ന്യൂഡൽഹി: കർഷകർക്കുള്ള വായ്പാ വ്യവസ്ഥകൾ ഉദാരമാക്കാൻ നീക്കം. കുടിശികയുള്ള കർഷകർക്ക് പുതിയ വായ്പ നൽകുന്നതിലെ വിലക്ക് ഒഴിവാക്കിയേക്കും. നിലവിൽ വായ്പാ കുടിശികയുള്ളവർക്ക് പുതിയ വായ്പ അനുവദിക്കാൻ ചട്ടങ്ങൾ പൊതുമേഖലാ ബാങ്കുകളെ അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ വിലയിടിവിലും കൃഷിനാശത്തിലും പെടുന്ന കർഷകർ തിരിച്ചടവ് മുടങ്ങി കടക്കെണിയിൽ മുങ്ങുകയാണ് പതിവ്.

സഹായിക്കണമെന്ന് വച്ചാലും ബാങ്കുകൾക്ക് സാധിക്കില്ല. മികച്ച കർഷകരും ഇത്തരം പ്രതിസന്ധികളിൽപ്പെട്ടുപോകാറുണ്ട്. ഇക്കാര്യങ്ങൾ സംബന്ധിച്ച് പ്രമുഖ ബാങ്കുകൾ ബ്രാഞ്ച് തലത്തിൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. കേന്ദ്രസർക്കാർ സെപ്തംബറിൽ വിളിച്ചു ചേർക്കുന്ന ബാങ്കുകളുടെ യോഗത്തിൽ പുതിയ നിർദേശങ്ങൾ അവതരിപ്പിച്ചേക്കും. പ്രകൃതിദുരന്തങ്ങളും മഴക്കെടുതിയും മൂലം കൃഷിനാശം നേരിടുന്ന കർഷകർക്ക് ഏറെ പ്രയോജനപ്പെടുന്ന നീക്കമാണിത്. കൃഷിനാശം നേരിട്ടവർക്ക് ക്രെഡിറ്ര് സ്‌കോർ/സിബിൽ സ്‌കോർ പരിഗണിക്കാതെ വായ്‌പ ലഭ്യമാക്കണമെന്ന ആവശ്യവും യോഗത്തിൽ ചർച്ച ചെയ്‌തേക്കും.