troll

തിരുവനന്തപുരം ‌: ആമസോൺ കാടുകളിൽ തീപടരുന്നതിനും അത് നിയന്ത്രിക്കാത്തതിനുമെതിരെ ഡി.വൈ.എഫ്‌.ഐ ഡൽഹിയിലെ ബ്രസീൽ എംബസിക്കുമുന്നിൽ നടത്തിയ സമരത്തിന് സോഷ്യൽ മീഡിയയിൽ ട്രോളുകളുട പൂരമായിരുന്നു,​ ഇപ്പോഴിതാ കോൺഗ്രസ് എം.എൽ.എ വി.ടി.ബൽറാമും ഡി.വൈ.എഫ്.ഐയുടെ സമരത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. എനിക്ക് ഡിഫിയെയായാണ് ഇഷ്ടം. മറ്റുള്ള സംഘടനകളേപ്പോലെ കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാർ മിക്‌സിംഗ് പ്ലാന്റിന്റെ കായൽ മലിനീകരണം പോലുള്ള ചീള് കേസുകള്‍ ഒന്നും എടുക്കില്ലെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു,​

സമരം ചെയ്യാൻ ആകെ 11 ആളുകളേ ഉള്ളൂ എന്നും ശനിയും ഞായറും എംബസി മുടക്കമാണെന്നും പറഞ്ഞ് ട്രോളുന്നതിനോട് തീരെ യോജിപ്പില്ല. ആമസോൺ കാടുകളിലെ തീപ്പിടുത്തം ഒരു ഗുരുതരമായ പാരിസ്ഥിതിക വിഷയം തന്നെയാണെന്നും കുറിപ്പിൽ ബൽറാം പറയുന്നു.

എംബസിക്ക് മുന്നിൽ ഡി.വൈ.എഫ്.ഐ നേതാക്കൾ പ്രതിഷേധിക്കുന്നതിന്റെ ചിത്രം പാർട്ടി അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.

എംബസിക്ക് അവധിയായ ഞായറാഴ്ച ദിവസമാണ് ഇവർ പ്രതിഷേധിക്കുന്നത് എന്നതാണ് രസകരം.പ്രതിഷേധത്തെ പരിഹസിച്ചും, ട്രോളിയും നിരവധി പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്.മുൻപ് കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് മലപ്പുറത്തുള്ള തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസിന് മുൻപിലും ഡി.വൈ.എഫ്.ഐ പ്രതിഷേധം നടത്തിയിരുന്നു. ഏതായാലും ഡി.വൈ.എഫ്.ഐ.യുടെ പ്രതിഷേധത്തെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ തകർക്കുകയാണ്.

ബൽറാമിന്റെ പോസ്റ്റിന്റെ പൂർണരൂപം

സമരം ചെയ്യാൻ ആകെ 11 ആളുകളേ ഉള്ളൂ എന്നും ശനിയും ഞായറും എംബസി മുടക്കമാണെന്നും പറഞ്ഞ് ട്രോളുന്നതിനോട് തീരെ യോജിപ്പില്ല. ആമസോൺ കാടുകളിലെ തീപ്പിടുത്തം ഒരു ഗുരുതരമായ പാരിസ്ഥിതിക വിഷയം തന്നെയാണ്.

അല്ലെങ്കിലും എനിക്ക് ഡിഫിയേയാണിഷ്ടം. മറ്റുള്ള സംഘടനകളേപ്പോലെ കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാര്‍ മിക്‌സിങ്ങ് പ്ലാന്റിന്റെ കായല്‍ മലിനീകരണം പോലുള്ള ചീള് കേസുകള്‍ ഒന്നും എടുക്കില്ല.

ഒൺലി ടോപ് ക്ലാസ്
ട്രൂലി ഇന്റർനാഷണൽ.