തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും വിമർശിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ മോദി സ്‌തുതിയെച്ചൊല്ലി കോൺഗ്രസിൽ കലാപം. ജയറാം രമേശിന് പിന്നാലെ മനു അഭിഷേക് സിംഗ്‌വിയും ശശി തരൂറും സമാന പ്രസ്‌താവനയുമായി രംഗത്തെത്തിയത് വിവാദത്തിന് ആക്കം കൂട്ടിയിരുന്നു. അതേസമയം, തരൂരിന്റെ മോദി സ്‌തുതിയിൽ എതിർപ്പുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ആരുപറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്തികൾ മറച്ചുവക്കാനാവില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ആയിരം തെറ്റുകൾ ചെയ്തതിന് ശേഷം ഒരു ശരി ചെയ്തുവെന്ന് പറഞ്ഞ് മോദിയെ ഉയർത്തിപ്പിടിക്കേണ്ട ആവശ്യമില്ല. ജനങ്ങൾക്ക് പൊതുവെ അസ്വീകാര്യമായ നിലപാടാണ് മോദി സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ നയങ്ങൾക്കെതിരായ പോരാട്ടം തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മോദിയുടെ ഭരണവും അദ്ദേഹത്തിന്റെ നടപടികളും ഇന്ത്യയിലെ ജനങ്ങൾക്ക് പ്രത്യേകിച്ച് നമ്മുടെ സമൂഹത്തിൽ അസ്വീകാര്യമായവയാണ്. ഇത്തരം നിലപാടുകളെ പർവതീകരിച്ച് കാണിക്കേണ്ട ആവശ്യമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
എന്നാൽ ഇക്കാര്യത്തിൽ തന്നെ ആരും പഠിപ്പിക്കാൻ വരേണ്ടെന്നായിരുന്നു തരൂരിന്റെ മറുപടി. കോൺഗ്രസിൽ ബി.ജെ.പിയെയും മോദിയെയും മറ്റാരേക്കാളും എതിർക്കുന്നത് താനാണ്. ജയറാം രമേശും അഭിഷേക് സിംഗ്‌വിയും പറഞ്ഞത് തെറ്റ് അല്ലെന്നാണ് താൻ പറഞ്ഞത്. ആളുകൾ നല്ല കാര്യങ്ങൾ ചെയ്താൽ പ്രശംസിക്കണം. എല്ലാ കാര്യങ്ങളിലും കുറ്റം പറഞ്ഞാൽ ജനങ്ങളുടെ വിശ്വാസ്യത ഇല്ലാതാകും. നരേന്ദ്ര മോദി ശരിയായ കാര്യങ്ങൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ പ്രശംസിക്കണമെന്നും,അത് തെറ്റ് ചെയ്യുന്ന സമയത്തുള്ള വിമർശനങ്ങൾക്ക് വിശ്വാസ്യത കൂട്ടുമെന്നും തരൂർ വ്യക്തമാക്കി. എന്നാൽ എന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ ,നിരവധി ആളുകൾ വിളിച്ചു രാഷ്ട്രീയ മാറ്റത്തിനുള്ള തയ്യാറെടുപ്പാണോ എന്നന്വേഷിച്ചുവെന്നും തരൂർ പറയുന്നു. എനിക്ക് യാതൊരു രാഷ്ട്രീയ മാറ്റവുമില്ല. ഇതെല്ലാം വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണ്.രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ആശങ്കയുണ്ട്. നോട്ട് നിരോധനമടക്കം മുൻപ് ബി.ജെ.പി സർക്കാർ ചെയ്ത തെറ്റായ നടപടികളുടെ പ്രതിഫലനമാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.