rahul-gandhi

ന്യൂഡൽഹി: രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സഞ്ചരിച്ച വിമാനം ഡൽഹിയിൽ ഇറങ്ങാൻ വൈകിയത് യാത്രക്കാർക്കിടയിൽ ആശങ്ക പരത്തി. ശനിയാഴ്ച വൈകുന്നേരം ഡൽഹിയിലെത്തിയ ഇൻഡിഗോയുടെ ഗോ എയർ ജി 8-149 വിമാനമാണ് ലാൻഡിംഗ് താമസിപ്പിച്ചുകൊണ്ട് ആകാശത്ത് വട്ടമിട്ട് പറന്നത്.

ജമ്മു കാശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താനായി ശ്രീനഗറിലേക്ക് പുറപ്പെട്ട, രാഹുൽ ഗാന്ധി നയിച്ച പ്രതിപക്ഷ സംഘത്തെ അവിടെ നിന്നും മടക്കി അയച്ചിരുന്നു. ഇതിനെ തുർന്നാണ് രാഹുലും ഒപ്പമുണ്ടായിരുന്ന ഗുലാം നബി ആസാദ്, മനോജ് ഝാ, സീതാറാം യെച്ചൂരി, ഡി. രാജ തുടങ്ങിയവർ ഈ വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങി. പ്രതിപക്ഷ നേതാക്കളല്ലാതെ നൂറ് യാത്രക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.

ഡൽഹിയിലെത്തി അൽപ്പനേരം കഴിഞ്ഞ ശേഷമാണ് ലാൻഡിംഗ് വൈകുമെന്ന് പൈലറ്റിന്റെ അറിയിപ്പ് വന്നത്. വിമാനത്തിന് റൺവേ ലഭ്യമല്ലാത്തത് കൊണ്ടാണ് ലാൻഡിംഗ് വൈകുന്നതെന്നും റൺവേ ലഭിച്ചാൽ ഉടൻ ലാൻഡ് ചെയ്യുമെന്നും പൈലറ്റ് അറിയിച്ചു.

യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടതിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്നും പൈലറ്റ് ഉറപ്പ് നൽകിയതോടെയാണ്‌ പരിഭ്രാന്തരായ യാത്രക്കാർക്ക് ആശ്വാസമായത്. എന്നാൽ ഒരു വിമാനത്തില്‍ പക്ഷിയിടിച്ചെന്ന സംശയം ഉണ്ടായതിനെ തുടർന്ന് ഡൽഹി എയർ ട്രാഫിക് കൺട്രോളാണ് ലാൻഡിംഗ് വൈകിപ്പിക്കുന്നതിനായി നിർദ്ദേശം നൽകിയതെന്ന് ഗോ എയർ വക്താവ് പ്രതികരിച്ചു.