്ലിമെന്ററി കാർഡിലൂടെ നാട്ടിലെ ബന്ധുക്കൾക്കും ഇവിടെയും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലേക്ക് കാർഡ് മാറുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളെന്നും അദ്ദേഹം പറഞ്ഞു.

റുപെ കാർഡ്?

rupay-card

റുപെ കാർഡ് എന്നാൽ മാസ്റ്റർകാർഡ്, വിസ തുടങ്ങിയവയ്ക്ക് പകരമുള്ളതാണ്. യു.എ.ഇ.യിലെ പി.ഒ.എസ്. ടെർമിനലുകളിലും റുപെ കാർഡുകൾ ഉപയോഗിക്കാൻ സാധിക്കും. എല്ലാ ഔട്ട്‌ലെറ്റുകളിലും ഉപയോഗിക്കാം. പണമിടപാടുകൾക്ക് മാസ്റ്റർ, വിസ ഡെബിറ്റ് കാർഡുകളേക്കാൾ നിരക്ക് വളരെ കുറവാണ്. സാധാരണ ഡെബിറ്റ് കാർഡുകൾ പോലെ എ.ടി.എം, പി.ഒ.എസ്, ഓൺലൈൻ സെയിൽസ് എന്നീ ആവശ്യങ്ങൾക്ക് റുപെ കാർഡുകൾ ഉപയോഗിക്കാം.

2012-ൽ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ പെയ്‌മെന്റ് കോർപ്പറേഷനാണ് റുപെ കാർഡ് ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യയിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, എച്ച്.ഡി.എഫ്‌.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, തുടങ്ങിയ പ്രമുഖ ബാങ്കുകളെല്ലാം റുപെ കാർഡ് അനുവദിക്കുന്നുണ്ട്.