1. അന്തരിച്ച ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ അരുണ്‍ ജെയ്റ്റിലിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. നിഗം ബോധ്ഘട്ടിലാണ് മൃതദേഹം സംസ്‌കരിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, ജെ.പി നദ്ദ, ബി.എസ് യെദ്യൂരപ്പ ,എല്‍.കെ അദ്വാനി എന്നിവര്‍ അവസാനമായി അന്തിമോപചാരം അര്‍പ്പിച്ചു.
2. ഡല്‍ഹിയിലെ കൈലാഷ് കോളനിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. വസതിയിലെ പൊതു ദര്‍ശനത്തിന് ശേഷം രാവിലെ 11 മണിയോടെ ഭൗതിക ശരീരം ബി.ജെ.പി ആസ്ഥാനത്ത് എത്തിക്കുക ആയിരുന്നു. തുടര്‍ന്ന് സംസ്‌കാരം നടന്ന നിഗം ബോധ്ഘട്ടില്‍ വച്ച് നടന്നു.
3. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അരുണ്‍ ജെയ്റ്റിലി ഇന്നലെ ഉച്ചയ്ക്ക് ല്‍ഹി എയിംസില്‍ വച്ചാണ് അന്തരിച്ചത്. ദേശീയ രാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിയ ജെയ്റ്റ്ലി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആധുനിക മുഖവും സൗമ്യ സാന്നിധ്യവും ആയിരുന്നു.
4. മംഗലാപുരം മുതല്‍ കന്യാകുമാരി വരെ ഉള്‍പ്പെടുന്നതും തിരുവന്തപുരം പാലക്കാട് ഡിവിഷനുകള്‍ ഉള്‍ക്കൊള്ളിച്ചും റെയില്‍വേ പ്രത്യേക സോണ്‍ എന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ശക്തമാകുന്നു. പത്ത് വര്‍ഷത്തില്‍ ഏറെയായി കേരളം കേന്ദ്രത്തോട് ഈ ആവശ്യം ഉന്നയിക്കുന്നുണ്ട് എങ്കിലും സോണിന് ഇതുവരെ അനുമതി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. പ്രത്യേക റെയില്‍വേ സോണ്‍ ഇല്ലാത്തത് സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് തിരിച്ചടി ആവുന്നു.
5. നിലവില്‍ കേരളത്തിന്റെ റെയില്‍വേ ആവശ്യങ്ങള്‍ പരിശോധിക്കുന്നതും തീരുമാനിക്കുന്നതും ചെന്നൈയിലാണ്. അതിനാല്‍ തന്നെ പൂര്‍ണ്ണമായി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല എന്ന പരാതികളും ഉണ്ട്. അര്‍ഹമായ വികസന പദ്ധതികള്‍ പലതും കേരളത്തിന് നഷ്ടമായി. തുടങ്ങിയ പദ്ധതികള്‍ മിക്കതും പൂര്‍ത്തീകരിക്കാനും കഴിഞ്ഞിട്ടില്ല.
6. അതേസമയം, ഇക്കഴിഞ്ഞ ബഡ്ജറ്റില്‍ ആന്ധ്രക്ക് പ്രത്യേക റെയില്‍വേ സോണ്‍ അനുവദിച്ചിരുന്നു. കേരളത്തിന്റെ ആവശ്യം അവഗണിക്കുകയും ചെയ്തു. ദക്ഷിണേന്ത്യയില്‍ യാത്രാക്കൂലി ഇനത്തില്‍ റെയില്‍വേക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത്, കേരളത്തില്‍ നിന്നാണ്. എന്നിട്ടും റെയില്‍വേ സ്റ്റേഷനുകളുടെ വികസനം, പാത ഇരട്ടിപ്പിക്കല്‍ മറ്റ് നവീകരണ പ്രവൃത്തികള്‍ എന്നിവക്കൊന്നും കേന്ദ്രം കേരളത്തിന് കാര്യമായ സഹായം നല്‍കുന്നില്ലെന്ന ആക്ഷേപം ഉണ്ട്. പ്രത്യേക സോണ്‍ വരുന്നതോടെ ഈ സ്ഥിതി മാറുമെന്നാണ് പ്രതീക്ഷ.
7. പാല ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയതിന് പിന്നാലെ പ്രതികരണവുമായി നേതാക്കള്‍. പാലായില്‍ ഗംഭീര വിജയം ഉണ്ടാകുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച് വിവാദത്തിന് ഇല്ല. പാലായില്‍ സിക്സര്‍ അടിക്കും. വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്യും. യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ആണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആയി നിഷാ ജോസ് കെ.മാണിയുടെ പേര് സജീവ പരിഗണനയില്‍ എന്ന് വിവരം. പാലായില്‍ വിജയ സാധ്യത നിഷയ്ക്ക് ആണെന്ന് വിലയിരുത്തല്‍.
