കൊല്ലം: അധികാരത്തിൽ വരുന്നവരുടെ താളത്തിന് തുള്ളേണ്ടവരല്ല പൊലീസെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ. കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള യാത്രഅയപ്പ് സമ്മേളനവും സംസ്ഥാന കമ്മിറ്റി യോഗവും കന്റോൺമെന്റ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലോക്കപ്പ് മർദ്ദനം ഇപ്പോഴും നടക്കുന്നുണ്ട്. സേനയിൽ ചിലർക്കെങ്കിലും ക്രിമിനൽ മനോഭാവമുണ്ട്. അതിനെ അംഗീകരിക്കില്ല.

കൊല്ലം ജില്ലയിൽ ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ശക്തമാണെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഗൗരവത്തോടെ കാണണം. മാനസിക പിരിമുറുക്കം പൊലീസ് സേനയിൽ മാത്രമല്ല ഉള്ളത്. ആരോഗ്യ വകുപ്പിലുള്ളവരും 12 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ട്. സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കഴിയുന്ന പരിശീലന രീതികൾ പൊലീസിലുണ്ടാകണം. ബ്രിട്ടീഷുകാരുടെ കാലത്തെ പരിശീലന സമ്പ്രദായം മാറണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ടി.എസ്. ബൈജു അദ്ധ്യക്ഷനായിരുന്നു. നിർവാഹക സമിതിയംഗം എസ്. റജിമോൾ അനുശോചനപ്രമേയം അവതരിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ്, ക്രൈംബ്രാഞ്ച് എസ്.പി എൻ. അബ്ദുൾ റഷീദ്, കൊല്ലം എ.സി.പി എ. പ്രദീപ്കുമാർ, കെ.പി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് വി.ജെ. ജോൺ, കെ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി ജോസഫ്, സ്വാഗത സംഘം ജനറൽ കൺവീനർ ജിജു സി. നായർ, ജോയിന്റ് കൺവീനർ എസ്. നജീം എന്നിവർ പ്രസംഗിച്ചു.

മന്ത്രി പോകുന്നത് അറിഞ്ഞില്ലെന്ന്

പൊലീസ് പറയുന്നത് തെറ്റല്ലേ?

ചക്കുവള്ളി മയ്യത്തുംകരയിൽ മന്ത്രിയുടെയും റൂറൽ എസ്.പി ഹരിശങ്കറിന്റെയും വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ടതിന് നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌ത സംഭവം മന്ത്രി പ്രസംഗത്തിനിടെ പരാമർശിച്ചു. മന്ത്രി പോകുന്ന കാര്യം അറിഞ്ഞില്ലെന്ന് സേനയിലെ ചിലർ പറയുന്നത് തെറ്റാണ്. താമരക്കുളത്ത് നിന്ന് ചക്കുവള്ളി വഴി വരുന്ന കാര്യം കൃത്യമായി അറിയിച്ചിരുന്നു. വസ്‌തുതകളെ പൊലീസ് ഉദ്യോഗസ്ഥർ വളച്ചൊടിക്കരുത്. കാര്യങ്ങൾ നേരിട്ട് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എസ്.പി നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തത്. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് താൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവരെ തിരിച്ചെടുത്തതെന്നും മന്ത്രി പറഞ്ഞു.