കറാച്ചി: പാകിസ്ഥാനിലെ മലയാളിയായ ഇടതുപക്ഷ രാഷ്ട്രീയ നേതാവും മനുഷ്യാവകാശ പ്രവർത്തകനും മാദ്ധ്യമപ്രവർത്തകനുമായ ബിയ്യത്ത് മൊഹിയുദ്ദീൻ കുട്ടി (ബി.എം.കുട്ടി ) അന്തരിച്ചു. 90 വയസായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. ഇന്നലെ രാവിലെ കറാച്ചിയിലായിരുന്നു അന്ത്യം. ഭൗതിക ദേഹം ഇന്നലെ വൈകിട്ട് നാല് മണിക്ക് കറാച്ചിയിൽ സംസ്‌കരിച്ചു.
പരേതയായ ബിർജിസ് മൊഹിയുദ്ദീൻ കുട്ടിയാണ് ഭാര്യ. മക്കൾ: ജാവൈദ് മൊഹിയുദ്ദീൻ, ഡോ. യാസ്‌മിൻ (ജിദ്ദ), ഷാസിയ.
ഇന്ത്യ പാകിസ്ഥാൻ സാധാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന പാകിസ്ഥാൻ പീസ് കോയലിഷൻ (പി.പി.എൽ) എന്ന സംഘടനയുടെ സെക്രട്ടറി ജനറലും പാക് ലേബർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടറുമായി പ്രവർത്തിച്ചു വരികയായിരുന്നു കുട്ടി.
1930 ജൂലായ് 15ന് മലപ്പുറം ജില്ലയിലെ തിരൂർ വെലത്തൂരിൽ ജനിച്ച ബി.എം.കുട്ടി ഇന്ത്യ - പാക് വിഭജനത്തിന് ശേഷം 1949 ൽ പത്തൊൻപതാം വയസിലാണ് പാകിസ്ഥാനിലേക്കു കുടിയേറിയത്. കേരളത്തിലെ വിദ്യാർത്ഥി ജീവിത കാലത്ത് കമ്മ്യൂണിസത്തിൽ ആകൃഷ്‌ടനായ കുട്ടി കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിൽ അംഗമായിരുന്നു. ചെന്നൈ മുഹമ്മദൻസ് കോളേജിലും പഠിച്ചു. 1949 ജൂണിൽ ചെന്നൈയിൽ നിന്ന് തുടങ്ങിയ യാത്ര അദ്ദേഹത്തെ മുംബയ്, ജോധ്പൂർ, കൊക്രപാർ, മുനബാവോ വഴി പാകിസ്ഥാനിലെ കറാച്ചിയിൽ എത്തിക്കുകയായിരുന്നു. അവിടെ സ്ഥിര താമസമാക്കിയ ബി. എം. കുട്ടി പാക് പൗരത്വമെടുക്കുകയും ഇടത് രാഷ്‌ട്രീയത്തിൽ സജീവമാകുകയുമായിരുന്നു..
ആറ് പതിറ്റാണ്ടിലധികമായി പാകിസ്ഥാനിലെ നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. പാകിസ്ഥാനിലെ ഇടതുപക്ഷ ആഭിമുഖ്യമുള്ള പാകിസ്ഥാനി അവാമി ലീഗ്, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി, പാകിസ്ഥാൻ നാഷണൽ പാർട്ടി എന്നിവയിൽ പ്രവർത്തിച്ചിരുന്നു. ബലൂചിസ്ഥാൻ ഗവർണറായിരുന്ന ജി.ബി.ബിസഞ്ചോയുടെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു ബി.എം. കുട്ടി.
പാകിസ്ഥാനിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള പോരാട്ടമായ എം.ആർ.ഡിയുടെ (മൂവ്‌മെന്റ് ഫോർ റിസ്‌റ്റോറേഷൻ ഒഫ് ഡെമോക്രസി ) നേതാവെന്ന നിലയിലും കുട്ടി പ്രശസ്തനാണ്. പാകിസ്ഥാൻ - ഇന്ത്യ പീപ്പിൾസ് ഫോറം ഫോർ ഡെമോക്രസി എന്ന സംഘടനയിലും അദ്ദേഹം സജീവമായിരുന്നു.
''60 ഇയേഴ്സ് ഇൻ സെൽഫ് എക്സൈൽ, നോ റിഗ്രട്ട്സ്: എ പൊളിറ്റിക്കൽ ഓട്ടോബയോഗ്രഫി " എന്ന അദ്ദേഹത്തിന്റെ ആത്മകഥ ശ്രദ്ധേയമാണ്. ഇതുൾപ്പെടെ അനേകം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.