missile

റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം. വിമാനത്താവളത്തിന് സമീപമുള്ള ഖമീസ് മുഷൈത്ത് വ്യോമതാവളത്തിന് നേരെയും ഡ്രോൺ ആക്രമണം നടത്തിയെന്ന് ഹൂതി സൈനിക വക്താവ് അറിയിച്ചു. രണ്ടിടങ്ങളിലെയും കൺട്രോൾ ടവറുകളിൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയെന്നാണ് അൽ മസൈറ ടിവിയിൽ സൈനിക വക്താവ് അവകാശപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ സൗദി അധികൃതരിൽ നിന്നും ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ ജൂൺ 12ന് ഹൂതികൾ നടത്തിയ വ്യോമാക്രമണത്തിൽ ഇന്ത്യാക്കാരി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

യെമന്റെ തലസ്ഥാനമായ സനായുൾപ്പെടെ രാജ്യത്തിന്റെ സിംഹഭാഗവും ഭരിക്കുന്ന ഹൂതി വിമതർ ഇറാന്റെ പിന്തുണയോടെ തങ്ങൾക്ക് നേരെ ആക്രമണം നടത്തുകയാണെന്ന് സൗദി അറേബ്യ ഏറെക്കാലമായി ആരോപിക്കുന്ന കാര്യമാണ്. ഇതിന് മറുപടിയായി യെമനിലെ സൈനിക, ജനവാസ കേന്ദ്രങ്ങളിൽ സൗദി നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം നടത്താറുണ്ട്. എന്നാൽ ഇപ്പോഴത്തേത് ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയർബേസ് ലക്ഷ്യമിട്ടുള്ളതാണെന്നും ഇത് ഏകദേശം വിജയിച്ചതായും ഇവിടുത്തെ കൺട്രോൾ ടവർ തകർക്കാൻ കഴിഞ്ഞതായും ഹൂതി വിമതന്മാർ അവകാശപ്പെട്ടു. സൗദി സഖ്യസേന യെമനിലെ ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിലെ പ്രതികാരമെന്നോണമാണ് ആക്രമണമെന്നും ഹൂതികൾ വ്യക്തമാക്കി.