വാഹനങ്ങൾ അമിത വേഗത്തിൽ ഓടിച്ച് അഭ്യാസങ്ങൾ കാണിക്കുന്ന നിരവധി സംഭവങ്ങൾ ഗൾഫ് രാജ്യങ്ങളിൽ നടക്കാറുണ്ട്. ഇത്തരത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കാറുമുണ്ട്.കഴിഞ്ഞ ദിവസവും ഇത്തരത്തിലുള്ള ഒരു വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ റോഡിലൂടെ അപകടകരമായി വാഹനം ഓടിക്കുകയും റൗണ്ട് എബൗട്ടിന് ചുറ്റും വളർത്തിയിരുന്ന പുൽത്തകിടിയിൽ വാഹനം കയറ്റി നശിപ്പിക്കുകയും ചെയ്‌ത സ്വദേശി യുവാവിന് അബുദാബി പൊലീസ് നൽകിയ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം.
അപകടരമായി വാഹനം ഓടിച്ചതിന് സാമൂഹിക സേവനമായിരുന്നു കോടതി ഇയാൾക്ക് വിധിച്ച ശിക്ഷ. ആദ്യഘട്ടമെന്ന നിലയിൽ റോഡ് മുഴുവൻ വൃത്തിയാക്കണം. പിന്നെ റൗണ്ട് എബൗട്ടിനുള്ളിലെ മണ്ണ് കിളച്ച് ചെടി നടണം. എല്ലാം യുവാവ് കൃത്യമായി ചെയ്യുന്ന വീഡിയോയും അബുദാബി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഗതാഗത ലംഘനം നടത്തുന്നവർക്ക് ഇനിയും ഇതുപോലത്തെ മാതൃകാ പരമായ ശിക്ഷ നൽകുമെന്നും അബുദാബി പൊലീസ് അറിയിച്ചു.