ന്യൂഡൽഹി:അന്തരിച്ച മുൻകേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജയ്‌റ്റ്‌ലിയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഡൽഹിയിലെ യമുനാ തീരത്തെ നിഗംബോധ് ഘട്ടിൽ സംസ്‌ക്കരിച്ചു. രാഷ്ട്രീയ ഭേദമന്യേ നിരവധിയാളുകൾ ജയ്‌റ്റ്‌ലിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി ഇവിടെ എത്തിയിരുന്നു. ഈ മാസം ഒമ്പതിന് അനാരോഗ്യത്തെ തുടർന്ന് ഈ മാസം ഒമ്പതിന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അരുൺ ജയ്‌റ്റ്‌ലി ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഇന്ന് ബി.ജെ.പി ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ച ശേഷമാണ് മൃതദേഹം സംസ്‌ക്കരിക്കാനായി നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുവന്നത്.
ഭൂരിഭാഗം കേന്ദ്രമന്ത്രിമാരും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, കപിൽ സിബൽ തുടങ്ങിയവർ സംസ്‌ക്കാര ചടങ്ങിന് എത്തിയിരുന്നു. വിദേശസന്ദർശത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിനെത്തിയില്ല. ഇന്ന് പാരീസിൽ നടക്കുന്ന ജി 7ഉച്ചകോടി ഒഴിവാക്കി സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച പ്രധാനമന്ത്രിയെ ബന്ധുക്കൾ തടയുകയായിരുന്നു.
ഒന്നാം മോദി മന്ത്രിസഭയിൽ ജയ്റ്റ്ലി ധനമന്ത്രിയായിരുന്ന കാലത്താണ് നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയവ നടപ്പായത്. സുപ്രീംകോടതിയിൽ അഭിഭാഷകനായും രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും ശോഭിച്ചു. അധികാരത്തിന്റെ തലക്കനം ഒരിക്കൽപ്പോലും പൊതുവേദിയിൽ പ്രകടിപ്പിച്ചിട്ടില്ലാത്ത ജയ്റ്റ്ലി അക്കാര്യത്തിൽ ബി.ജെ.പിയിലെ തികച്ചും വേറിട്ട മുഖമായിരുന്നു. വാജ്‌പേയി മന്ത്രിസഭയിൽ വാർത്താ വിതരണ വകുപ്പും, ഒന്നാം മോദി സർക്കാരിൽ ധനകാര്യം, പ്രതിരോധം തുടങ്ങിയ നിർണായക വകുപ്പുകളും കൈകാര്യം ചെയ്തിരുന്നു. യു.പി.എ ഭരിച്ച പത്തുവർഷം രാജ്യസഭാ പ്രതിപക്ഷ നേതാവായി തിളങ്ങിയ ജയ്റ്റ്ലി മറുപക്ഷത്തുള്ള നേതാക്കൾക്കും സ്വീകാര്യനായിരുന്നു. കടുത്ത പ്രമേഹം അടക്കം നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ജയ്റ്റ്ലിയെ നിരന്തരം അലട്ടിയിരുന്നു. 2014ൽ കൊഴുപ്പുകുറയ്‌ക്കാനുള്ള ശസ്‌ത്രക്രിയയ്‌ക്കും 2018 മേയിൽ വൃക്കമാറ്റിവയ്‌ക്കലിനും ശേഷം ആരോഗ്യം കൂടുതൽ വഷളായി. ഇക്കൊല്ലമാദ്യം തൊലിപ്പുറത്തെ കാൻസറിന് യു.എസിൽ ചികിത്സ തേടിയിരുന്നു. ധനമന്ത്രിയായിരുന്ന അദ്ദേഹത്തിന് ആരോഗ്യകാരണങ്ങളാൽ മോദിസർക്കാരിന്റെ അവസാന ബഡ്‌ജറ്റ് അവതരിപ്പിക്കാൻ കഴിഞ്ഞില്ല. രണ്ടാം മോദി മന്ത്രിസഭയിൽ ചേരാതെ മാറി നിന്ന് ദക്ഷിണ ഡൽഹിയിലെ സ്വവസതിയിൽ വിശ്രമത്തിൽ കഴിയുമ്പോഴും നിർണായക രാഷ്ട്രീയ തീരുമാനങ്ങളോട് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു