കൊല്ലം: മേലുദ്യോഗസ്ഥരിൽ ചിലർ ബോധപൂർവം ഉപദ്രവിക്കുന്നുവെന്ന് പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ വിമർശനം. യാത്രഅയപ്പ് സമ്മേളനവും സംസ്ഥാന കമ്മിറ്റിയും ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മയെ വേദിയിലിരുത്തി സംസ്ഥാന പ്രസിഡന്റ് ടി.എസ്.ബൈജുവാണ് പൊലീസുകാരുടെ സമ്മർദ്ദങ്ങൾ അക്കമിട്ട് നിരത്തിയത്. അടുത്തിടെ ആത്മഹത്യചെയ്‌ത പൊലീസുകാരിൽ ചിലർ മേലുദ്യോഗസ്ഥരിൽ നിന്ന് കടുത്ത സമ്മർദം നേരിട്ടിരുന്നു.

അതേക്കുറിച്ച് പൊലീസ് സംഘടന അന്വേഷിക്കും. മേലുദ്യോഗസ്ഥർ ബോധപൂർവം ഉപദ്രവിക്കുന്നത് ആഭ്യന്തര വകുപ്പിന്റെയും സർക്കാരിന്റെയും ശ്രദ്ധയിലെത്തിക്കും. ഒരു പൊലീസ് ജില്ലയിൽ രണ്ട് മാസത്തിനിടെ എട്ടു പൊലീസുകാരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഇതിൽ രണ്ടുപേർ സസ്‌പെൻഷന് അർഹരാണെങ്കിലും മറ്റുള്ളവർക്കെതിരായ നടപടിയെ ന്യായീകരിക്കാനാവില്ല.

ജോലി സമയം എട്ട് മണിക്കൂറായി കുറയ്‌ക്കണമെന്നും ബൈജു പറഞ്ഞു. അതേസമയം പൊലീസ് സേനയിൽ മാത്രമല്ല മാനസിക പിരിമുറുക്കമെന്ന നിലപാടാണ് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി മേഴ്സിക്കുട്ടിഅമ്മ സ്വീകരിച്ചത്.

സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി പി.ജി.അനിൽകുമാർ സംഘടനാ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ എസ്.ഷൈജു വരവ് ചെലവ് കണക്കുകളും സംസ്ഥാന കമ്മിറ്റിയംഗം പി.ജയപ്രകാശ് ഓഡിറ്റ് റിപ്പോർട്ടും സംസ്ഥാന നിർവാഹക സമിതിയംഗം പി.കെ.അനിൽകുമാർ പ്രമേയവും അവതരിപ്പിച്ചു.