modi-with-french-presiden

പാരീസ്: ഫ്രാൻസിൽ നടക്കുന്ന 45-ാമത് ജി 7 ഉച്ചകോടിയിൽ ആതിഥേയനായ ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രത്യേക ക്ഷണിതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. മൂന്നു ദിവസത്തെ സന്ദർശനത്തിന് ശേഷം ഇന്നലെ ബഹറിനിൽ നിന്ന് മോദി ഫ്രാൻസിലേക്ക് യാത്ര തിരിച്ചു. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ലോകത്തെ വൻശക്തി രാജ്യങ്ങളോട് പ്രധാനമന്ത്രി വ്യക്തമാക്കും.

കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയിൽ ലോകരാഷ്ട്രത്തലവൻമാരുമായി മോദി ചർച്ച നടത്തും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പ്രധാനമന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തും.
മൂന്ന് ദിവസമായി നടക്കുന്ന ഉച്ചകോടിയുടെ രണ്ടാം ദിവസമായ ഇന്നലെ ചൈന യു.എസ് വ്യാപാരയുദ്ധം മുറുകുന്നതിൽ ജി 7 അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ഇത് ആഗോളസാമ്പത്തിക മാന്ദ്യത്തിന് ആക്കം കൂട്ടുമെന്നാണ് ആശങ്ക. ചൈനയുമായി ചർച്ച നടത്തുമെന്ന് ട്രംപ് പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനുമായും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായും ട്രംപ് ചർച്ചകൾ നടത്തി.
കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യ, ആസ്‌ട്രേലിയ, ചിലി, ഈജിപ്ത്, സ്‌പെയ്ൻ, റുവാണ്ട എന്നിങ്ങനെ ആറു രാജ്യങ്ങൾ അതിഥികളാണ്.