chennithala-and-tharoor

തിരുവനന്തപുരം: നരേന്ദ്രമോദിയെ അനുകൂലിച്ച ശശി തരൂർ എം.പിക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നെ ആരും പഠിപ്പിക്കേണ്ടെന്നു തിരിച്ചടിച്ച് തരൂർ. നരേന്ദ്രമോദിയെ തുടർച്ചയായി വിമർശിക്കുന്നയാളാണെങ്കിലും, നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അദ്ദേഹത്തെ അഭിനന്ദിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം തരൂരിന്റെ പ്രസ്താവന.അതേസമയം, ആയിരം തെറ്റുകൾ ചെയ്തതിനു ശേഷം ഒരു ശരി ചെയ്‌തെന്നു പറഞ്ഞ് മോദിയെ ഉയർത്തിപ്പിടിക്കേണ്ട കാര്യമില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

ആരു പറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്തികൾ മറച്ചുവയ്ക്കാനാവില്ല. ജനങ്ങൾക്ക് പൊതുവെ അസ്വീകാര്യമായ നിലപാടുകളാണ് മോദിയുടേത്. അദ്ദേഹത്തിന്റെ നയങ്ങൾക്കെതിരായ പോരാട്ടം തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.എന്നാൽ ചെന്നിത്തലയുടെ കമന്റിനോട് രൂക്ഷമായ ഭാഷയിലായിരുന്നു തരൂരിന്റെ പ്രതികരണം. മോദിക്കെതിരെ പുസ്തകം വരെയെഴുതിയ തന്നെ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കേണ്ടെന്നും, മോദി എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കിൽ അതിനെ അംഗീകരിക്കാത്തപക്ഷം ജനങ്ങൾക്കിടയിൽ കോൺഗ്രസിന്റെ വിശ്വാസ്യത കുറയുമെന്നും തരൂർ പറഞ്ഞു.

'കോൺഗ്രസിൽ മറ്റാരെക്കാളും ബി.ജെ.പിയെ എതിർക്കുന്നയാളാണ് ഞാൻ. ജയ്‌റാം രമേശും അഭിഷേക് മനു സിംഗ്‌വിയും മോദിയെ അനുകൂലിക്കുന്ന പ്രസ്താവന നടത്തിയത് തെറ്റല്ല. വിമർശിക്കേണ്ട ഘട്ടത്തിൽ കഠിനമായി വിമർശിക്കണം'- തരൂർ പറഞ്ഞു. മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളായ ജയറാം രമേശും അഭിഷേക് സിംഗ്‌വിയും അടക്കം മുതിർന്ന ചില കോൺഗ്രസ് നേതാക്കൾ പ്രസ്താവന നടത്തിയതിനു പിന്നാലെയായായിരുന്നു തരൂരിന്റെ മോദി സ്‌തുതി.