ഇസ്ലമാബാദ്: കാശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് പാക് പ്രസിഡന്റ് ആരിഫ് അൽവി രംഗത്ത്. കാശ്മീർ വിഷയത്തിൽ ഇന്ത്യ കളിക്കുന്നത് തീക്കളിയാണ്. കേന്ദ്ര സർക്കാറിന്റെ ഈ നടപടി മതേതരത്വത്തെ ഇല്ലാതാക്കുമെന്നും ആരിഫ് അൽവി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാറിനെതിരെയും ആരിഫ് തുറന്നടിച്ചു. നരേന്ദ്ര മോദി സർക്കാർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണെന്ന്. ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതോടെ സവിശേഷമായ സാഹചര്യമാണ് കശ്‍മീരിലുണ്ടായിരിക്കുന്നത്. ഈ ഭരണഘടന ഭേദഗതി കശ്മീരിൽ തീവ്രവാദം വളരാൻ വഴിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ മണ്ണിൽ തീവ്രവാദം കയറ്റുമതി ചെയ്യുന്നതിൽ പാകിസ്ഥാന് യാതൊരു പങ്കുമില്ല. കാശ്മീർ പിടിച്ചെടുക്കാനാണ് ഇന്ത്യയുടെ മോഹമെങ്കിൽ അത് നടക്കില്ലെന്നും പാക് പ്രസിഡന്റ് പറഞ്ഞു. ഒരു അമേരിക്കൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കശ്മീർ വിഷയത്തില്‍ ആരിഫ് അൽവി തന്റെ നിലപാട് തുറന്നടിച്ചത്. ഒരു യുദ്ധം തുടങ്ങിയാൽ അതിനെ പ്രതിരോധിക്കാൻ പാകിസ്ഥാൻ തയ്യാറാണ്. കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി യാതൊരു ചർച്ചയ്ക്കും ഇനി ഇല്ലെന്ന് പാക് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.