തന്നെ കെട്ടിപ്പിടിക്കുന്നതിനായി മാത്രം സിനിമ എടുത്ത ഒരാളെ കുറിച്ചുള്ള അനുഭവം പങ്കുവച്ച് മലയാള സിനിമയിലെ മുതിർന്ന നടി ഷീല. ഒരു ടി.വി ചാനലുമായുള്ള അഭിമുഖത്തിലാണ് ഷീല ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരിക്കൽ അമേരിക്കയിൽ നിന്നും സിനിമ ചെയ്യുന്നതിനായി ഒരാളെത്തിയെന്നും സിനിമയുടെ സംവിധായകനും നായകനും നിർമാതാവും താൻ തന്നെയാണെന്ന് ഇയാൾ തന്നോട് പറഞ്ഞുവെന്നും നടി വെളിപ്പെടുത്തി. എന്നാൽ തന്റെ ദേഹത്ത് തൊടുന്നതിന് വേണ്ടി മാത്രമാണ് ഇയാൾ സിനിമ എടുക്കാൻ തുനിഞ്ഞിറങ്ങിയതെന്ന് പിന്നീടാണ് മനസിലായതെന്ന് ഷീല പറയുന്നു.
ആദ്യം ഇയാൾ ഒരു പാട്ട് റെക്കോർഡ് ചെയ്ത് വച്ചുവെന്നും പിന്നീട് പാട്ടിന്റെ റെക്കോർഡിങ്ങിനായി ഇയാളുടെയും അണിയറപ്രവർത്തകരുടെയും ഒപ്പം താൻ മദ്രാസിലെ(ചെന്നൈ) എ.വി.എം സ്റ്റുഡിയോയിൽ ചെന്നിരുന്നു എന്നും ഷീല വെളിപ്പെടുത്തി. ഗാനരംഗമായി ആദ്യരാത്രിയാണ് ഷൂട്ട് ചെയ്യേണ്ടതെന്ന് അയാൾ പറഞ്ഞു. ഷൂട്ടിങ്ങിൽ ഇത്തരം കാര്യങ്ങൾ പതിവായത് കൊണ്ട് താൻ സമ്മതിച്ചു. പൂക്കൾ വിതറിയ കട്ടിലിൽ താൻ ഇരുന്ന അയാൾ വന്നു കെട്ടിപ്പിച്ചിച്ചു. മുഖത്ത് തടവി, ചുംബിച്ചു. രാവിലെ പത്ത് മണി മുതൽ രാത്രി ഒൻപത് മണി വരെ ഇത് തന്നെയായിരുന്നു പരിപാടി. ഉച്ചക്ക് ഊണ് കഴിക്കാൻ പോലും സമയം ഉണ്ടായിരുന്നില്ല. ഷീല ഓർക്കുന്നു.
ഓരോ ടേക്ക് കഴിയുമ്പോഴും അദ്ദേഹം വീണ്ടും വന്ന് കട്ടിലിൽ കിടക്കുകയും എന്നോട് ഒപ്പം കിടക്കാൻ പറയുകയും ചെയ്യും. എന്നിട്ട് കെട്ടിപ്പിടിക്കുകയും ചെയ്യും. ഇതിന്റെ ഗുട്ടൻസ് ഞാനടക്കം ഉള്ള യൂണിറ്റിലെ എല്ലാവരും തിരിച്ചറിഞ്ഞത് അടുത്ത ദിവസമാണ്. പിറ്റേ ദിവസം സംവിധായകനായ നായക നടനെ എങ്ങും കാണാനില്ല. ഒരു പാട്ടും സംവിധാനം ചെയ്ത് അദ്ദേഹം വന്നതുപോലെ അമേരിക്കയിലേക്ക് മടങ്ങി. ഷീല പറഞ്ഞു നിർത്തി.