കോട്ടയം: സീരിയൽ കാണുന്നതിനിടെ ആഹാരം ആവശ്യപ്പെട്ട ഭർത്താവിനെ വെട്ടിവീഴ്ത്തി ഭാര്യ. കോട്ടയം കുമരകത്തെ ഒരു കുടുംബത്തിലാണ് സംഭവം നടന്നത്. സീരിയൽ കാണുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് തന്റെ ഭർത്താവ് മണർക്കാട് സ്വദേശി അഭിലാഷിനെ വെട്ടുന്നതിലേക്ക് ഭാര്യയെ കൊണ്ടുചെന്നെത്തിച്ചത്. ഇയാൾ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മദ്യലഹരിയിലാണ് അഭിലാഷ് വീട്ടിലെത്തുകയും ഭക്ഷണം ആവശ്യപ്പെടുകയും ചെയ്തത്. എന്നാൽ സീരിയൽ കണ്ടുകൊണ്ടിരിക്കുകയായിരുന്ന അഭിലാഷിന്റെ ഭാര്യ ഇയാളെ കണ്ടതായി പോലും ഭാവിച്ചില്ല. ഇത് സഹിക്കവയ്യാതെ അഭിലാഷ് ഭാര്യയോട് കയർത്ത് സംസാരിച്ചു. ഒടുവിൽ ഇരുവരും തമ്മിൽ ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്കെത്തി. ഭാര്യയുടെ അച്ഛനും അമ്മയും ഇവരുടെ വഴക്കിൽ ഇടപ്പെട്ടതോടെ സംഭവം കൂട്ടത്തല്ലിലേക്കും എത്തി.
ഇതിനിടെ ആണ് കത്തി കൈയിൽ കിട്ടിയേ ഭാര്യ അഭിലാഷിനെ വെട്ടിയത്. സംഭവത്തെ തുടർന്ന് ഭാര്യയേയും മാതാപിതാക്കളെയും കുമരകം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അഭിലാഷ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വഴക്ക് കൂടുന്നത് പതിവാണെന്നാണ് പൊലീസ് പറയുന്നത്.