റാഞ്ചി: അന്തരവനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിക്ക് നാട്ടുകൂട്ടത്തിന്റെ ക്രൂരശിക്ഷ. ജാർഖണ്ഡിലെ കോഡെർമ ജില്ലയിലാണ് സംഭവം നടക്കുന്നത്. ആരോപണ വിധേയയായ സ്ത്രീയെ വിവസ്ത്രയാക്കി മുടി മുറിച്ച് കളഞ്ഞാണ് ശിക്ഷ നടപ്പാക്കിയത്. ഗ്രാമത്തിലെ നാട്ടുകൂട്ടത്തിന്റെ തീരുമാന പ്രകാരമാണ് ശിക്ഷാ വിധി. ഭർത്താവില്ലാത്ത സമയത്ത് അനന്തരവനുമായി അവിഹിത ബന്ധം പുലർത്തിയെന്നാണ് യുവതിക്കെതിരെയുള്ള ആരോപണം. എന്നാൽ അനന്തരവൻ യുവതിയുടെ മേൽ കുറ്റം ചാർത്തി രക്ഷപ്പെടുകയാണ് ചെയ്തത്.
അനന്തരവന്റെ പീഡനത്തെ തുടർന്ന് പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. തന്നെ ബ്ലാക്ക് മെയിൽ ചെയ്ത് 22 കാരനായ അനന്തരവൻ ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. എന്നാൽ നാട്ടുകൂട്ടം വിവരമറിഞ്ഞപ്പോൾ യുവാവ് യുവതിയുടെ മേൽ കുറ്റം ചാർത്തുകയായിരുന്നു. തുടർന്ന് സംഭവത്തിൽ യുവാവിനെയടക്കം 11 പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ ആരെയും അറസ്റ്റ് ചെയ്തില്ലെന്നും പൊലീസ് അറിയിച്ചു.