ann-family

വാഷിംഗ്ടൺ: ഭൂമിയിൽ സ്വവർഗ്ഗ വിവാഹിതരായ പെൺപ്രതിഭകൾ. 'ഭാര്യ' മുൻ ഇന്റലിജൻസ് ഓഫീസർ. സ്വവർഗ്ഗ വിവാഹത്തിന് മുൻപ് കൃത്രിമ ഗർഭധാരണത്തിലൂടെ ഒരു മകന്റെ അമ്മയായി. 'ഭർത്താവ്' നാസയുടെ ബഹിരാകാശ യാത്രികയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രപഞ്ചം ചുറ്റുന്നു. ബന്ധം ഉലഞ്ഞ ഇരുവരും വേർപിരിയലിന്റെ വക്കിൽ. ബഹിരാകാശ നിലയത്തിൽ ഇരുന്നു കൊണ്ട് ഭർത്താവായ ആൻ മക്ലെയിൻ ഭൂമിയിലെ ഭാര്യ സമ്മർ വോർഡന്റെ ബാങ്ക് അക്കൗണ്ടിൽ നുഴഞ്ഞുകയറി. അത് ബഹിരാകാശത്തെ ആദ്യത്തെ കുറ്റകൃത്യമായി. നാസ അതേ പറ്റി അന്വേഷണം തുടങ്ങി.

നാസയുടെ ബഹിരാകാശ യാത്രികയായ ആൻ മക്ലൈൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വച്ച്, വേർപിരിഞ്ഞ് കഴിയുന്ന ജീവിതപങ്കാളിയുടെ ബാങ്ക് അക്കൗണ്ട് അനുമതിയില്ലാതെ ഉപയോഗിച്ചു എന്നാണ് പരാതി. സമ്മർവോർഡനും ബന്ധുക്കളുമാണ് ഫെഡറൽ ട്രേഡ് കമ്മീഷനും നാസ ഓഫീസിലും പരാതി നൽകിയത്.

' അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വച്ച് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചതിൽ തെറ്റൊന്നുമില്ലെന്നാണ് ആൻ മക്ളൈന്റെ നിലപാട്.
'മകന്റെ ചെലവിലേക്കായി ഞാനും വോർഡനും ചേർന്ന് നേരത്തെ നിക്ഷേപിച്ച പണം ഉപയോഗിച്ച് മകന്റെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടോ, ബില്ലുകൾ അടയ്ക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണുണ്ടായത്. ഇതിൽ തെറ്റൊന്നുമില്ല- ആൻ പറഞ്ഞു.
ആറുമാസത്തെ ബഹിരകാശ ദൗത്യം പൂർത്തിയാക്കി ആൻ ഭൂമിയിൽ തിരിച്ചെത്തിയിട്ടുണ്ട്. നാസ ഇൻസ്പെക്ടർ ജനറൽ ഇരുവരുടെയും മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.


വെസ്റ്റ് പോയന്റ് മിലിട്ടറി അക്കാദമിയിൽ നിന്ന് ഉന്നത വിജയത്തോടെ ബിരുദം നേടിയ ആൻ ഇറാക്ക് യുദ്ധത്തിൽ ഉൾപ്പെടെ പങ്കെടുത്തിരുന്നു. 2013 മുതലാണ് നാസയിൽ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കാളിയാവുന്നത്. ബഹിരാകാശ നിലയത്തിൽ വെച്ച് ഇവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ അതത് രാജ്യങ്ങളിലെ നിയമങ്ങൾ അനുസരിച്ചാവും ശിക്ഷ ലഭിക്കുക.