കൊച്ചി : എക്കാലവും പാർട്ടി നിലപാടിനൊപ്പം നിന്ന് ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതാണ് എം.എം. ലോറൻസിന്റെ ത്യാഗനിർഭരമായ ജീവിതത്തെ വേറിട്ടു നിറുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നയവ്യതിയാനം നേരിട്ട സമയത്ത് പാർട്ടിയെ ആശയപരമായും നയപരമായും മുന്നോട്ട് നയിക്കാൻ ലോറൻസ് മുൻപന്തിയിൽ നിന്നു. പാർട്ടി നിലപാടിന്റെ മേൽ തന്റെ നിലപാടാണ് ശരിയെന്ന് പറഞ്ഞിട്ടില്ല. കേന്ദ്ര കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയപ്പോൾ ഏരിയാ കമ്മിറ്റിയിൽ പ്രവർത്തിക്കാൻ മടികാട്ടിയിട്ടില്ല. കൃത്യമായ അച്ചടക്കത്തോടെ ജനങ്ങൾക്കൊപ്പം അദ്ദേഹം നിന്നു.
കൊച്ചി പൗരാവലിയുടെ നേതൃത്വത്തിൽ എം.എം. ലോറൻസിന് നൽകിയ നവതി ആദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിസ്വാർത്ഥമായ, ത്യാഗപൂർണമായ പ്രവർത്തനത്തിന് പ്രതിഫലമായി ഒന്നും ആഗ്രഹിക്കുന്നില്ലെങ്കിലും എന്തെങ്കിലും പ്രത്യുപകാരമായി നൽകണമെന്ന നാടിന്റെ ചിന്തയാണ് അദ്ദേഹത്തിന് നൽകുന്ന ആദരം.
1946 ൽ രാഷ്ട്രീയത്തിൽ ഇറങ്ങുകയെന്നതിനർത്ഥം ത്യാഗം സഹിക്കുക എന്നതായിരുന്നു. യുക്തിവാദിയായിരുന്ന പിതാവ് മാത്യുവിന്റെയും സഹോദരൻ എബ്രഹാം മാടമാക്കലിന്റെയും സ്വാധീനമാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിച്ചത്. ചെറുപ്പത്തിലെ ഉണ്ടായിരുന്ന മനുഷ്യസ്നേഹവും എവിടെ നിൽക്കണമെന്ന തിരിച്ചറിവു നൽകി. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ 16 മാസവും അടിയന്തരാവസ്ഥക്കാലത്ത് 17 മാസവും ജയിലിൽ കഴിഞ്ഞു. ഇതെല്ലാം പുതുതലമുറയിലെ കമ്യൂണിസ്റ്റുകാർക്ക് പ്രചോദനമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ. എം.കെ. സാനു അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, എം.പിമാരായ ബിനോയ് വിശ്വം, ഹെെബി ഈഡൻ, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭൻ, ടി.എ. അഹമ്മദ് കബീർ, മേയർ സൗമിനി ജയിൻ, പി. രാജീവ്, സി.എൻ. മോഹനൻ, അഡ്വ. തമ്പാൻ തോമസ്, കെ.എ. അലി അക്ബർ എന്നിവർ പ്രസംഗിച്ചു. എം.എം. ലോറൻസ് മറുപടി പ്രസംഗം നടത്തി.