woman-divorce

ദുബായ്: ഭർത്താവിന്റെ സ്‌നേഹം കൂടിപോയത് കാരണം വിവാഹമോചനത്തിനൊരുങ്ങി യു.എ.ഇയിലെ യുവതി. ഭർത്താവിന്റെ സ്നേഹം തന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുവെന്ന് കാണിച്ചാണ് ഫുജൈറയിലെ ഷാഹ്‌രിയ കോടതിയിൽ വിവാഹമോചന കേസ് ഫയൽ ചെയ്തത്. ഇവർ തമ്മിൽ വിവാഹം ചെയ്തിട്ട് ഒരു വർഷം മാത്രമേ ആയുള്ളൂ. ഭർത്താവിന്റെ സ്നേഹം വീർപ്പുമുട്ടിക്കുന്നതിനാൽ ഗത്യന്തരമില്ലാതെയാണ് താൻ വിവാഹമോചനത്തിന് ഒരുങ്ങുന്നതെന്നും ഗൾഫ്(യു.എ.ഇ) പൗരത്വമുള്ള യുവതി പറഞ്ഞു.

'അദ്ദേഹം ഒരിക്കൽപോലും എന്നെ വഴക്ക് പറയുകയോ വിഷമിപ്പിക്കുകയോ ചെയ്തിട്ടില്ല. സ്നേഹം കൊണ്ടും കരുതൽ കൊണ്ടും എന്നെ നിരന്തരം പൊതിയുകയായിരുന്നു അദ്ദേഹം. ഇതെന്നെ വല്ലാതെ ശ്വാസം മുട്ടിക്കുകയാണ്. വീട് വൃത്തിയാകാൻ പോലും അദ്ദേഹം എന്നെ സഹായിച്ചു. എനിക്കുവേണ്ടി അദ്ദേഹം ഭക്ഷണം ഉണ്ടാക്കുക പോലും ചെയ്തു. ഒരു വർഷം നീണ്ട ഒന്നിച്ചുള്ള ജീവിതത്തിനിടയ്ക്ക് ഒരിക്കൽ പോലും എന്നോട് അദ്ദേഹം വഴക്കിട്ടിട്ടില്ല.' ഭാര്യ കോടതിയിൽ തന്റെ വിഷമങ്ങളുടെ കെട്ടഴിച്ചു.

'ഞങ്ങൾ തമ്മിൽ ഒരു തവണയെങ്കിലും വഴക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷെ സ്നേഹമയനായ എന്റെ ഭർത്താവ് ഞാൻ ചെയ്യുന്ന ഒരു തെറ്റും ക്ഷമിക്കുകയും അതിന്റെയൊപ്പം എനിക്ക് പല സമ്മാനങ്ങളും നൽകുകയും ചെയ്തു. നമ്മൾ തമ്മിൽ ഒരു വാഗ്വാദം ഉണ്ടാവേണ്ടിയിരുന്നു. ഒരു ചെറിയ തർക്കമെങ്കിലും നമ്മൾക്കിടയിൽ വേണമായിരുന്നു. യാതൊരു പ്രശ്നനങ്ങളുമില്ലാത്ത ഈ ജീവിതം എനിക്ക് വേണ്ട. നരകമാണത്.' യുവതി കോടതിയിൽ പറഞ്ഞു.

താൻ ഒരു തെറ്റും തന്റെ ഭാര്യയോട് ചെയ്തിട്ടില്ലെന്നും അവർക്ക് വേണ്ടി ഒരു നല്ല ഭർത്താവാകാൻ മാത്രമേ താൻ ശ്രമിച്ചിട്ടുള്ളൂ എന്നും യുവതിയുടെ ഭർത്താവ് കോടതിയിൽ പറഞ്ഞു. ഭാര്യയോട് കേസ് പിൻവലിക്കാൻ അപേക്ഷിച്ച ഇയാൾ ഒരു വർഷം കൊണ്ട് ഒരു വിവാഹ ജീവിതത്തെ വിധിക്കാനാവില്ലെന്നും, എല്ലാവർക്കും തങ്ങളുടെ തെറ്റുകളിൽ നിന്നും പഠിക്കാനുള്ള അവസരത്തിന് അവകാശമുണ്ടെന്നും പറഞ്ഞു. കാര്യങ്ങളിൽ ഒത്തുതീർപ്പിലെത്താൻ ഇരുവരോടും കോടതി ആവശ്യപ്പെട്ടു.