കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ആദ്യപാദ (ഏപ്രിൽ-ജൂൺ) മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ചാനിരക്ക് 30ന് അറിയാം. കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് കൂപ്പുകുത്തിയ ഇന്ത്യ, എത്ര തളർന്നു എന്ന് മാത്രമാണ് ഏവരും ഉറ്റുനോക്കുന്നത്. ലോകത്തെ പ്രമുഖ റേറ്റിംഗ് ഏജൻസികളെല്ലാം ഇന്ത്യൻ ജി.ഡി.പി വീണുടയുമെന്ന് പ്രവചിച്ചു കഴിഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2018-19) അവസാന പാദമായ ജനുവരി-മാർച്ചിൽ ഇന്ത്യൻ ജി.ഡി.പി അഞ്ചുവർഷത്തെ ഏറ്റവും താഴ്‌ചയായ 5.8 ശതമാനത്തിലേക്ക് തകർന്നിരുന്നു. ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടവും ഇന്ത്യയ്ക്ക് നഷ്‌ടപ്പെട്ടു. സമ്പദ്‌രംഗത്ത് ഇന്ത്യയുടെ ബദ്ധഎതിരാളിയായ ചൈന ആ പാദത്തിൽ 6.4 ശതമാനം വളർന്നിരുന്നു. നടപ്പുവർഷത്തെ ആദ്യ പാദമായ ഏപ്രിൽ-ജൂണിലും ചൈനയ്ക്ക് പിന്നിൽ തന്നെയാകും ഇന്ത്യയുടെ വളർച്ച എന്നാണ് വിലയിരുത്തലുകൾ.
6.2 ശതമാനമാണ് ഏപ്രിൽ-ജൂണിൽ ചൈന വളർന്നത്. 27 വർഷത്തിനിടയിൽ ചൈനയുടെ ഏറ്റവും മോശം പ്രകടനമാണിത്. അമേരിക്കയുമായുള്ള വ്യാപാരത്തർക്കമാണ് ചൈനയ്ക്ക് തിരിച്ചടിയായത്. അതേസമയം, അമേരിക്ക-ചൈന വ്യാപാരയുദ്ധം, നിക്ഷേപത്തളർച്ച അടക്കമുള്ള ആഭ്യന്തര വെല്ലുവിളികൾ എന്നിവ ഇന്ത്യയെ ക്രൂരമായി വേട്ടയാടിയാ ത്രൈമാസമാണ് കഴിഞ്ഞുപോയത്. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എൻ.ബി.എഫ്.സി) സാമ്പത്തിക ഞെരുക്കത്തിലായതോടെ പണലഭ്യത കുറഞ്ഞു. കാർ വിപണി അടക്കം വ്യവസായ, സാമ്പത്തിക, തൊഴിൽ, കാർഷിക, നിർമ്മാണ മേഖലകളെല്ലാം വലഞ്ഞു.
ഏപ്രിൽ-ജൂണിൽ ആറു ശതമാനത്തിലധികം വളർച്ച ഇന്ത്യൻ ജി.ഡി.പിക്ക് ആരും പ്രതീക്ഷിക്കുന്നില്ല. റേറ്റിംഗ് ഏജൻസികളായ ക്രിസിൽ, ഇക്ര എന്നിവ ആറു ശതമാനം വരെ ജി.ഡി.പി വളർച്ച പ്രതീക്ഷിക്കുന്നു. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പ്രതീക്ഷ 5.2 ശതമാനമാണ്!. നോമുറ 5.7 ശതമാനവും ആക്‌സിസ് ബാങ്ക് 5.4 ശതമാനവും എസ്.ബി.ഐ 5.6 ശതമാനവും വളർച്ച വിലയിരുത്തുന്നു.
2019 കലണ്ടർ വർഷത്തിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ പ്രതീക്ഷ റേറ്റിംഗ് ഏജൻസിയായ മൂഡീസ് വെട്ടിക്കുറച്ചത്, വരും ത്രൈമസങ്ങളിലും സമ്പദ്‌ഞെരുക്കം ഒഴിഞ്ഞേക്കില്ലെന്നതിന്റെ സൂചനയാണ്. നേരത്തേ വിലയിരുത്തിയ 6.8 ശതമാനത്തിൽ നിന്ന് 6.2 ശതമാനത്തിലേക്കാണ് മൂഡീസ് വളർച്ചാ പ്രതീക്ഷ താഴ്‌ത്തിയത്. അതേസമയം, പണലഭ്യത കൂട്ടി വിപണിക്കും ജി.ഡി.പിക്കും ഉണർവേകാൻ ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഉത്തേജക നടപടികൾ ഫലം ചെയ്‌തേക്കുമെന്ന വിലയിരുത്തലുകളുമുണ്ട്. പലിശഭാരം കുറച്ച്, വായ്‌പാ ലഭ്യത കൂട്ടാനുള്ള നടപടികളാണ് പ്രധാനമായും ധനമന്ത്രിയെടുത്തത്. ഇന്ത്യൻ സാമ്പത്തിക ലോകം ഏറെക്കാലമായി ആവശ്യപ്പെടുന്ന കാര്യവുമാണത്.
5.2%
ഇന്ത്യയുടെ ജി.ഡി.പി വളർച്ച ഇക്കഴിഞ്ഞ ഏപ്രിൽ-ജൂണിൽ 5.2 ശതമാനം വരെ താഴ്‌ന്നേക്കാമെന്ന വിലയിരുത്തലുകൾ ശക്തമാണ്.
8%
2018-19 സാമ്പത്തിക വർഷത്തെ ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യൻ ജി.ഡി.പി എട്ട് ശതമാനം വളർന്നിരുന്നു.
5.8%
കഴിഞ്ഞ ജനുവരി-മാർച്ചിൽ വളർച്ച 5.8 ശതമാനമായിരുന്നു. അഞ്ചുവർഷത്തെ ഏറ്റവും മോശം വളർച്ചയാണിത്.
തിരിച്ചടികൾ
നിക്ഷേപ വളർച്ച കുറഞ്ഞു
പണലഭ്യതക്കുറവ് മൂലം ഉപഭോക്തൃ വിപണി തളർന്നു
വാഹന നിർമ്മാണം, വില്‌പന, കയറ്റുമതി എന്നിവ വൻ നഷ്‌ടത്തിൽ
വ്യവസായ, സാമ്പത്തിക മേഖലയിൽ വലിയ പ്രതിസന്ധി
''ഇന്ത്യയെ 2024-25ഓടെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുകയെന്ന കേന്ദ്രസർക്കാർ ലക്ഷ്യം അപ്രാപ്യമല്ല. യുക്തിസഹമായ സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ ഈ നാഴികക്കല്ല് മറികടക്കാനാവും. ജി.എസ്.ടി വന്നതോടെ നികുതി സംവിധാനം മെച്ചപ്പെട്ടു. എന്നാൽ, സർക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതൽ സുതാര്യത ഇക്കാര്യത്തിൽ അനിവാര്യമാണ്""
പ്രണബ് മുഖർജി,
മുൻ രാഷ്‌ട്രപതി