8. പാലാ ഉപതിരഞ്ഞെടുപ്പ് മാത്രം പ്രഖ്യാപിച്ചതിന് പിന്നില്‍ രാഷ്ട്രീയ തന്ത്രം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആദ്യം തിരഞ്ഞെടുപ്പ് നടത്തേണ്ടത് മഞ്ചേശ്വരത്ത് ആണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം. കേരള കോണ്‍ഗ്രസിലെ തര്‍ക്കം യു.ഡി.എഫിനെ ബാധിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍. ഉപതിരഞ്ഞെടുപ്പിന് എല്‍.ഡി.എഫ് സജ്ജമാണ്. രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകൂലം ആണ്. ഏത് പാര്‍ട്ടി മത്സരിക്കും എന്ന് ചര്‍ച്ച ചെയ്ത് തിരുമാനിക്കും എന്നും കോടിയേരി ബാലകൃഷ്ണന്‍.
9. ഉപ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ചര്‍ച്ച ചെയ്തു കണ്ടെത്തുമെന്ന് ജോസ് കെ. മാണി. അനുയോജ്യമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു. പുതിയ സാഹചര്യത്തില്‍ നാളെ യു.ഡി.എഫ് യോഗം ചേരും. സെപ്തംബര്‍ 23 നാണ് പാലാ ഉപതിരഞ്ഞെടുപ്പ്. സെപ്തംബര്‍ നാല് വരെ നാമ നിര്‍ദേശ പത്രിക നല്‍കാം. അഞ്ചിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. സെപ്തംബര്‍ ഏഴ് ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. വോട്ടെണ്ണല്‍ 27ന് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. കെ.എം മാണി അന്തരിച്ച ഒഴിവിലേക്കാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്.
10. പ്രളയ ദുരന്തത്തിന് ശേഷം പതിനാറാം ദിവസവും പ്രിയപ്പെട്ടവരെ തേടുകയാണ് നിലമ്പൂരിലെ കവളപ്പാറ. മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഇനിയും കണ്ടെത്താന്‍ ബാക്കിയായ 11 പേര്‍ക്കായി തെരച്ചില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഫലം കണ്ടില്ല. 59പേര്‍ കാണാമറയത്തായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 48പേരുടെ മൃതദേഹം ഇതിനകം കണ്ടെടുത്തു. മുത്തപ്പന്‍ മലയടിവാരത്ത്, ദുരന്ത ഭൂമിയില്‍ 90 ശതമാനവും മണ്ണുമാന്തിനോക്കി. ഉറവകള്‍ പതിച്ച് വെള്ളക്കെട്ടായ സ്ഥലങ്ങളിലും തോടിനോട് ചേര്‍ന്നും തിരച്ചില്‍ തുടരും. ബന്ധുക്കള്‍ പറയുംവരെ തിരച്ചില്‍ തുടരാന്‍ കഴിഞ്ഞ ദിവസം സ്ഥലത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു
11. എട്ടിനാണ് ഭൂദാനം കവളപ്പാറ റോഡിന് തെക്കു ഭാഗത്തെ മുത്തപ്പന്‍ മല ഇടിഞ്ഞ് ഇറങ്ങിയത്. അഗ്നി രക്ഷാസേനയും ദുരന്ത നിവാരണ സേനയുമാണ് തിരച്ചില്‍ നടത്തുന്നത്. ചീഫ് ഫയര്‍ റസ്‌ക്യു ഓഫീസര്‍ വി സിദ്ധകുമാറാണ് 150 അംഗ അഗ്നിരക്ഷാ സേനയ്ക്ക് നേതൃത്വം നല്‍കുന്നത്. 15 അംഗങ്ങള്‍ വീതം ആറ് മേഖലയായി തിരിച്ചാണ് തിരച്ചില്‍. ഡെപ്യൂട്ടി കമാന്‍ഡന്റ് വിനോയ് ജോസഫിന്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ സേനയുടെ 80 അംഗ സംഘവും തിരച്ചില്‍ നടത്തുന്നുണ്ട്. ഹൈദരബാദിലെ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ശാസ്ത്രജ്ഞര്‍ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാറിലൂടെയും പരിശോധന നടത്തി
|
|
|